സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്‍കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്‍

175

ഇരിങ്ങാലക്കുട: സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്‍കി ജീവന്റെ സ്പര്‍ശവുമായി മാറുകയായിരുന്നു ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്‍. ജീവന്‍ പകുത്തു നല്‍കാനായില്ലെങ്കിലും മനുഷ്യ ജീവന്റെ വിലയറിഞ്ഞ് ജീവന്റെ നിലനില്‍പ്പിനായി പത്ത് ലക്ഷം രൂപയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിനോടുബന്ധിച്ച് നടന്ന പ്രസുന്തേദി വാഴ്ചയിലൂടെ സമാഹരിച്ച തുക നല്‍കിയാണ് മനുഷ്യസ്നേഹത്തിന്റെ മഹാ സന്ദേശം നല്‍കിയത്. ആയിരം പേര്‍ ആയിരം രൂപ വീതം നല്‍കി ലഭിച്ച പത്ത് ലക്ഷം രൂപ കത്തീഡ്രല്‍ റൂബി ജൂബിലിയുടെ സ്മാരകമായുള്ള സൗജന്യ ഡയാലിസിസ് പദ്ധതിക്ക് കൈമാറുകയായിരുന്നു. തിരുന്നാള്‍ ദിവ്യബലി മധ്യേ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന് പ്രസുദേന്തി കണ്‍വീനര്‍ ജോസ് മാമ്പിള്ളി പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. റവ ഡോ. ആന്റു ആലപ്പാടന്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ചാക്കോ കാട്ടുപറമ്പില്‍, ഫാ. ഫെബിന്‍ കൊടിയന്‍, ട്രസ്റ്റിമാരായ ജോസഫ് പാലത്തിങ്കല്‍, രാജു കിഴക്കേടത്ത്, പോളി കുറ്റിക്കാടന്‍, തോംസണ്‍ ചിരിയന്‍കണ്ടത്ത്, ജനറല്‍ കണ്‍വീനര്‍ രഞ്ജി അക്കരക്കാരന്‍, ജോയിന്റ് കണ്‍വീനര്‍മാരായ ബിജു പോള്‍ അക്കരക്കാരന്‍, ഷാജു എബ്രാഹം കണ്ടംകുളത്തി എന്നിവര്‍ സന്നിഹിതരായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിനോടനുബന്ധിച്ചാണ് സെന്റ് വിന്‍സെന്റ് ഡയബറ്റിക്സ് സെന്ററില്‍ സൗജന്യ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അഞ്ച് ഡയാലിസിസ് മെഷീനുകള്‍ വഴി രണ്ടു ഷിഫ്റ്റുകളിലായി 12 രോഗികളെയാണ് ഒരു ദിവസം ഡയാലിസിസിനു വിധേയമാക്കുക

Advertisement