പൂമംഗലത്ത് ഇടതുമുന്നണിയില്ല : സിപിഐ

195

പൂമംഗലം: പൂമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പാനലിനെതിരെ സിപിഐ മത്സരിക്കുന്നുവെന്ന് പ്രചരണം അടിസ്ഥാനരഹിതമാണെന്നും, ഇവിടെ എല്‍ഡിഎഫ് മത്സരിക്കുന്നില്ലെന്നും സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി മണി പറഞ്ഞു. സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കുന്നതിനും, മുന്നണി ശത്കിപ്പെടുത്തുന്നതിനും സിപിഐ നല്‍കിയ സംഭാവനകള്‍ വിസ്മരിക്കുന്നവര്‍ക്കുമാത്രമേ ഇത്തരം പ്രചരണം നടത്താന്‍ സാധിക്കുകയുള്ളൂ. വര്‍ത്തമാന കാല രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് സിപിഐ(എം) ന്റെയും, സിപിഐയുടേയും സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.അതിന്റെ അടിസ്ഥാനത്തില്‍ പൂമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സിപിഐ പ്രതിനിധികള്‍ കൂടി ഉള്‍പ്പെടുന്ന സഹകരണ മുന്നണി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനോട് യോജിക്കാന്‍ സിപിഐ(എം) നേതൃത്വം തയ്യാറായില്ല. ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പില്‍ പൂമംഗലത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ പ്രസിഡന്റ് അല്ലെങ്കില്‍ സെക്രട്ടറി സ്ഥാനത്ത് സിപിഐ ആണ് പ്രവര്‍ത്തിച്ചിരുന്നത്. ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഒരു നിലപാടും, ഗ്രാമപഞ്ചായത്ത്, സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ മറ്റൊരു നിലപാടും സ്വീകരിക്കുന്നത് ശരിയല്ല എന്ന് മുന്‍കാലങ്ങളിലും സിപിഐ പറയാറുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പൂമംഗലത്ത് പാര്‍ട്ടിക്ക് ലോക്കല്‍ കമ്മിറ്റിയും, ബ്രാഞ്ചുകളും ബഹുജന സംഘടനകളുടെ കമ്മിറ്റികളും ഉണ്ട്. ‘നെല്ലും പതിരും’ തിരിച്ചറിഞ്ഞ് കുറെയേറെ പേര്‍ സിപിഐയിലേക്ക് വന്ന പ്രദേശം കൂടിയാണ് പൂമംഗലം. അത്തരം രാഷ്ട്രീയ സ്വാധീനമുള്ള പ്രദേശത്ത് സിപിഐ യെ മാറ്റി നിര്‍ത്തി എല്‍ഡിഎഫ് എന്ന പേരില്‍ മത്സരിക്കുത് മുന്നണി രാഷ്ട്രീയമര്യാദ്യയാണോ എന്ന് സിപിഎം നേതൃത്വം പരിശോധിക്കണമെന്നും നിര്‍ന്മലം പൂമംഗലം എന്ന പേരില്‍ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ സഹകരണഹാങ്ക് വഴി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൂമംഗലം ജനകീയ മുന്നണി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതെന്ന് അദ്ദേഹം പ്രസ്്തവനയില്‍ അറിയിച്ചു.

 

Advertisement