കാറാളം പാടത്ത് പൊന്ന് വിതയ്ക്കാന്‍ രണ്ടാം വര്‍ഷവും തമിഴ്‌സംഘം എത്തി.

792

കാറാളം : ചെമ്മണ്ട കായല്‍ കടുംകൃഷി സഹകരണസംഘത്തിന്റെ കീഴില്‍ വരുന്ന കാറളം പഞ്ചായത്തിലെ 300 ഏക്കറോളം വരുന്ന താമരപ്പാടത്ത് രണ്ടാം വര്‍ഷവും കൃഷി ചെയ്യാന്‍ തമിഴ്സംഘം എത്തി. 12 സ്ത്രീകളും ആറുപുരുഷന്മാരുമെന്ന നിലയില്‍ രണ്ട് സംഘം തമിഴരാണ് ചേറില്‍ പൊന്നുവിളയിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. തമിഴ്നാട് സേലത്തിനടുത്തുള്ള വ്യന്ദാജലത്തു നിന്നാണ് ഇവരെത്തിയിരിക്കുന്നത്. നേരത്തെ ബംഗാളികള്‍ കയ്യടക്കിയ സ്ഥാനമാണ് പ്രവര്‍ത്തിയിലെ കണിശത കൊണ്ടും വേഗത കൊണ്ടും തമിഴ് മക്കള്‍ കീഴടക്കുന്നത്. പാടം പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന തൊടുപുള്ളി സത്യമംഗളനാണ് കൃഷിക്കായി ഇവരെ കൊണ്ടുവന്നത്. മൂന്നുവര്‍ഷത്തോളം ബംഗാളികളെ പരീക്ഷിച്ചെങ്കിലും അവരേക്കാളും നല്ല മികച്ചരീതിയിലാണ് ഇവര്‍ ഞാറുപറിക്കുന്നതും നടുന്നതെന്നും സത്യന്‍ പറഞ്ഞു. മലപ്പുറത്ത് താമസിക്കുന്ന മകളുടെ ബന്ധുക്കളില്‍ നിന്നാണ് ഇവരെ കുറിച്ച് അറിഞ്ഞത്. അവിടെയെല്ലാം തമിഴ്നാട്ടില്‍ നിന്നുള്ളവരാണ് പണിക്കാര്‍ അധികവും. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം 18 പേരെ പണിക്കായി കൊണ്ടുവന്നു. ഇക്കുറി അവരോടൊപ്പം മറ്റൊരു സംഘവും എത്തി. പതിനഞ്ച് ദിവസമായി ഇവരിവിടെയുണ്ടെന്ന് സത്യന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ വിദേശത്തായിരുന്ന സത്യന്‍ നാലഞ്ച് വര്‍ഷമായി നാട്ടില്‍ പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്യുകയാണ്. നാലേക്കറോളം വരുന്ന സ്വന്തം പാടത്തിനോട് ചേര്‍ന്നുളള 16ഓളം ഏക്കര്‍ സ്ഥലത്ത് സത്യന്‍ കൃഷിയിറക്കുന്നുണ്ട്. ഇതിനാവശ്യമായ ഞാറ് പറിക്കുന്നത് തമിഴ്നാട്ടില്‍ നിന്നെത്തിയ പുരുഷന്മാരും നടുന്നത് സ്ത്രീകളുമാണ്. ഞാറുപറിക്കുന്നതിനും നടുന്നതിനൂമായി ഏക്കറിന് 4500 രൂപയ്ക്കാണ് 18 പേരടങ്ങുന്ന സംഘം കരാറെടുത്തിരിക്കുന്നത്. ദിവസവും ചുരുങ്ങിയത് നാലേക്കറോളം ഇവര്‍ പണിയുമെന്ന് സത്യന്‍ വ്യക്തമാക്കി. നാട്ടിലെ പത്ത് സ്ത്രീകള്‍ ഒരു ദിവസം പണിയുന്നത് ഇതിലെ രണ്ട് സ്ത്രീകള്‍ ചെയ്യുമെന്ന് സത്യന്‍ പറഞ്ഞു. വളരെ വേഗത്തിലാണ് തമിഴന്മാര്‍ ഞാറുപറിക്കുന്നത്. വെയിലിന്റെ കാഠിന്യമൊന്നും അവരെ ക്ഷീണിതരാക്കുന്നില്ല. രാവിലെ കഞ്ഞിയും ഉച്ചക്ക് ഭക്ഷണവും വൈകീട്ട് ചായയും കൃഷി സ്ഥലത്തുനിന്നും ലഭിക്കുമെന്ന് കൃഷിക്കാരിലൊരാളായ അയ്യാര്‍ പറഞ്ഞു. രാത്രി ഭക്ഷണവും താമസവും മാത്രമാണ് ചിലവുവരുന്നത്. തമിഴ്നാട്ടില്‍ ജോലി കുറഞ്ഞതാണ് കേരളത്തിലേക്ക് വരാന്‍ കാരണം. അവിടെ നെല്ല്, കരിമ്പ് തുടങ്ങി എല്ലാ പണിക്കും പോയിരുന്നു. പാടത്തെ പണി കഴിഞ്ഞാലും തിരിച്ചുപോകണമെന്ന് ഇവര്‍ക്കില്ല. ഇവിടെ മറ്റേത് പണി കിട്ടിയാലും ചെയ്യാന്‍ തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement