ഇരിങ്ങാലക്കുട : അമ്മന്നൂര്‍ ഗുരുകുലത്തിന്റെ നേതൃത്വത്തില്‍ മാധവനാട്യഭൂമിയില്‍ നടക്കുന്ന കൂടിയാട്ടമഹോത്സവത്തില്‍ വ്യാഴാഴ്ച കംസജനനം നങ്ങ്യാര്‍ കൂത്ത് അരങ്ങേറി. തുമോയെ താരാ ഇറീനോയാണ് നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചത്. മഥുരയിലെ രാജാവായ ഉഗ്രസേനന്‍ കാട്ടിലേക്ക് നായാട്ടിന് പോയ സമയത്ത് പത്നി ശൗരസേനി തോഴിമാരോടൊപ്പം യമുനം പര്‍വ്വത സരസില്‍ സ്നാനത്തിന് പുറപ്പെടുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. ഈരംഗത്ത് ജലക്രീഡയും തുടര്‍ന്ന് ശൗരസേനിയെ അലങ്കരിപ്പിക്കുന്നതും വിസ്തരിച്ച് അഭിനയിക്കുന്നു. കുളത്തിനടുത്ത് മറ്റൊരു പാറയില്‍ മദ്യപിച്ച് ചൂതുകളിച്ച് ഉല്ലസിക്കുന്ന ദ്രമിളന്‍ എന്ന അസുരന്‍ ശൗരസേനിയെ കണ്ട് കാമപരവശനാകുന്നു. മായാമന്ത്രം ഉപയോഗിച്ച് ഉഗ്രസേനരൂപത്തില്‍ വന്ന് ശൗരസേനിയെ പ്രാപിക്കുന്നു. തുടര്‍ന്ന് യാഥാര്‍ത്ഥ്യമറിഞ്ഞ ശൗരസേനി ഉഗ്രസേനനെ വിവരമറിയിക്കുകയും പ്രസവിച്ച ഉടനെ ബലവാനായ കംസനെ മന്ത്രിമാരുടെ ഉപദേശപ്രകാരം കാട്ടില്‍ കൊണ്ടുപോയി ഉപേക്ഷിക്കുന്നതുമാണ് കഥാസാരം. ചൊവ്വാഴ്ച രാത്രിഊരുഭംഗം കൂടിയാട്ടം അരങ്ങേറി. ബാലരാമനായി പൊതിയില്‍ രഞ്ജിത്ത് ചാക്യാരും ദുര്യോധനനായി സൂരജ് നമ്പ്യാരും ഗാന്ധാരിയായി കപിലവേണുവും അശ്വത്ഥാമാവായി അമ്മന്നൂര്‍ രജനീഷ് ചാക്യാരും രംഗത്തെത്തി. കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന്‍, കലാമണ്ഡലം നാരായണന്‍ നമ്പ്യാര്‍ എന്നിവര്‍ മിഴാവും കലാനിലയം ഉണ്ണികൃഷ്ണന്‍ ഇടയ്ക്കയുംകൈകാര്യം ചെയ്തു. ഭാസന്‍ രചിച്ച ഊരുഭംഗം കൂടിയാട്ടത്തില്‍ സംവിധാനം ചെയ്തത് വേണുജിയാണ്.
കൂടിയാട്ടമഹോത്സവത്തില്‍ കംസജനനം നങ്ങ്യാര്‍ കൂത്ത് അരങ്ങേറി.
Advertisement