കലാനിലയം കൈമാറാന്‍ നേരത്തെ തീരുമാനിച്ചിരുന്നതായി മുന്‍ സെക്രട്ടറി

47

ഇരിങ്ങാലക്കുട: ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം കൂടല്‍മാണിക്യം ദേവസ്വത്തിനോ, സര്‍ക്കാറിനോ, കലാമണ്ഡലത്തിനോ കൈമാറാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ പൊതുയോഗം തീരുമാനിച്ചിരുന്നതായി കലാനിലയം മുന്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കലാനിലയത്തെ രക്ഷപ്പെടുത്തുന്നതിന് പല വഴികള്‍ ആലോചിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ആ തീരുമാനമെടുത്തത്. എന്നാല്‍ കലാനിലയം ചാരിറ്റബിള്‍ സൊസൈറ്റി ആക്റ്റ് പ്രകാരം റജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ ഏറ്റെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നായിരുന്നു കലാമണ്ഡലം തടസമായി പറഞ്ഞിരുന്നത്.രണ്ടുതവണയാണ് കലാനിലയം സര്‍ക്കാറിന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. എന്നാല്‍ വളരെ അകലെയുള്ള കലാമണ്ഡലവുമായി കലാനിലയത്തെ ചേര്‍ക്കുമ്പോള്‍ നിയന്ത്രണം ഉണ്ടാകില്ലെന്നും അതിനാല്‍ കലാനിലയം ഈ നിലയില്‍ നിലനിര്‍ത്തുന്നതിനും നടത്തിപ്പിനുമായി സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കുകയും ചെയ്തത്.കലാനിലയം കൂടല്‍മാണിക്യം ദേവസ്വം ഏറ്റെടുക്കുന്നതിനെ നൂറ്റൊന്നുശതമാനവും പിന്തുണയ്ക്കുന്നുവെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ഇത് സര്‍ക്കാറിനോ, ദേവസ്വത്തിനോ, ഭക്തജനങ്ങള്‍ക്കോ ബാധ്യതയാകരുത്. ദേവസ്വം ഏറ്റെടുത്താലും സര്‍ക്കാര്‍ ഗ്രാന്റ് നിറുത്താന്‍ പാടില്ല. ദേവസ്വത്തിന്റെ പണം മാത്രം ഉപയോഗിച്ച് കലാനിലയം നടത്താന്‍ കഴിയില്ല. അതുകൊണ്ട് സര്‍ക്കാര്‍ ഗ്രാന്റ് തുടരണം. കലാനിലയത്തിലെ കുട്ടികള്‍ക്ക് അവിടെ തന്നെ പഠിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. ഇതിനായി സാധാരണ എയ്ഡഡ് സ്‌കൂളിന് കൊടുക്കുന്ന എല്ലാ പിന്തുണയും സര്‍ക്കാറും സാംസ്‌ക്കാരിക വകുപ്പും കലാനിലയത്തിന് നല്‍കണം. കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കുന്നതിന് ഇത് ആവശ്യമാണ്. ദേവസ്വത്തിന്റെ എല്ലാ പരിപാടികളും കലാനിലയം വഴി നടത്താനുള്ള സംവിധാനം ഉണ്ടാക്കുകയും ദേവസ്വത്തിന്റെ പരിപാടികള്‍ കലാനിലയം ജീവനക്കാരുടെ ചുമതലയാക്കി മാറ്റുകയും വേണം. ദേവസ്വം ഏറ്റെടുത്താല്‍ ദേവസ്വത്തിന് വഴിപാട് കളികള്‍ ഏറ്റെടുക്കാം. അതിലൂടെ ദേവസ്വത്തിന് പണം ലഭിക്കും. കലാനിലയം ജീവനക്കാര്‍ക്ക് അതൊരു സമര്‍പ്പണവും കുട്ടികള്‍ക്കും അതൊരു പരിശീലനവുമാകുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Advertisement