ലോനപ്പന്‍ നമ്പാടന്‍ എന്ന അസാധാരണ വ്യക്തിത്വം

809
ഒരു സാധാരണക്കാരന് എത്രമാത്രം ഔന്നത്യത്തിലോത്താമൊ അവിടെയെല്ലാം തന്റെതായ കയ്യൊപ്പ് ചാര്‍ത്തി അവിസ്മരണീയമാക്കിയ അസാധാരണവ്യക്തിത്വം എന്ന വിശേഷണമാണ് ഈ ബുധനാഴ്ച ആറാം ചരമ വാര്‍ഷികമാചരിക്കുന്ന ലോനപ്പന്‍ നമ്പാടന് യോജിക്കുക. ആറ് പ്രാവശ്യം എം എല്‍ എ യും ഒരു പ്രാവശ്യം എം പി യും അതില്‍ തന്നെ രണ്ടു തവണ മന്ത്രിയായിരുന്നപ്പോഴും താന്‍ ആരാണെന്ന് മറന്നു പോകാതെ പ്രവര്‍ത്തിച്ച ജനപ്രതിനിധിയും മനുഷ്യസ്‌നേഹിയുമാണദ്ദേഹം.
 നാലു പ്രാവശ്യം ഇരിങ്ങാലക്കുടയെ പ്രതിനിധീകരിച്ച് നമ്പാടന്‍ നാട്ടുകാരുടെ സുഖത്തിലും ദുഖത്തിലും അലിഞ്ഞു ചേര്‍ന്ന് അത്യന്താപേക്ഷിതമായ ജനകീയ പ്രശ്‌നങ്ങളില്‍ ജനപക്ഷത്ത് ഉറച്ച് നില്‍ക്കുകയും പലപ്പോഴും സങ്കുചിത കക്ഷി രാഷ്ട്രിയ ബന്ധങ്ങളെ മറന്നു പ്രവര്‍ത്തിക്കുകയും ചെയ്തു.  കല്യാണ വീടുകളില്‍ പോകാന്‍ കഴിഞ്ഞില്ലെങ്കിലും മരണ വീട്ടില്‍ തന്റെ സാന്നിദ്ധ്യം ഉറപ്പുവരുത്താനദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരോട് പ്രത്യേക സ്‌നേഹാദരങ്ങള്‍ പ്രകടിപ്പിച്ചിരുന്ന നമ്പാടന്‍ യഥാര്‍ത്ഥ സാംസ്‌കാരിക പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന് വെളിച്ചവും തെളിച്ചവും നല്‍കാന്‍ കഴിയുമെന്ന വാസ്തവം മനസ്സിലാക്കി. ആരോടും പകയും വിദ്വേഷവും പുലര്‍ത്താതെ നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത ഇദ്ദേഹത്തിന്റെ വാഗ്ചാതുര്യം യശശരീരനായ ഗുരു അമ്മന്നൂര്‍ മാധവചാക്യാര്‍ പോലും അംഗീകരിച്ചിരുന്നു.  ഏതു പ്രസംഗവേദികള്‍ക്കും തികഞ്ഞ അലങ്കാരമായിരുന്നു നമ്പാടന്‍ മാസ്റ്റര്‍. മാത്രമല്ല യാതൊരു ജാടയുമില്ലാത്ത ആ സ്വഭാവസവിശേഷതകള്‍ സമൂഹത്തിലെ സമസ്ത മേഖലകളിലുള്ളവരും ഉള്‍ക്കൊണ്ട് ആത്മാര്‍ത്ഥതയും സത്യസദ്ധതയുമുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ പിറവി കൂടിയായിരുന്നു അത്.  അതുകൊണ്ടാണ്  വലിയവരെന്ന് മുദ്ര കുത്തിയവരെപ്പോലും നിഷ്പ്രയാസം എതിര്‍ത്തു തോല്‍പ്പിക്കാനും തിരുത്താനുമദ്ദേഹത്തെ പ്രാപ്തനാക്കിയത്.
