ഒടുവില്‍ പ്രസാദ് യാത്രയായി

883

കരൂപ്പടന്ന: ഓര്‍മ്മകളുടെ ലോകം നഷ്ടപ്പെട്ട് ഒരു വര്‍ഷത്തോളമായി ചികില്‍സയിലായിരുന്ന ഗായകന്‍ വിടവാങ്ങി.വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വള്ളിവട്ടം പട്ടേപ്പാടത്ത് കുട്ടപ്പന്റെ മകന്‍ പ്രസാദ് ( 44) ആണ് തിങ്കളാഴ്ച ( 23/7/2018) വൈകീട്ട് മരണമടഞ്ഞത്.സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 ന് കൊടുങ്ങല്ലൂര്‍ നഗര സഭാ ശ്മശാനത്തില്‍ നടത്തും.അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കണ്ടു വരുന്ന തലച്ചോറ് ചുരുങ്ങി വരുന്ന രോഗമായിരുന്നു പ്രസാദിന്. ഭാര്യയും 5 വയസുള്ള ഒരു പെണ്‍കുട്ടിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന പ്രസാദ് പെയിന്റിംഗ് തൊഴിലാളികൂടിയായിരുന്നു.നാല് സെന്റ് സ്ഥലത്ത് പണി പൂര്‍ത്തീകരിക്കാത്ത വീട്ടിലായിരുന്നു താമസം. പ്രസാദിന്റെ ഒരു മാസത്തെ മരുന്നിന് മാത്രം പതിനായിരം രൂപയോളം ചിലവ് വന്നിരുന്നു. വീടുപണിയ്ക്കും ചികിത്സക്കുമായി കടം വാങ്ങിയ പണം ബാധ്യതയായി നിന്നിരുന്നു.ഓര്‍മ്മ നഷ്ടപ്പെട്ട ഭര്‍ത്താവിനെ കൊച്ചു കുട്ടിയെ പോലെ പരിചരിക്കേണ്ടി വന്ന ഭാര്യ രെജിലയ്ക്ക് എന്തെങ്കിലും ജോലിക്ക് പോകാനോ മകള്‍ക്ക് ആഹാരം ഉണ്ടാക്കി കൊടുക്കാനോ സാധിച്ചിരുന്നില്ല.മികച്ച പാട്ടുകാരനായ പ്രസാദിന് സംഗീത ലോകത്തെ കുറിച്ചു മാത്രമാണ് കുറച്ചു ഓര്‍മ്മയുണ്ടായിരുന്നത്. സംഗീതത്തിലൂടെ തന്റെ ഭര്‍ത്താവിന്റെ ഓര്‍മ്മ തിരിച്ചു കൊണ്ടു വരാനാകുമെന്ന വിദഗ്ദ ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ നേരിയ ഒരു പ്രതീക്ഷ അര്‍പ്പിച്ചു ഇരിക്കുമ്പോഴാണ് മരണം കടന്നു വന്നത്.പ്രസാദ് ചികിത്സാ സഹായ നിധി എന്ന പേരില്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.എച്ച്.അബ്ദുല്‍ നാസര്‍ ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം നടന്നു വരികയായിരുന്നു. പ്രസാദിന്റെ സ്‌കൂള്‍ സഹപാഠികളും പ്രസാദിന്റെ കുടുംബത്തെ സഹായിക്കാന്‍ മുന്നോട്ടു വന്നിരുന്നു.ആഗ്‌നേയ ആണ് പ്രസാദിന്റെ ഏക മകള്‍.

 

Advertisement