വ്യാജരേഖ ചമച്ച് ഭൂമി വില്‍പ്പന നടത്തിയ സംഘത്തിലെ പ്രധാനി പിടിയില്‍

486
ഇരിങ്ങാലക്കുട: എറണാകുളം സ്വദേശി ഇടക്കാലയില്‍ സേവി എന്നയാളുടെ പരാതി പ്രകാരം വ്യാജ മുക്ത്യാര്‍ നിര്‍മ്മിച്ച് ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിലെ 20 സെന്റ്  സ്ഥലം വില്‍പ്പന നടത്തിയ കേസില്‍ കാലടി സ്വദേശി തോട്ടാന്‍ ജോര്‍ജ്ജ് എന്നയാളെ ഇരിങ്ങാലക്കുട എസ്.ഐ. കെ.എസ്. സുശാന്തും സംഘവും അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വാദേശി കാച്ചപ്പിള്ളി വര്‍ഗ്ഗീസ്, സഹോദരി അന്നം എന്നിവരുടെ പേരിലുള്ള അരക്കോടിയോളം വില വരുന്ന 20 സെന്റ് ഭൂമി വര്‍ഗ്ഗീസിന്റെ പേരില്‍ വ്യാജ മുക്ത്യാറും അനുബന്ധ രേഖകളുമുണ്ടാക്കി 2014 മെയ് 9ന് സേവിയെന്നയാളെ കളവു പറഞ്ഞ് വിശ്വസിപ്പിച്ച് കബളിപ്പിച്ച് സ്ഥലം രജിസ്റ്റര്‍ ചെയ്ത് കൊടുത്തു. അന്നയും മകളും ചേര്‍ന്ന് ജോര്‍ജ്ജിനെ കൊണ്ടു വന്ന് വര്‍ഗ്ഗീസാണെന്ന് പറഞ്ഞ് ആള്‍മാറാട്ടം നടത്തി വ്യാജ മുക്ത്യാറുണ്ടാക്കുകയായിരുന്നു. സ്ഥലത്തിന്റെ പുതിയ ഉടമ സേവി സ്ഥലം പോക്കുവരവു നടത്തുന്നതിനായി  ഇരിങ്ങാലക്കുട വില്ലേജ് ഓഫീസറെ സമീപിച്ചപ്പോള്‍ ഇതിലെ 10 സെന്റ് സ്ഥലത്തിന്റെ യഥാര്‍ഥ ഉടമ കാച്ചപ്പിള്ളി വര്‍ഗ്ഗീസ് അറിയാതെയാണ് കച്ചവടം നടന്നതെന്നറിയുന്നത്. തുടര്‍ന്ന് തട്ടിപ്പിനിരയായ ആള്‍ ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനില്‍ പരാതി സമര്‍പ്പിക്കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് അന്വേഷണം നടക്കുന്നതറിഞ്ഞ പ്രതി ചേലൂരിലെ താമസസ്ഥലത്തു നിന്നും രണ്ടു വര്‍ഷത്തോളമായി എറണാകുളത്തെ വിവധ പ്രദേശങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് ഇരിങ്ങാലക്കുട സി.ഐ. എം.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പ്രതിയെ എറണാകുളം ജില്ലയിലെ കാലടിയിലെ വട്ടച്ചിറയില്‍ നിന്നും പിടികൂടുകയായിരുന്നു. വ്യാജരേഖകള്‍ നിര്‍മിച്ച് ഭൂമി തട്ടിയെടുക്കുന്ന ഓരു വന്‍ റാക്കറ്റിനെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചു കഴിഞ്ഞു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് ഇരിങ്ങാലക്കുട എസ്.ഐ. കെ.എസ്. സുശാന്ത് പറഞ്ഞു. പ്രത്യേക അന്വേഷണസംഘത്തില്‍ സീനിയര്‍ സി.പി.ഒ.മാരായ മുരുകേഷ് കടവത്ത്, മുഹമ്മദ് അഷറഫ്, എ.കെ. ഗോപി, സിവില്‍ പോലീസ് ഓഫീസര്‍മാരായ രമേഷ് കെ.ഡി., പി,കെ. മനോജ്, മനേജ് എ.കെ., ജയപ്രകാശ് എന്നിവരുമാണ് ഉണ്ടായിരുന്നത്.
Advertisement