ഇരിങ്ങാലക്കുടയിലെ മാംസ വില്‍പ്പന നിരോധനം ഭരണകക്ഷിയംഗങ്ങള്‍ക്കിടയില്‍ ഭിന്നത

693
Advertisement

ഇരിങ്ങാലക്കുട : നഗരത്തിലെ മാംസ വില്‍പ്പന നിരോധനം ഭരണകക്ഷിയംഗങ്ങള്‍ക്കിടയില്‍ ഭിന്നത. വിവിധ ടെണ്ടറുകള്‍ അംഗീകരിക്കുന്നതിന് വ്യാഴാഴ്ച വിളിച്ചു ചേര്‍ത്ത അടിയന്തര മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഭരണകക്ഷിയംഗങ്ങള്‍ തമ്മിലുള്ള ഭിന്നത പുറത്തു വന്നത്. നഗരത്തിലെ മാംസ വില്‍പ്പനശാലകള്‍ തുറക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യോഗാരംഭത്തില്‍ എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി. വി. ശിവകുമാര്‍ രംഗത്തു വന്നതിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് ഭരണകക്ഷിയംഗം കൂടിയായ ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി. എ. അബ്ദുള്‍ ബഷീര്‍ ഭരണ നേത്യത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്തു വന്നത്. കഴിഞ്ഞ കൗണ്‍സിയല്‍ യോഗത്തില്‍ അനതിക്യത മാംസ വ്യാപാരത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം അംഗീകരിച്ചിരുന്നു. എന്നാല്‍ കൗണ്‍സില്‍ യോഗത്തിനു ശേഷം മാര്‍ക്കറ്റിലെ മാംസ വ്യാപാരികളുമായി നടത്തിയ ചര്‍ച്ച തന്നെ അറിയിക്കാതെയായിരുന്നുവെന്ന് പി. എ. അബ്ദുള്‍ ബഷീര്‍ ആരോപിച്ചു. താന്‍ മാപ്രാണം ഭാഗത്തുള്ള മാംസ വ്യാപാരികള്‍ പറഞ്ഞപ്പോള്‍ മാത്രമാണ് ചര്‍ച്ചയെ കുറിച്ച് അറിയുന്നത്. മാംസ വ്യാപാരം എത്രയും വേഗം പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പി. എ. അബ്ദുള്‍ ബഷീര്‍ ആവശ്യപ്പെട്ടു. ഭരണകക്ഷിയായ കോണ്‍ഗ്രസ്സിലെ ഐ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന പി. എ അബ്ദുള്‍ ബഷീറിനെ പിന്‍തുണച്ച് ഐ. വിഭാഗത്തിലെ കെ. കെ. അബ്ദുള്ളക്കുട്ടിയും രംഗത്തെത്തി. അതാത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റികളുടെ അധികാര പരിധിയില്‍ മറ്റുള്ളവര്‍ കൈ കടത്തരുതെന്ന് കെ. കെ. അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്മാരെ പങ്കെടുപ്പിക്കേണ്ടതായിരുന്നുവെന്ന് എല്‍. ഡി. എഫ്. അംഗങ്ങളായ പി. വി. ശിവകുമാറും, സി. സി. ഷിബിനും ആവശ്യപ്പെട്ടു. എന്നാല്‍ ഉത്തരവാദിതത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അത് നിര്‍വ്വഹിക്കാന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ്സിലെ എ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം. ആര്‍. ഷാജു പറഞ്ഞത്, പി. എ. അബ്ദുള്‍ ബഷീനുള്ള മറുപടിയായിരുന്നു. മാംസ വ്യാപരം പുനസ്ഥാപിക്കുന്നതിന് എടുത്ത നടപടി വിശദീകരിക്കണമെന്ന് എല്‍. ഡി. എഫ്. അംഗങ്ങള്‍ കടുത്ത നിലപാട് സ്വീകരിച്ചത് ബി. ജെ. പി. അംഗം സന്തോഷ് ബോബനുമായുള്ള തര്‍ക്കത്തിനും വഴിവച്ചു. അറവുശാല പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണന്നും ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു യോഗത്തെ അറിയിച്ചു. ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ഡീറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട്് ശുചിത്വ മിഷനു സമര്‍പ്പിച്ചുണ്ടെന്നും അനുമതി ലഭിക്കുന്നതോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ചൂണ്ടിക്കാട്ടിയ ചെയര്‍പേഴ്‌സണ്‍ സ്റ്റാന്‍ഡിങ്ങ് കമ്മറ്റികള്‍ തങ്ങളുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കണമെന്നും ആവശ്യപ്പെട്ടു.

Advertisement