സാമൂഹ്യ പ്രതിബദ്ധതയുള്ള ആത്മീയതയാണ് സഭയ്ക്ക് ഇന്നാവശ്യം : മാര്‍ പോളി കണ്ണൂക്കാടന്‍

510

ഇരിങ്ങാലക്കുട : സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ക്രിയാത്മകമായ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന പ്രതിബദ്ധതയുള്ള ഒരു ആത്മീയതയാണ് ക്രൈസ്തവ സഭയ്ക്ക് ഇന്ന് ആവശ്യമെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. ഹൊസൂര്‍ രൂപതയുടെ പ്രഥമ മെത്രാനായി അഭിഷിക്തനായ ഇരിങ്ങാലക്കുട രൂപതയുടെ മുഖ്യ വികാരി ജനറാളായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പിലിന് ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ തോമാശ്ലീഹായുടെ വിശ്വാസ പാരമ്പര്യവും പൈതൃകവും മിഷന്‍ തീക്ഷണതയും കര്‍മ്മരംഗങ്ങളില്‍ പ്രാവര്‍ത്തികമാക്കാന്‍ ബദ്ധശ്രദ്ധമാകണം ഹൊസൂര്‍ രൂപതയെന്നു മെത്രാന്‍ കൂട്ടിചേര്‍ത്തു. സ്വീകരണത്തോടനുബന്ധിച്ച് രാവിലെ 9.30 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന ദിവ്യബലിയില്‍ രൂപത മെത്രന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, ഹൊസൂര്‍ രൂപത മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍, മൈസൂര്‍ ബിഷപ്പ് എമരിറ്റസ് മാര്‍ തോമസ് വാഴപ്പിള്ളി എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. രൂപതയിലെ നവ അഭിഷിക്തരായ 10 വൈദികരും രൂപത വികാരി ജനറാള്‍മാരും സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പരീഷ് ഹാളില്‍ നടന്ന പൊതു സമ്മേളനം മാര്‍ തോമസ് വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു. രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷനായിരുന്നു. രൂപത വൈദികരുടെ പ്രതിനിധിയായി ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍, സന്യസ്തരുടെ പ്രതിനിധിയായി സിസ്റ്റര്‍ ദീപ്തി ടോം, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ദീപക് ജോസഫ്, വികാരി ജനറാള്‍മാരായ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ആന്റോ തച്ചില്‍, ചാന്‍സലര്‍ നെവിന്‍ ആട്ടോക്കാരന്‍ എന്നിവര്‍ സംസാരിച്ചു. 1983 ഡിസംബര്‍ 14 ന് രൂപം കൊണ്ട ഇരിങ്ങാലക്കുട രൂപതയുടെ മിഷന്‍ കേന്ദ്രമായ ചെന്നൈ മിഷന്‍ ഒക്ടോബര്‍ 10 ന് ഹൊസൂര്‍ എന്ന പേരില്‍ ഔദോഗികമായി രൂപതയായി പ്രഖ്യാപിക്കപ്പെട്ടു. ഹൊസൂര്‍ സീറോ മലബാര്‍ രൂപത സ്ഥാപനവും പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പിലിന്റെ സ്ഥാനാരോഹണവും നൂത്തന്‍ചേരി സെന്റ് ആന്റണീസ് കത്തീഡ്രല്‍ ദൈവാലയത്തില്‍ വച്ച് നവംബര്‍ 22 ന് നടന്നു. മദ്രാസ് – മൈലാപ്പൂര്‍ അതിരൂപത, ചെങ്കല്‍പ്പെട്ട്, പോണ്ടിച്ചേരി, വെല്ലൂര്‍, ധര്‍മ്മപുരി എന്നീ ലത്തീന്‍ രൂപതകളുടെ അതിര്‍ത്തിക്കുള്ളിലാണ് പുതിയ ഹൊസൂര്‍ രൂപതയുടെ പ്രവര്‍ത്തന പരിധി. രൂപതയില്‍ ആകെ 34,500 സീറോ മലബാര്‍ കുടുംബങ്ങളും 22 പള്ളികളും 35 ദിവ്യബലി അര്‍പ്പിക്കുന്ന സെന്ററുകളുമുണ്ട്.

Advertisement