പുതിയ റവന്യൂ ഡിവിഷന്‍ – സ്വാഗതമേകി ഇരിങ്ങാലക്കുട – ഇനി ഫയലുകള്‍ക്ക് വേഗതയേറും

913

ഇരിങ്ങാലക്കുട ; ജില്ലയിലനുവദിച്ച രണ്ടാമത്തെ റവന്യൂ ഡിവിഷന്‍ ഇരിങ്ങാലക്കുടയിലെന്ന മന്ത്രിസഭാതീരുമാനം ഇരിങ്ങാലക്കുട ആഹ്ലാദപൂര്‍വ്വം വരവേറ്റേത്. കഴിഞ്ഞ ബജറ്റിലാണ് തൃശൂരില്‍ രണ്ടാമതൊരു റവന്യു ഡിവിഷന്‍ രൂപീകരിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. മുകുന്ദപുരം,കൊടുങ്ങല്ലൂര്‍,ചാലക്കുടി താലൂക്കുകള്‍ ചേര്‍ത്ത് ഇരിങ്ങാലക്കുടയിലാണ് റവന്യൂ ഡിവിഷന്‍ രൂപീകരിക്കപ്പെടുക എന്നാണ് പ്രഖ്യാപനം മുതല്‍തന്നെ പൊതുവേ വിലയിരുത്തപ്പട്ടിരുന്നത്.വിവിധ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഒരേപോലെ എത്തിച്ചേരാന്‍ സൗകര്യപ്രദമായ സ്ഥലം ഇരിങ്ങാലക്കുടയായതിനാലാണിത്.ജില്ലാ റൂറല്‍ ട്രഷറി,ജനറല്‍ ആശുപത്രി,ഫാമിലി കോടതി,മോട്ടാര്‍ ആക്സിഡന്റ് ട്രബ്യൂണല്‍,അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടിനുകീഴിലുള്ള പോലീസ് സംവിധാനങ്ങള്‍,ജില്ലാ റൂറല്‍ വനിതാപോലീസ് സേന, മേഖലാ ലോട്ടറി ഓഫീസ് തുടങ്ങി നിരവധി ഉന്നത ഓഫീസുകള്‍ ഇരിങ്ങാലക്കുടയിലുണ്ടെന്നതിനാല്‍ റവന്യു ഡിവിഷനും ഇരിങ്ങാലക്കുടയില്‍ തന്നെ പ്രതീക്ഷിക്കപ്പെട്ടിരുന്നു.എന്നാല്‍ ഇടക്കാലത്ത് ചാലക്കുടിയുടെ പേരും പരിഗണിക്കപ്പെടുന്നുവെന്നറിവായതുമുതല്‍ ആശങ്കയായി.എന്നാല്‍ ആശങ്കകളെല്ലാം അസ്ഥാനത്താക്കി റവന്യൂ ഡിവിഷന്‍ ഇരിങ്ങാലക്കുടയിലെന്ന സര്‍ക്കാര്‍ തീരുമാനം ഏറ്റവും ഉചിതമെന്ന് വിലയിരുത്തപ്പെടുന്നു.കുന്ദംകുളം താലൂക്ക് രൂപീകരണത്തിനു പിന്നാലെയുണ്ടായ ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ രൂപീകരണം സമീപകാല റവന്യുചരിത്രത്തില്‍ നാഴികക്കല്ലാകുമെന്നെന്നാണ് പൊതുജനാഭിപ്രായം.ഇരിങ്ങാലക്കുട ആസ്ഥാനമായി റവന്യു ഡിവിഷന്‍ രൂപീകരിക്കപ്പെടുന്നതോടെ മുകുന്ദപുരം,കൊടുങ്ങല്ലൂര്‍,ചാലക്കുടി താലൂക്ക് പരിധിയിലെ റവന്യുഫയലുകള്‍ ഇരിങ്ങാലക്കുട ഓഫീസിന് കൈമാറും.ജോലി ഭാരത്താല്‍ വീര്‍പ്പുമുട്ടുന്ന തൃശൂര്‍ ആര്‍.ഡി.ഒ ഓഫീസിന് ഇത് ആശ്വാസം പകരും.