കര്‍ക്കിടക്കാലം പുണ്യകാലം

37

കര്‍ക്കിടക്കാലം പുണ്യകാലം പഴമക്കാര്‍ക്ക് കര്‍ക്കിടകമെന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും, ശരിയായ ചികിത്സ-വിശ്രമങ്ങളിലൂടെ, മാനസികവും ശാരീരികവുമായ പുത്തന്‍ ഉണര്‍വ്വ് പ്രദാനം ചെയ്യാന്‍ ഈ പുണ്യക്കാലത്ത് കഴിയുന്നു. കഠിനമായ വേനലില്‍ പണിയെടുത്ത് മനസ്സും ശരീരവും തളര്‍ന്നു പോയവര്‍ക്ക് ആശ്വാസത്തിന്റെ തൂവല്‍ സ്പര്‍ശവുമായെത്തുന്ന കര്‍ക്കിടകദിനങ്ങളെ നമുക്ക് സ്വാഗതം ചെയ്യാം.മനുഷ്യനും പ്രകൃതിയമായുള്ള നാഭീനാള ബന്ധത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണീ കര്‍ക്കിടക ആഗമനം. രോഗങ്ങളുടെ ഉറവിടമായ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ പ്രാധാന്യം,പൊതു-ജനാരോഗ്യവുമായി ഇതെത്ര മാത്രം ബന്ധപ്പെട്ടീരിക്കുന്നു എന്നത് പൗരാണിക കാലഘട്ടത്തില്‍പ്പോലും ബോധവാന്‍മാരായിരുന്നു. നമ്മുടെ പൂര്‍വ്വികര്‍ എന്ന വാസ്തവവും കര്‍ക്കിടകാരംഭം വ്യക്തമാക്കുന്നു. നന്മയും- തിന്മയും, സത്തും- അസത്തും തിരിച്ചറിയാനുള്ള ആഹ്വാനവും ഈ പുണ്യകാലത്തിന്റെ ആചാരനുഷ്ടാനങ്ങളില്‍ അടങ്ങിയിരിക്കുന്നു. ദശപുഷ്പാരാധനയും, ഔഷധ ചെടികളുടെ സംരക്ഷണവും ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയവരായിരുന്നു കേരളീയര്‍. മഹത്തായ സാംസ്‌കാരിക പൈതൃക സമ്പത്തുക്കളെ മനപൂര്‍വ്വം മറന്നു കൊണ്ട് പുതുമതേടിയുള്ള നെട്ടോട്ടം മനുഷ്യനെ സര്‍വ്വനാശത്തിലെത്തിക്കുമെന്ന് കോവിഡ് അടക്കമുള്ള മഹാമാരികളുടെ അനവധി അനുഭവങ്ങള്‍ വ്യക്തമാക്കിയിട്ടും, നാം ഇതേവരെ ബോധവാന്‍മാരായിട്ടുണ്ടെന്ന് തോന്നുന്നില്ല.ഭാരതത്തിന്റെ തനത് എന്നവകാശപ്പെടാന്‍ കഴിയുന്ന ആയുര്‍വ്വേദശാസ്ത്രം, ആയുസ്സിന്റെ വേദവും കൂടിയാണ്. മനസ്സും, ശരീരവും ഒന്നായിക്കാണണമെന്ന സത്യവും ഈ ശാസ്ത്രശാഖയുടെ സംഭാവനയാണ്. ക്ഷീണാവസ്ഥയിലുള്ള ശരീര ധാതുക്കളെ പുതിയ ഊര്‍ജ്ജം നല്‍കി. പൂര്‍വ്വാവസ്ഥയിലെത്തിയ്ക്കാമെന്ന് ആധികാരികമായി ‘അഷ്ടാംഗഹൃദയം’ വ്യക്തമാക്കുന്നു. അതോടൊപ്പം ആരോഗ്യമുള്ള ശര്ീരത്തില്‍ മാത്രമേ ആരോഗ്യമുള്ളമനസ്സ് കുടിക്കൊള്ളുകയുള്ളുവെന്നും അടിസ്ഥാനഗ്രന്ഥം പഠിപ്പിക്കുന്നു. പ്രകൃതി പകര്‍ന്നു തരുന്ന ഔഷധകൂട്ടുകളുപയോഗിച്ച് തയ്യാറാക്കുന്ന കര്‍ക്കിടക ഔഷധ സേവകള്‍ നവ്യമായ ഊര്‍ജ്ജവും, ഉന്‍മേഷവും പ്രദാനം ചെയ്യുന്നു. കര്‍ക്കിടകക്കഞ്ഞിയായാലും, പുഴുക്കായാലും, പാല്‍ക്കഷായരൂപത്തിലായാലും നിഷ്ഠയോടെ, പൂര്‍ണ്ണ വിശ്രമത്തിന്റെ പരിവേഷത്തോടെ, നിറഞ്ഞ മനസ്സോടെ ഉപയോഗിക്കണമെന്ന് ആയുര്‍വ്വേദം അനുശ്‌സിക്കുന്നു. കാലാകാലങ്ങളായി ഉപയോഗിച്ച് അനുഭവത്തിന്റെ ആര്‍ജ്ജവത്തോടെ, തലമുറകളിലൂടെ കൈമാറിയ അമൂല്യ അനുഷ്ഠാന രീതി കൂടിയാണ് ക്ര#ക്കിടക ചികിത്സാ രീതികള്‍. അതോടൊപ്പം ക്ഷേത്രാരാധാനയുടേയും ദര്‍ശന പുണ്യത്തിന്റേയും മറ്റും പ്രാധാന്യം മനസ്സിന്റെ സ്വച്ഛതയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. കഴിഞ്ഞുപോയ ആ നല്ല കാലഘട്ടത്തെ ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിച്ച് ആരോഗ്യ പൂര്‍ണ്ണമായ തലമുറകളെ പ്രതീക്ഷയോടെ സ്വപ്‌നം കാണ്‍ക കൂടിയാണ് ഈ കര്‍ക്കിടക പുണ്യകാലത്ത് മലയാളികളായ നമ്മള്‍. ഉണ്ണികൃഷ്ണന്‍ കിഴുത്താനി

Advertisement