ഇരിങ്ങാലക്കുടയില്‍ വനിതകള്‍ക്കായി ഷീ ലോഡ്ജ്; ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് ധനമന്ത്രി

447

ഇരിങ്ങാലക്കുട: ജില്ലാപഞ്ചായത്ത് ഇരിങ്ങാലക്കുടയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഷീ ലോഡ്ജിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് സി.പി.എം. ജില്ലാ സമ്മേളനത്തിനിടെ പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എയും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ.മനോജ് കുമാറും ധനമന്ത്രി ഡോ.തോമസ് ഐസക്കുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഷീ ലോഡ്ജെന്ന പുതിയ ആശയത്തെ സ്വാഗതം ചെയ്ത മന്ത്രി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ആവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തതായി എം.എല്‍.എ. പിന്നിട് പറഞ്ഞു. ഈ സംരംഭത്തിന് ഏകദേശം പത്ത് കോടി രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇരിങ്ങാലക്കുട നഗരസഭാ ബസ് സ്റ്റാന്റിന് സമീപം ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഷീലോഡ്ജ് നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മേരി തോമസിന്റെ ആദ്യത്തെ പ്രഖ്യാപനങ്ങളില്‍ ഒന്നാണ് ഇത്. മൂന്നുനിലകളിലായി നിര്‍മ്മിക്കുന്ന ഈ മാളില്‍ കുടുംബശ്രീ ഹൈപ്പര്‍ മാര്‍ക്കറ്റ്, ഷീ ലോഡ്ജ്, ഫാഷന്‍ ഡിസൈനിങ്ങ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. മുകളിലത്തെ രണ്ട് നിലകളിലായി ഷീലോഡ്ജുമാണ് വിഭാവനം ചെയ്യുന്നത്.

Advertisement