അതോടൊപ്പം കെട്ടിക്കിടക്കുന്ന ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന നിരവധി ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കപ്പെടുമെന്ന് കരുതപ്പെടുന്നു.ഡെപ്പ്യൂട്ടി കളക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ആര്‍.ഡി.ഒ ആയി നിയമിക്കപ്പെടും.സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ അധികാരങ്ങളും ആര്‍.ഡി.ഒ യ്ക്കുണ്ട്.ആര്‍.ഡി.ഒ യക്കുപുറമേ 24 തസ്തികകളും ഈ ഓഫീസിനായി സൃഷ്ടിക്കും.മറ്റ് റവന്യു ഡിവിഷണല്‍ ഓഫീസുകളില്‍ നിന്നും വ്യത്യസ്തമായി രണ്ട് ജൂനിയര്‍ സൂപ്രണ്ടുമാരുടെ തസ്തികകള്‍ ഈ ഓഫീസിലുണ്ടാകുമെന്നറിയുന്നു.വേഗതയാര്‍ന്ന പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്നതിനായാണ് ഈ മാറ്റം റവന്യുമന്ത്രി നിര്‍ദ്ദേശിച്ചത്.സബ് ഡിവിഷണല്‍ മജിസ്ട്രേറ്റായതിനാല്‍ ക്രിമിനല്‍ ജസ്റ്റീസ് അപേക്ഷകളില്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് തീര്‍പ്പുകല്‍പ്പിക്കാനാകും.അതിര്‍ത്തി തര്‍ക്കം,പൊതുവഴി തടസ്സപ്പെടുത്തല്‍, കെട്ടിടങ്ങള്‍,വൃക്ഷങ്ങള്‍ എന്നിവ മുഖേന ജീവനോ സ്വത്തിനോ ഭീഷണി നേരിടല്‍, വെള്ളമെടുക്കുന്നതിന് തടസ്സമുണ്ടാക്കല്‍ മുതലായവയിലെ സങ്കീര്‍ണ്ണമായ കേസുകളില്‍ ആര്‍.ഡി.ഒ തീരുമാനമെടുക്കും.പരിഹരിക്കപ്പെടാത്ത കേസുകളില്‍ ബലപ്രയോഗത്തിലൂടെ തീരുമാനം നടപ്പിലാക്കാന്‍ ആര്‍.ഡി.ഒ ക്ക് സാധിക്കും.മറ്റു ഭൂമിയില്ലാത്തവര്‍ക്ക് നിലമായിട്ടുള്ള സ്ഥലത്ത് വീടുവെക്കാന്‍ അനുമതി നല്‍കുന്ന ജില്ലാ അധികൃത സമിതി ചെയര്‍മാനും ആര്‍.ഡി.ഒ യാണ്.ഇത്തരം അപേക്ഷകളിലെ കാലതാമസം കുറക്കാന്‍ പുതിയ ഡിവിഷന്‍ രൂപീകരണത്തിലൂടെ സാധിക്കും.ഭൂവിനിയോഗനിയമം ( കെ.എല്‍.യു ) ഉത്തരവിലൂടെ റവന്യൂരേഖകളിലെ നിലമായ പ്രദേശങ്ങള്‍ 2008 നു മുന്‍പ് നികത്തപ്പെട്ടതാണെങ്കില്‍ ക്രമീകരണ ഉത്തരവ് ലഭിക്കാനായി അപേക്ഷ സമര്‍പ്പിക്കേണ്ടതും ആര്‍.ഡി.ഒ മുമ്പാകെയാണ്.റവന്യു കെട്ടിട നകുതിയുടെയും ആഡംബര നികുതിയുടെയും നിര്‍ണ്ണയത്തിലെ അപ്പീല്‍ പരിശോധിക്കുന്നത് ആര്‍.ഡി.ഒ യാണ്. പൊതുനിരത്തുകളിലും വഴികളിലുമുള്ള അനധികൃത പ്രവേശങ്ങള്‍ മറ്റ് ഏജന്‍സുയുണ്ടോയെന്ന് നോക്കാതെതന്നെ ഒഴിപ്പിച്ചെടുക്കാന്‍ നടപടി സ്വീകരിക്കാന്‍ ആര്‍.ഡി.ഒ വിന് അധികാരമുണ്ട്.
