ഡോ.സിസ്റ്റർ ഇസബെൽ സെൻറ് ജോസഫ്സിൽ നിന്ന് പടിയിറങ്ങുന്നു

297

ഇരിങ്ങാലക്കുട :കഴിഞ്ഞ രണ്ടുവർഷക്കാലം ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിനെ അമരത്തുനിന്നു നയിച്ച് പടിയിറങ്ങുകയാണ് പ്രിൻസിപ്പൽ ഡോ. സി. ഇസബെൽ.25 വർഷമായി സെൻറ് ജോസഫ്സ് കോളേജിൽ നിറഞ്ഞ് നിന്നിരുന്ന സിസ്റ്റർ മാർച്ച് 31 ന് വിരമിക്കുകയാണ് . 2018 ൽ പ്രിൻസിപ്പൽ സ്ഥാനം ഏറ്റെടുത്ത സിസ്റ്റർ ഇസബെൽ നിർണ്ണായകമായ നിരവധിഘട്ടങ്ങളിൽ ധീരതയോടെ മുന്നിൽ നിന്ന് കലാലയത്തെ നയിച്ച പ്രിൻസിപ്പലാണ്.കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപികയായിരുന്ന സിസ്റ്റർ ഇസബെൽ കേരള യൂണിവേഴ്സിറ്റിയിലെ പ്രൊഫ. അച്യുത് ശങ്കർ സാറിന്റെ കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്.കോളേജ് ഓട്ടോമേഷനു വേണ്ടി തുടക്കം മുതൽ ഇപ്പോൾ വരെയും നേതൃത്വം നൽകിയത് സിസ്റ്ററാണ്. തൊഴിലധിഷ്ഠിത കോഴ്‌സുകളായ ബിവോക് അപ്ലൈഡ് മൈക്രോബയോളജി & ഫോറൻസിക് സയൻസ്, മലയാളം & മാനുസ്ക്രിപ്റ്റ് മാനേജ്‌മെന്റ് എന്നിവ സിസ്റ്ററുടെ ദീർഘവീക്ഷണത്തിൽ വന്ന കോഴ്‌സുകളാണ്. ആശയങ്ങളിലും പ്രായോഗികതകളിലും ഒരേപോലെ പ്രൊഫഷണലിസം കാത്തുസൂക്ഷിച്ച സിസ്റ്റർ കാമ്പസ് നവീകരണങ്ങളുടെ നിരവധി പ്രവർത്തനങ്ങളുടെയും നേതാവായിരുന്നു. വിദേശരാജ്യങ്ങളിൽ ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള സിസ്റ്റർ കാലിക്കറ്റ് സർവ്വകലാശാല ക്രിസ്റ്റ്യൻ ചെയർ അദ്ധ്യക്ഷൻ റവ. ഡോ. പോൾ പുളിക്കൻറെ സഹോദരിയാണ്. തൃശൂർ ചൊവ്വൂർ സ്വദേശികളായ അദ്ധ്യാപക ദമ്പതികൾ ആന്റണി ട്രീസ എന്നിവരുടെ ആറുമക്കളിൽ ഒരാളാണ്.മറിയം ത്രേസ്യയുടെ വിശുദ്ധപദവിയിൽ റോമിൽ അവതരിക്കപ്പെട്ട ഗാനങ്ങളിൽ ഒന്ന് സിസ്റ്റർ എഴുതിയതായിരുന്നു. പോപ്പുലർ സയൻസ് ലിറ്ററേച്ചർ, രാജ്യത്തിന്റെ അഖണ്ഡത എന്നിവയിൽ സിസ്റ്റർക്കുണ്ടായിരുന്ന താല്പര്യം കണക്കിലെടുത്ത് കലാലയം ഈ മേഖലയിൽ രണ്ടു പ്രസിദ്ധീകരണങ്ങൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. പരംവീർ ചക്ര പുരസ്കാരം നേടിയ യോഗീന്ദർ സിങ് യാദവിനെ കാമ്പസിൽ എത്തിച്ചതും പ്രളയസമയത്ത് കാമ്പസിലെയും ദൂരെ വയനാട്ടിലെയും വരെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചതും സിസ്റ്ററായിരുന്നു. പത്തോളം പഞ്ചായത്തുകളിൽ പ്രളയാനന്തര സർവ്വേയും അനുബന്ധപ്രവർത്തനങ്ങളും നടത്തിയതിൽ നേതൃത്വം വഹിച്ചു.സിസ്റ്റമാറ്റിക് ആയ പ്രവർത്തനശൈലിയും പ്രൊഫണലിസവും കൈമുതലാക്കിയിരുന്ന സിസ്റ്റർ ഈ മാർച്ച് 31 നു വിരമിക്കും.

Advertisement