മതം മനുഷ്യനെ മെരുക്കാനുള്ള മരുന്ന്; ജസ്റ്റീസ് കുര്യന്‍ ജോസഫ്

43
ഇരിങ്ങാലക്കുട: മതം മനുഷ്യനെ മയക്കാനുള്ളതല്ല മറിച്ച്  സ്‌നേഹത്തിലൂടെയും സഹവര്‍ത്തിത്തത്തിലൂടെയും മനുഷ്യനെ മെരുക്കാനുള്ള മരുന്നാണെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് പറഞ്ഞു. ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ഒരു വര്‍ഷം നീണ്ടു നിന്ന ശതോത്തര സുവര്‍ണ ജൂബിലിയുടെ സമാപനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന മാനവമൈത്രി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിനപ്പുറം മനുഷ്യനെ കാണാന്‍ എല്ലാവര്‍ക്കും കഴിയണം. മനുഷ്യനെ ദൈവത്തിലേക്ക് അടുപ്പിക്കാനുള്ളതാണ് മതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു.ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ഇടപ്പിള്ളി സെന്റര്‍ ഇന്‍ ചാര്‍ജ് രാജയോഗിനി ശ്രീസുധ, കാരൂര്‍ ജുമാ മസ്ജിദ് ഇമാം ജനാബ് സിദ്ധിഖ് മൗലവി എന്നിവര്‍ സന്ദേശം നല്‍കി. മുരിയാട് പഞ്ചായത്തംഗം എം.കെ.കോരുക്കുട്ടി, പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ഡി ഡി പി കോണ്‍വെന്റ് സുപ്പീരിയര്‍ മദര്‍ വിമല്‍ മരിയ, കൈക്കാരന്‍ കെ.പി.പിയൂസ്, പ്രോഗ്രാം കണ്‍വീനര്‍ ജോസ് താണി പിള്ളി, വികാരി ഫാ.ഡോ. ബെഞ്ചമിന്‍ ചിറയത്ത്, ജനറല്‍ കണ്‍വീനര്‍ തോമസ് തത്തംപിള്ളി, ജോണ്‍ ജോസഫ് ചിറ്റിലപ്പിള്ളി, പി.എല്‍.ജോസ് എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് തിരുവാതിരക്കളി, ഒപ്പന, മാര്‍ഗംകളി എന്നിവയും നൂറ്റമ്പത് പേര്‍ ചേര്‍ന്നവതരിപ്പിച്ച പുത്തന്‍പാനപാരായണവും പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ മാജിക് മൊഗാഷോയും ഉണ്ടായിരുന്നു.
Advertisement