ഇരിങ്ങാലക്കുടയുടെ മനസാക്ഷിയ്ക്കു നേരെ

708
Advertisement

ഇരിങ്ങാലക്കുട: ഒരു മരണം നോക്കി നിന്ന സമൂഹമനസാക്ഷിയെ എങ്ങനെ വിലയിരുത്തണം എന്ന ചോദ്യത്തില്‍ ഉടക്കി നില്‍ക്കുകയാണ് ഇരിങ്ങാലക്കുട. ഇരിങ്ങാലക്കുട നഗരമധ്യത്തില്‍ 28-ാം തിയ്യതി ഞായറാഴ്ച വൈകീട്ട് 6 മണിയോടടുത്ത്‌ സുജിത്ത്(26) എന്ന യുവാവ് ആക്രമിക്കപ്പെടുമ്പോള്‍ ഒരു നഗരം മുഴുവന്‍ മൂകസാക്ഷിയായിരുന്നു. അവരെ മൂകരാക്കിയത് ആക്രമണം നേരിട്ട് കണ്ടതിന്റെ മരവിപ്പാണോ? അതോ സ്വന്തം ജീവനെയും ജീവിതത്തെയും ഓര്‍ത്തുള്ള ഭയമായിരുന്നോ? ഇരുവശങ്ങളിലും നിന്ന് തങ്ങളുടെ മറുപടി പറഞ്ഞ് ഒരു നഗരമാകെ വഴിമാറിയപ്പോള്‍ വഴിയില്‍ അനാഥമായിപ്പോയത് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളായിരുന്നു. എപ്പോഴും പോലീസ് ഡ്യൂട്ടിയിലുണ്ടാകുന്ന ഇരിങ്ങാലക്കുട ബസ്സ്‌സ്റ്റാന്റിനു തൊട്ടു മുന്‍ വശത്താണ് ഇങ്ങനെയൊരാക്രമണം നടത്തി പ്രതി രക്ഷപ്പെട്ടത്. സാക്ഷി പറയാന്‍ ആരും തയ്യാറാകാതിരുന്നപ്പോഴും സാക്ഷിയായിരുന്ന സമീപ സ്ഥാപനങ്ങളിലെ ക്യാമറയും കണ്ണടച്ചു എന്നു വിശ്വസിക്കേണ്ടി വരുന്നത് നീതിയുക്തമാണോ? ഇന്ന് നിശബ്ദരായവരേ….. നിങ്ങള്‍ക്കുമില്ലേ അമ്മയും പെങ്ങളും മകളുമൊക്കെ?? അവര്‍ക്കു വേണ്ടി നിങ്ങളായിരുന്നു സുജിത്തിന്റെ സ്ഥാനത്തെങ്കില്‍…….. ഇന്ന് നിങ്ങളുടെ വീട്ടുകാരുടെ കണ്ണുകളിലേക്കൊന്നു നോക്കി നോക്കൂ…. ഉത്തരങ്ങളും ന്യായങ്ങളും എളുപ്പമല്ല എന്ന ബോധ്യമുണ്ട്. എങ്കിലും ഈ പാത നല്ലതല്ല. അന്ന് വായടച്ച, കണ്ണടച്ച കാഴ്ചയുടെ ഇന്നത്തെ പ്രതിഷേധവുമായി നിരത്ത് നിറയ്ക്കുമ്പോള്‍ തിരിച്ചു കിട്ടാത്ത ഒരു ജീവന്‍ പ്രതീക്ഷകളെറിഞ്ഞുടഞ്ഞ ഒരു കുടുംബത്തിന്റെ നഷ്ടം തന്നെയായി നിലനില്‍ക്കുകയാണ് എന്നത് വിസ്മരിക്കാനാവില്ല. ഇതൊക്കെ മാത്രമോ??? വര്‍ദ്ധിച്ചു വരുന്ന കഞ്ചാവു കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് ഇരിങ്ങാലക്കുടയുടെ സ്വന്തം യുവതലമുറയുടെ നേര്‍ക്കാഴ്ചയാകുമ്പോള്‍ ഇരിങ്ങാലക്കുടയുടെ ഭാവി എങ്ങോട്ടാണ്? ഉത്സവപ്പറമ്പില്‍നിന്നും കണ്ടെടുത്ത ബോംബും മാരകായുധങ്ങളും സ്വന്തം നാട്ടുകാര്‍ക്ക് നേരെ നീട്ടിയ യുവതയുടെ സമ്മാനമായി മാറുമ്പോള്‍ നാം അടിവേരിളക്കിയുള്ള വികസനം എവിടെ നിന്നു തുടങ്ങണം? കുട്ടികള്‍ക്കു നേരെയുള്ള ഭീഷണികള്‍, സ്ത്രീകള്‍ക്കു നേരെയുള്ള പ്രശ്‌നങ്ങള്‍, വീടു കയറിയുള്ള ആക്രമണങ്ങള്‍ തുടങ്ങിയ പരമ്പരകള്‍ പ്രത്യക്ഷമായും പരോക്ഷമായും കൂടിക്കൊണ്ടിരിക്കുമ്പോള്‍ ഇനിയും കണ്ണടയ്ക്കുന്നത് ബുദ്ധിയാണോ? ഇരിങ്ങാലക്കുടയുടെ മനസാക്ഷിയ്ക്കു നേരെ നിയമത്തിന്റെയും മാനവ വികസനത്തിന്റെയും പുതുമാതൃക തുറക്കേണ്ടിയിരിക്കുന്നു. ഈ യാത്ര നല്ലതിലേക്കല്ല….. ഇവിടെ നിന്ന് നമ്മുടെ നാടിനെ തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ അധികാര നേതൃത്വം ഏറ്റെടുക്കണം. അനുദിനം പലയിടങ്ങളിലായി പൊട്ടി പാഴായിപ്പോകുന്ന പൈപ്പിലെ കുടിവെള്ളം പോലെ പാഴായിപ്പോകേണ്ടതല്ല ഇരിങ്ങാലക്കുടയുടെ ഭാവിയും വരദാനങ്ങളുടെ സമ്പത്തും. അതിലേക്കായൊരു മുന്നേറ്റച്ചുവട് ഇവിടെ, ഇന്ന്, ഇപ്പോള്‍ത്തന്നെ തുടങ്ങേണ്ടിയിരിക്കുന്നു.

 

Advertisement