ഇന്ത്യന്‍ ചിലന്തി ഗവേഷണ മേഖലക്ക് അഭിമാനമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജൈവവൈവിധ്യ ഗവേഷണ കേന്ദ്രം

2213

ഇരിങ്ങാലക്കുട-വംശമറ്റുപോയി എന്നു കരുതിയിരുന്ന അപൂര്‍വ്വയിനം ചിലന്തിയുടെ പെണ്‍ചിലന്തിയെ ആദ്യമായി ഈ ഭൂമുഖത്തു നിന്നും കണ്ടെത്തി.150 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1868 ല്‍ ജര്‍മനിയിലെ ബെര്‍ലിന്‍ സുവോളജിക്കല്‍ മ്യൂസിയത്തിലെ ചിലന്തി ഗവേഷകനായ ഡോ.ഫെര്‍ഡിനാന്റ് ആന്റണ്‍ ഫ്രാന്‍സ് കാര്‍ഷ് ഗുജറാത്തിലെ പരിയെജ് വന്യജീവി സങ്കേതത്തില്‍ നിന്നും കണ്ടെത്തിയ ആണ്‍ ചിലന്തിയുടെ പെണ്‍ ചിലന്തിയെയാണ് ഇന്ത്യന്‍ ചിലന്തി ഗവേഷണ മേഖലക്ക് ആഭിമാനമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജൈവവൈവിധ്യ ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വയനാട് വന്യജീവി സങ്കേതത്തില്‍ നിന്നും കണ്ടെത്തിയത് .ചാട്ടചിലന്തി കുടുംബത്തില്‍ വരുന്ന ഇതിന്റെ ശാസ്ത്ര നാമം ക്രൈസിലവോളുപസ് എന്നാണ്.വളരെ സുന്ദരിയായ പെണ്‍ ചിലന്തിയുടെ തലയുടെ മുകള്‍ ഭാഗം നീല നിറത്തിലുള്ള ശല്കങ്ങള്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നു.പാര്‍ശ്വങ്ങളിലായി ഓറഞ്ചു നിറത്തിലുള്ള രോമങ്ങള്‍ കൊണ്ടും പൊതിഞ്ഞിരിക്കുന്നു.ഇതിന്റെ അടിഭാഗത്തായി വെളുത്ത നിറത്തിലുളള വരകളുണ്ട് .ഉദരത്തിന്റെ മുകള്‍ ഭാഗം കറുപ്പും തിളങ്ങുന്ന നീലയും ഇടകലര്‍ന്നതാണ്.മഞ്ഞ നിറത്തിലുള്ള കാലുകളില്‍ ഇടവിട്ട കറുത്ത വളയങ്ങളുണ്ട് .കറുത്ത നിറത്തിലുള്ള എട്ടു കണ്ണുകള്‍ തലയുടെ മുന്നിലായും വശങ്ങളിലായും ആണ് കാണുന്നത് .കണ്ണുകള്‍ക്കു ചുറ്റും മുകളിലായി ചുവന്ന നിറത്തിലുള്ള കണ്‍പീലികളും താഴെയായി വെളുത്ത കണ്‍പീലികളും കാണാം .സാധാരണയായി പെണ്‍ ചിലന്തി അഞ്ചോ ആറോ മുട്ടകളിടുന്നു.
ജൈവ വൈവിധ്യ ഗവേഷണകേന്ദ്രം മേധാവി ഡോ.സുധികുമാര്‍ എ.വി യുടെ നേതൃത്വത്തില്‍ ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ കഴിഞ്ഞ എട്ടു വര്‍ഷമായി നടത്തി കൊണ്ടിരിക്കുന്ന സംയുക്ത പഠനത്തില്‍ കൊല്‍ക്കത്ത സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ ഗവേഷകനായ ഡോ.ജോണ്‍ കലേബ് ,ബാംഗ്ലൂര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സിലെ ഗവേഷകരായ രാജേഷ് സനപ് ,കൗശല്‍ പട്ടേല്‍ ,ക്രൈസ്റ്റ് കോളേജിലെ ചിലന്തി ഗവേഷണ വിദ്യാര്‍ത്ഥികളായ സുധിന്‍ പി പി ,നഫിന്‍ കെ എസ് എന്നിവര്‍ പങ്കാളികളായി .ഈ കണ്ടുപിടുത്തം റഷ്യയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ആര്‍ത്രോപോടസെലക്റ്റ എന്ന അന്തര്‍ദേശീയ ശാസ്ത്ര മാസികയുടെ അവസാന ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് .ശാസ്ത്ര നിയമങ്ങളനുസരിച്ച് ഒരു ജീവജാലത്തെ 100 വര്‍ഷം കണ്ടില്ല എങ്കില്‍ അതിന് വംശനാശം സംഭവിച്ചു എന്ന് അനുമാനിക്കാം .ഇന്ത്യയിലെ ഇനിയും വെളിപ്പെടാത്ത ജൈവവൈവിധ്യത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ കണ്ടുപിടുത്തം തെളിയിക്കുന്നത് എന്ന് ഡോ.സുധികുമാര്‍ അഭിപ്രായപ്പെട്ടു

Advertisement