 പരേതനായ മാതൃഭൂമി ലേഖകന്‍ മൂര്‍ക്കനാട് സേവ്യറിനോടൊപ്പം ഇരിങ്ങാലക്കുടയിലെ നിരവധി മാതൃക പ്രവര്‍ത്തനങ്ങള്‍ക്ക്്് നമ്പാടന്‍ മാസ്റ്ററോടൊപ്പം ഭാഗമാക്കാന്‍ ഈ ലേഖകന്‍ സാധിച്ചിട്ടുണ്ടെന്നത്് തികഞ്ഞ ചാരിതാര്‍ത്ഥ്യബോധത്തോടെ ഇത്തരുണത്തില്‍ ഓര്‍മ്മിക്കുകയാണ്.  അങ്ങിനെയാണ് നമ്പാടന്റെ നല്ല മനസ്സ് മനസ്സിലാക്കിയത്.  മാത്രമല്ല നമ്മുടെ ഇരിങ്ങാലക്കുടയുടെ നന്മയും പ്രത്യേകതകളും മറ്റു പ്രദേശങ്ങളിലെ പ്രസംഗങ്ങളിലൂടെ പ്രസരിപ്പിക്കാനദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.  നമ്പാടന്‍ മന്ത്രിയായിരുന്നപ്പോള്‍ ഞാന്‍ യാദൃച്ഛികമായി ശ്രദ്ധിച്ച ഒരു തൃപ്പുണിത്തുറ പ്രസംഗം  ഓര്‍മ്മയിലെക്ക് ഓടിവരികയാണ്.  മണ്‍മറഞ്ഞ മന്ത്രി ടി കെ രാമകൃഷ്ണനും ഒപ്പമുണ്ടായിരുന്നു.
     യുവതലമുറയില്‍ നിന്ന് പലതും പഠിക്കാനും പ്രാവര്‍ത്തികമാക്കാനുമുണ്ടെന്ന വാസ്തവം അദ്ദേഹം സമൂഹത്തെ ബോധ്യപ്പെടുത്തി.  നാളത്തെ തലമുറ നാടിന്റെ വെളിച്ചമാകണമെന്നാഗ്രഹിച്ച ആ പരിണത പ്രജ്ഞന്‍ എല്ലാവര്‍ക്കും തുല്യപരിഗണന നല്‍കി.  അര്‍ഹിക്കുന്നവര്‍ക്ക് അംഗീകാരം നല്‍കുന്ന കാര്യത്തില്‍ ഒരു നിര്‍ബന്ധബുദ്ധി തന്നെയായിരുന്നു.  മണ്‍മറഞ്ഞ സാമൂഹ്യ സാംസ്‌കാരിക നായകരെ ആദരിക്കുന്ന സ്വഭാവവും അദ്ദേഹം  സമൂഹത്തിന് നല്‍കിയ സംഭാവനകളില്‍ സമുന്നതമായതാണ്.  മുന്‍മന്ത്രി പി കെ ചാത്തന്‍ മാസ്റ്ററെപ്പോലുള്ളവരെ യുക്തമായ സ്മാരകങ്ങളിലൂടെ അവിസ്മരണീയമാക്കിയതും നമ്പാടന്റെ ദീര്‍ഘ വീക്ഷണത്തിന്റെ പ്രകടമായ ഉദാഹരണമാണ്.  മാതൃഭാഷയായ മലയാളത്തിന്റെ ശക്തിയും, സൗന്ദര്യവും നിലനിര്‍ത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലും ബന്ധശ്രന്ധനായിരുന്ന നമ്പാടന്‍ മാസ്റ്റര്‍ നല്ലൊരു പുസ്തക പ്രേമി കൂടിയായിരുന്നു എന്ന വാസ്തവം പലര്‍ക്കുമറിയില്ല.  അറിയാത്ത വസ്തുതകള്‍ ആധികാരികമായി മനസ്സിലാക്കി അബന്ധപഞ്ചാംഗമെഴുന്നള്ളിക്കാതെ രക്ഷപ്പെട്ട അപൂര്‍വ്വ ജനപ്രതിനിധികളില്‍ ഒരാള്‍ കൂടിയാണദ്ദേഹം.  എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന മഹാത്മജിയുടെ മഹത്തായ ആശയം കുറെയേറെയെങ്കിലും പ്രാവര്‍ത്തികമാക്കിയ നമ്പാടന്‍ മാസ്റ്റര്‍ സാധാരണക്കാരുടെ മനസ്സുകളില്‍ എക്കാലവും നിറഞ്ഞു നില്‍ക്കും
Image result for unnikrishnan kizhuthani
ഉണ്ണികൃഷ്ണന്‍ കിഴുത്താനി
Advertisement