ചിരിമഴ പൊഴിയിച്ച് കൂടല്‍മാണിക്യത്തില്‍ ഓട്ടന്‍തുള്ളല്‍

689

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ രണ്ടാം ഉത്സവ നാള്‍ മുതല്‍ ശീവേലിക്ക് ശേഷം ചിരിമഴ പൊഴിയിച്ച് കിഴക്കേനടപുരയില്‍ ഓട്ടന്‍ തുളളല്‍ കലാപ്രകടനം ആരംഭിച്ചു. ഉത്സവത്തോടനുബന്ധിച്ച് സാധാരണ ക്ഷേത്രകലകളായ കേളി, നങ്ങ്യാര്‍കൂത്ത്, കുറത്തിയാട്ടം, പാഠകം എന്നിവ കൊടിപ്പുറത്ത് വിളക്കുനാള്‍ സന്ധ്യക്കാണ് ആരംഭിക്കുന്നതെങ്കിവും ഓട്ടന്‍തുളളല്‍ മാത്രം രണ്ടാം ഉത്സവനാളിലാണ് ആരംഭിക്കുക. ഉത്സവനാളില്‍ കിഴക്കേനടപുരയില്‍ ആദ്യകാലങ്ങളില്‍ ഓട്ടന്‍ തുളളല്‍ മുന്നാം ദിവസമാണ് നടന്നിരുന്നത്. പിന്നീട് തുടര്‍ന്നുളള ദിവസങ്ങളില്‍ ശീതങ്കന്‍ തുളളല്‍, പറയന്‍ തുളളലുകളാണ് നടക്കുക. ഇപ്പോള്‍ ഓട്ടന്‍ തുളളല്‍ മാത്രമാണ് നടക്കുന്നത്. കല്യാണസൗഗന്ധികം, കിരാതം, രാമാനുചരിതം, ഗണപതി പ്രാതല്‍ തുടങ്ങിയ കഥകളാണ് ഇവിടെ ഓട്ടന്‍ തുളളലില്‍ അവതരിപ്പിക്കുന്നത്. എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രശസ്ത ഓട്ടന്‍തുളളല്‍ കലാകാരന്‍ മലമ്പാര്‍ രാമന്‍ നായരുടെ കലാപ്രകടനം കണ്ട് വിസ്മയിച്ചവര്‍ ഇപ്പോഴും ഗൃഹാതുരത്വത്തോടെ അതേ കുറിച്ച് ഓര്‍മ്മിക്കാറുണ്ട്. ഗുരുവായൂര്‍ ശേഖരന്‍, കെ.പി. നന്തിപുലം, നന്തിപുലം നീലകണ്ഠന്‍ തുടങ്ങിയ പ്രശസ്തരാണ് മുന്‍ കാലങ്ങളില്‍ ഓട്ടന്‍തുളളല്‍ അവതരിപ്പിച്ചിരുന്നത്. രാജീവ് വെങ്കിടങ്ങ് ആണ്് ഈ വര്‍ഷം ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നത് .

Advertisement