ഭൂവുടമകള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പ്രതിഫലം കൂടാതെ സര്‍ക്കാരിന്റെ പേര്‍ക്ക് വിട്ടൊഴിയുന്ന ( ലാന്റ് റിലിങ്ക്വിഷ്മെന്റ് ) ഭൂമി സര്‍ക്കാരിന്റെ പേരില്‍ പുറമ്പോക്കാക്കികൊണ്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് ആര്‍.ഡി.ഒ യാണ്.ഭൂമി വിട്ടൊഴിയല്‍ നടപടിക്രമങ്ങള്‍ യഥാസമയം പൂര്‍ത്തീകരിക്കാനാകാത്തത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡുനിര്‍മ്മാണമുള്‍പ്പടെയുള്ള നിരവധി വികസനപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന സ്ഥിതിയുണ്ട്.പുതിയ റവന്യു ഡിവിഷന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പകരുമെന്ന് കരുതപ്പെടുന്നു.
വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെയും അനന്തരാവകാശികള്‍ക്കെതിരെയും നടപടിയെടുക്കാന്‍ അധികാരമുള്ള ട്രൈബ്യുണല്‍ അദ്ധ്യക്ഷന്‍ റവന്യു ഡിവിഷണല്‍ ഓഫീസറാണ്.അവശതയനുഭവിക്കുന്ന വൃദ്ധ ജനങ്ങള്‍ക്ക് സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും നീതിലഭിക്കുന്നില്ലെന്ന പരാതികള്‍ ജില്ലയിലേറെയുണ്ട്.കേസുകളുടെ ബാഹുല്ല്യം ചിലപ്പോഴെങ്കിലും നീതി വൈകിപ്പിക്കുന്ന സാഹചര്യമുണ്ടായിരുന്നു.വൃദ്ധ ജനങ്ങളുടെ പരാതി പരിഹാരം വേഗത്തിലാക്കാന്‍ പുതിയ ട്രൈബ്യൂണലിലൂടെ സാധിക്കും.ജനനമരണങ്ങള്‍ യഥാസമയം രജിസ്റ്റര്‍ ചെയ്യുന്നത് വിട്ടുപോയതായി പരാതിയുണ്ടെങ്കില്‍ ആയതിനു നിവൃത്തിതേടി സമീപിക്കേണ്ടതും റവന്യു ഡിവിഷണല്‍ ആഫീസറെയാണ്.അനധികൃതഭൂമി പരിവര്‍ത്തനത്തിനെതിരെ നടപടികള്‍ സ്വീകരിക്കുന്നത് ആര്‍.ഡി.ഒ യാണ്.അനധികൃത നിലം നികത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ പുതിയ ഓഫീസിന് സാധിക്കും.ഭൂമിയുടെ ന്യായവില സംബന്ധമായ പരാതികള്‍ പരിഹരിക്കേണ്ടതിനായി തൃശൂര്‍ ആര്‍ ഡി ഒ യെ സമീപിക്കേണ്ട് ബൂദ്ധിമുട്ടുകളും ഇനി പഴങ്കഥയാകും.ജനജീവിതത്തെ ഇത്രമേല്‍ ആഴത്തില്‍ സ്പര്‍ശിക്കുന്ന സര്‍ക്കാര്‍ ഓഫീസ് വേറെയില്ലെന്നതിനാല്‍ ഇരിങ്ങാലക്കുട ആര്‍ ഡി ഒ ഓഫീസ് രൂപീകരണം സമാനതകളില്ലാത്ത സര്‍ക്കാര്‍ തീരുമാനമായാണ് വിലയിരുത്തപ്പെടുന്നത്.

Related News ഇരിങ്ങാലക്കുട ആസ്ഥാനമായി റവന്യൂ ഡിവിഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനം.

Advertisement