ഇരിങ്ങാലക്കുട: വനിതാ – ശിശു വികസന വകുപ്പിന് വേണ്ടി സംസ്ഥാന നിർമിതി കേന്ദ്രം രൂപകൽപന ചെയ്ത സ്മാർട്ട് അങ്കണവാടികളിൽ ആദ്യത്തേതിന് തിങ്കളാഴ്ച മുരിയാട് പഞ്ചായത്തിലെ ഊരകത്തു ശിലാസ്ഥാപനം. ഉച്ചതിരിഞ്ഞു രണ്ടിന് ടി.എൻ.പ്രതാപൻ എംപി ശിലാസ്ഥാപനം നിർവഹിക്കും. മുരിയാട് പഞ്ചായത്തു പ്രസിഡണ്ട് സരിത സുരേഷ് അധ്യക്ഷത വഹിക്കും. ബ്ളോക് പഞ്ചായത്ത് പ്രസിഡണ്ട് വി,എ. മനോജ്‌കുമാർ മുഖ്യാതിഥിയായിരിക്കും. ബ്ളോക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, പഞ്ചായത്തംഗങ്ങളായ എം.കെ.കോരുകുട്ടി, ടെസ്സി ജോഷി എന്നിവർ പ്രസംഗിക്കും. ഇരിങ്ങാലക്കുട ബ്ലോക്കിലെ 99 -ആം നമ്പർ അങ്കണവാടിയാണ് സ്മാർട്ട് അങ്കണവാടിയായി നിർമ്മിക്കുന്നത്. അങ്കണവാടിക്കായി സ്ഥലം വിട്ടു നൽകി താര മഹിളാ സമാജം അംഗങ്ങൾ മാതൃകയായി. കഴിഞ്ഞ നാൽപ്പത്തി മൂന്നു വർഷമായി തങ്ങളുടെ കൈവശമുണ്ടായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ഏഴര സെന്റ് സ്ഥലമാണ് നാട്ടിലെ കുഞ്ഞുങ്ങളുടെ ഭാവിക്കായി ഇവർ സൗജന്യമായി നൽകിയത്. ഈ അങ്കണവാടി തുടക്കം മുതലേ താര മഹിളാസമാജത്തിന്റെ കെട്ടിടത്തിലാണ് സൗജന്യമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. മഹിളാസമാജത്തിന് നേരത്തെ സ്ഥലം സംഭാവനയായി നൽകിയ തൊമ്മന ദേവസ്സി അന്തോണിയുടെ കുടുംബം ഇതോട് ചേർന്ന് രണ്ടര സെന്റ് സ്ഥലം കൂടി സൗജന്യമായി നൽകിയതോടെ അങ്കണവാടിക്ക് ആകെ പത്തു സെന്റ് സ്ഥലം സ്വന്തമായി. ഇതിന്റെ രേഖകൾ മഹിളാസമാജത്തിന്റെ പ്രഥമ പ്രസിഡണ്ടും സ്ഥലയുടമയുമായ ലീല അന്തോണിയും ഇപ്പോഴത്തെ പ്രസിഡണ്ട് സോഫിയ ഇട്ട്യേരയും ചേർന്ന് ബ്ളോക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളിക്കു കൈമാറി. പഞ്ചായത്തംഗങ്ങളായ എം.കെ.കോരുകുട്ടി, ടെസ്സി ജോഷി, സമാജം സെക്രട്ടറി ജിനി ജോസ്, ഭാരവാഹികളായ വിൽസൺ പോട്ടക്കാരൻ, ടെസ്സി ബേബി, സെലീന ജോസ് എന്നിവർ സന്നിഹിതരായിരുന്നു.
കെട്ടിട നിർമാണത്തിനാവശ്യമായ 35.30 ലക്ഷം രൂപ ടി.എൻ, പ്രതാപൻ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുമാണ് അനുവദിച്ചിട്ടുള്ളത്. .അനുബന്ധ പ്രവർത്തനങ്ങൾക്കാവശ്യമായ 14 .70 ലക്ഷം രൂപ രൂപ ബ്ളോക് പഞ്ചായത്തും വകരുത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷങ്ങളിലും നൂറു ശതമാനം നികുതി നൽകിയതിന് പത്ത്, പതിനൊന്നു വാർഡുകൾക്കു ലഭിച്ച അവാർഡ് തുകയായ പത്തു ലക്ഷം രൂപ ഉപയോഗിച്ച് അങ്കണവാടിയോടു ചേർന്ന് മിനി ചിൽഡ്രൻസ് പാർക്കും നിർമ്മിക്കും. തൃശൂർ നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല.
നാടും ജനപ്രതിനിധികളും കൈകോർത്തു:കേരളത്തിലെ ആദ്യ സ്മാർട്ട് അങ്കണവാടി ഊരകത്ത്: ശിലാസ്ഥാപനം തിങ്കളാഴ്ച.
Advertisement