ജില്ലാ പഞ്ചായത്ത് ഷീ ലോഡ്ജ് ആരംഭിക്കാനുദ്ദേശിക്കുന്ന സ്ഥലം ബസ് സ്റ്റാന്റ് വികസനത്തിന് വിട്ട്‌നല്‍കണമെന്ന് നഗരസഭ

631

ഇരിങ്ങാലക്കുട : ജില്ലാ പഞ്ചായത്ത് ഷീ ലോഡ്ജ് ആരംഭിക്കാനുദ്ദേശിക്കുന്ന സ്ഥലം നഗരസഭക്ക് വിട്ടു നല്‍കണമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ബസ് സ്റ്റാന്റിന് കിഴക്കേവശത്തുള്ള ജില്ലാ പഞ്ചായത്തിന്റെ കൈവശമുള്ള വനിതാ വ്യാവസായ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ഷീ ലോഡ്ജ് ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്് മേരി തോമസ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇരിങ്ങാലക്കുട നഗരസഭയുടെ ബസ്സ് സ്റ്റാന്‍ഡ് വികസനത്തിനു ഈ സ്ഥലം മാത്രമാണ് ഉള്ളതെന്നും, ഷീ ലോഡ്ജ് ആരംഭിക്കുന്നതിന് അനുയോജ്യമായ മറ്റൊരു സ്ഥലം നഗരസഭ വിട്ടു നല്‍കാമെന്നും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നുണ്ട്. ഈ സ്ഥലം വിട്ടു കിട്ടിയാല്‍ മാത്രമെ ബസ്സ് സ്റ്റാന്‍ഡ് വികസനം സാധ്യമാകുവെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ചൂണ്ടിക്കാട്ടി. ഇതിനോട് ബി. ജെ. പി. അംഗങ്ങളും യോജിച്ചു. എന്നാല്‍ എല്‍. ഡി. എഫ് അംഗങ്ങള്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചതിനാല്‍ എല്‍. ഡി. എഫ്. അംഗങ്ങളുടെ അസാന്നിധ്യത്തിലായിരുന്നു പ്രമേയം പാസ്സാക്കിയത്.എന്നാല്‍ കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്കുമായി ഇരിങ്ങാലക്കുട എം എല്‍ എ കെ യു അരുണനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാറും നടത്തിയ ചര്‍ച്ചയില്‍ ഇരിങ്ങാലക്കുടയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഷീ ലോഡ്ജിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.പത്ത് കോടി ചിലവില്‍ മൂന്നുനിലകളിലായി നിര്‍മ്മിക്കുന്ന ഈ മാളില്‍ കുടുംബശ്രീ ഹൈപ്പര്‍ മാര്‍ക്കറ്റ്, ഷീ ലോഡ്ജ്, ഫാഷന്‍ ഡിസൈനിങ്ങ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിങ്ങനെയാണ് വിഭാവനം ചെയ്തിരിക്കുന്നത്.

Advertisement