തെരുവ് വിളക്ക് പ്രശ്‌നത്തില്‍ ഭരണകക്ഷിയംഗങ്ങളായ കേരള കോണ്‍ഗ്രസ്സ് എം അംഗങ്ങളും പ്രതിപക്ഷാംഗങ്ങളായ എല്‍. ഡി. എഫും കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു.

674
Advertisement

ഇരിങ്ങാലക്കുട : തെരുവു വിളക്കുകള്‍ കത്തിക്കുവാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം, ഭരണകക്ഷിയംഗങ്ങളായ കേരള കോണ്‍ഗ്രസ്സ് എം അംഗങ്ങളും പ്രതിപക്ഷാംഗങ്ങളായ എല്‍. ഡി. എഫും കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. വ്യാഴാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിന്റെ ആരംഭത്തില്‍ ബി. ജെ. പി. അംഗം രമേഷ് വാര്യരാണ് വിഷയം കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചത്. കുഴിക്കാട്ടുകോണം നമ്പ്യാങ്കാവ് ക്ഷേത്രത്തില്‍ ഉത്സവമായിട്ടും തെരുവു വിളക്കുകള്‍ കത്തിക്കുവാന്‍ നടപടി സ്വീകരിച്ചില്ലെന്നും പൊറത്തിശ്ശേരി മേഖലയെ അവഗണിക്കുകയാന്നും രമേഷ് വാര്യര്‍ കുറ്റപ്പെടുത്തി. നഗരസഭയില്‍ തെരുവു വിളക്കുകള്‍ കത്തിക്കവാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി. വി. ശിവകുമാര്‍ ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത ഭരണമാണ് നടക്കുന്നതെന്ന് ആരോപിച്ചു. കഴിഞ്ഞ പതിനെട്ടാം തിയ്യതി കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ച് തെരുവു വിളക്കുകള്‍ കത്തിക്കുവാന്‍ നടപടി സ്വീകരിക്കുമെന്നും കരാറുകാര്‍ക്കുള്ള ബില്ലുകള്‍ ഉടന്‍ നല്‍കുമെന്നും ചെയര്‍പേഴസണ്‍ അറിയിച്ചിരുന്നു. ചെയര്‍പേഴ്‌സന്‍ നിമ്യ ഷിജു പലവട്ടം നല്‍കിയ വാഗ്ദാനങ്ങള്‍ പാഴ് വാക്കായെന്നും യോഗത്തിനു ശേഷം എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്നും പി. വി. ശിവകുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തെരുവു വിളക്കുകള്‍ കത്തിക്കുവാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ഉത്തരവാദിത്വം നിര്‍വ്വഹികണമെന്നാവശ്യപ്പെട്ടു. ഇതിനിടയിലാണ് ഭരണകക്ഷിയംഗങ്ങളായ കേരള കോണ്‍ഗ്രസ്സ് അംഗം റോക്കി ആളൂക്കാരന്‍ നഗരസഭയിലെ പല വാര്‍ഡുകളിലും തെരുവു വിളക്കുകള്‍ കത്തുന്നില്ലെന്നും പല വട്ടം ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്് തങ്ങള്‍ യോഗം ബഹിഷ്‌കരിക്കുകയാണന്ന് അറിയിച്ച് കേരള കോണ്‍ഗ്രസ്സ് അംഗങ്ങളായ റോക്കി ആളൂക്കാരനും സംഗീത ഫ്രാന്‍സിസും കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങിപോകുകയായിരുന്നു.