ഇരിങ്ങാലക്കുട: അനാമോര്‍ഫിക് ആര്‍ട്ടിലെ വ്യത്യസ്തമായ കോണിക്കല്‍ മിറര്‍ ആര്‍ട്ട്, റിഫ്ളക്ഷന്‍ ഇന്‍ സ്റ്റീല്‍ ബോള്‍, സിലിണ്ടര്‍ ആര്‍ട്ട് എന്നീ മൂന്ന് ശാഖകളിലും പെയിന്റിങ് നിര്‍വ്വഹിച്ച ഒരേയൊരു ഏഷ്യക്കാരനായ വിന്‍സന്റ് പല്ലിശ്ശേരിക്ക് യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ യു.ആര്‍.എഫ്. ഏഷ്യന്‍ റെക്കോര്‍ഡ്. യു.ആര്‍.എഫ്. ഒഫീഷ്യല്‍ ജൂറി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡര്‍ ഗിന്നസ് സത്താര്‍ ആദൂര്‍ ആണ് ഫലപ്രഖ്യാപനം നടത്തിയത്. പ്രശസ്ത സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വിന്‍സന്റിന് സമ്മാനിച്ചു.
കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിലെ ആര്‍.സി.സി.ഓഡിറ്റോറിയത്തില്‍ റെക്കോര്‍ഡ് അറ്റംപ്റ്റിന്റെ ഭാഗമായൊരുക്കിയ ചിത്ര പ്രദര്‍ശനത്തില്‍ കോണിക്കല്‍ മിറര്‍ ആര്‍ട്ടില്‍ കേരളത്തെ പ്രതിനിധീകരിച്ച് ചാവറ അച്ചനും, സിലിണ്ടര്‍ ആര്‍ട്ടില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മഹാത്മ ഗാന്ധിയും, സ്റ്റീല്‍ ബോളില്‍ ലോകത്തെ പ്രതിനിധീകരിച്ച് ലയണല്‍ മെസിയും പ്രതിബിംബ പ്രതലത്തില്‍ തെളിയുന്ന രീതിയിലുള്ള ചിത്രങ്ങളാണ് വിന്‍സന്റ് പല്ലിശ്ശേരി ഒരുക്കിയിരുന്നത്. ചടങ്ങില്‍ രാജഗിരി പബ്ലിക് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ വര്‍ഗീസ് കാച്ചപ്പിള്ളി സി.എം.ഐ., പറപ്പൂക്കര ഫൊറോന പള്ളി വികാരി ഫാദര്‍ ജോണ്‍ കവലക്കാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു. രാജഗിരി പബ്ലിക് സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ വിന്‍സന്റ് പല്ലിശ്ശേരി തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട നെടുമ്പാള്‍ സ്വദേശിയാണ്.