പ്രതിപക്ഷാംഗങ്ങളുടെ ആരോപണത്തിനു മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നല്‍കിയ മറുപടി എല്‍. ഡി. എഫ് അംഗങ്ങളെ പ്രകോപിപ്പിച്ചതാണ് ബഹളത്തിനിടയാക്കിയത്. തെരുവു വിളക്കുകള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട് കൗണ്‍സലര്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നുവെങ്കിലും ട്രഷറിയില്‍ നിന്നും ബില്ലുകള്‍ പാസ്സാകുന്നില്ലെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു പറഞ്ഞു. ഒരു കോടി രൂപയോളം ട്രഷറിയില്‍ നിന്നും പാസ്സാകാനുണ്ടെന്നും അവര്‍ തുടര്‍ന്നു പറഞ്ഞു. ഇതോടെ പി. വി. ശിവകുമാര്‍, സി. സി. ഷിബിന്‍ എന്നവരടക്കമുള്ള എല്‍. ഡി. എഫ്. അംഗങ്ങള്‍ പ്രത്‌ഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ പതിനെട്ടാം തിയ്യതിക്കു ശേഷം തെരുവു വിളക്കുകളുമായി ബന്ധപ്പെട്ട നല്‍കിയ ബില്ലുകളെ കുറിച്ച് വിശദീകരക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കോടി കണണക്കിനു രൂപയുടെ പെന്‍ഷന്‍ വിതരണം ചെയ്ത സംസ്ഥാന സര്‍ക്കാരിനെ അവഹേളിക്കാനാണ് ശ്രമിക്കുന്നതെന്നും കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കുകയാണന്നും കുറ്റപ്പെടുത്തി എല്‍. എല്‍.ഡി. എഫ് അംഗങ്ങള്‍ ഒരു ഘട്ടത്തില്‍ നടുത്തളത്തിലിറങ്ങി ചെയര്‍പേഴ്‌സന്റെ ഇരിപ്പടത്തിനു മുന്‍പിലെത്തി. ട്രഷറിയില്‍ നിന്നും ബില്ലുകള്‍ പാസ്സാകുന്നില്ലെന്ന ആരോപണം ആവര്‍ത്തിച്ച് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്മാരായ അഡ്വ വി. സി. വര്‍ഗീസും എം. ആര്‍. ഷാജുവും രംഗത്തെത്തിയതോടെ ഇരു വിഭാഗങ്ങളും തമ്മില്‍ ഏറെ നേരം വാഗ്വാദം നടന്നു. തുടര്‍ന്ന് ഇതു സംബന്ധിച്ച് വിശദീകരണം നല്‍കിയ അസിസ്റ്റന്റ് എഞ്ചിനിയര്‍ പതിനെട്ടാം തിയ്യതി യോഗം വിളിച്ചു ചേര്‍ത്തു ഡിസംബര്‍ 22 നാണ് കരാറുകാരന്‍ ബില്ലുകള്‍ സമര്‍പ്പിച്ചതെന്ന് അറിയിച്ചു. ബില്ലുകള്‍ തമ്മിലുള്ള അന്തരത്തെ തുടര്‍ന്നാണ് രണ്ടു ദിവസം കൂടി നീണ്ടു പോയത്. അറ്റകുറ്റ പണികള്‍ക്കായുള്ള കരാറുകാരന് ഏകദേശം അഞ്ചര ലക്ഷം രൂപയും ഉപകരണങ്ങള്‍ ഇറക്കിയ കരാറുകാരന് എകദേശം എട്ടു ലക്ഷം രൂപയുമാണ് നല്‍കാനുള്ളത്. ഇത് സംബന്ധിച്ച് ബില്ലുകള്‍ തയ്യാറായിട്ടുണ്ടെന്നും അസിസറ്റന്റ് എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍ അവധി കഴിഞ്ഞെത്തുന്നതോടെ ബില്ലുകള്‍ സമര്‍പ്പിക്കുമെന്നും അസിസ്റ്റന്റ് എഞ്ചിനയിര്‍ യോഗത്തെ അറിയിച്ചു. ഇതോടെ കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കുകായിരുന്നുവെന്നും തെരുവു വിളക്കുകള്‍ കത്തിക്കുവാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി എല്‍. ഡി. എഫ്. അംഗങ്ങള്‍ യോഗം ബഹിഷ്‌കരിക്കുകയായിരുന്നു.

Advertisement