ഓഖി ദുരന്തത്തേ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു : വെള്ളാപ്പിള്ളി നടേശന്‍

403
ഇരിങ്ങാലക്കുട: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി. മുകുന്ദപുരം യൂണിയന്‍ പൊറത്തിശ്ശേരി ശാഖയുടെ പുനരുദ്ധരിച്ച ഗുരുമന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു വെള്ളാപ്പിള്ളി. ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എല്ലാവരും ഒറ്റക്കെട്ടായി ആവശ്യപ്പെടേണ്ട സമയത്താണ് പരസ്പരം കുറ്റപ്പെടുത്തിയുള്ള മുതലെടുപ്പ്. വിമോചന സമരം നടത്തി ഭരണത്തില്‍ നിന്നും ഇറക്കിയ ശക്തികള്‍ ഇപ്പോല്‍ മറ്റൊരു രീതിയില്‍ രംഗത്ത് പ്രവര്‍ത്തിക്കുകയാണെന്നും വെള്ളാപ്പിള്ളി അഭിപ്രായപ്പെട്ടു. ഗുരുദേവന്റെ പഞ്ചലോഹ പ്രതിഷ്ഠ സമര്‍പ്പണവും മന്ദിരഹാള്‍ ഉദ്ഘാടനവും വെള്ളാപ്പിള്ളി നിര്‍വ്വഹിച്ചു. ശാഖ പ്രസിഡന്റ് പി.ജി ശോഭനന്‍ അധ്യക്ഷനായിരുന്നു. യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, സെക്രട്ടറി പി.കെ പ്രസന്നന്‍, വൈസ് പ്രസിഡന്റ് എം.കെ സുബ്രഹ്മണ്യന്‍, യോഗം ഡയറക്ടര്‍മാരായ സജീവ്കുമാര്‍ കല്ലട, കെ.കെ ചന്ദ്രന്‍, സി.കെ യുധി, യൂത്ത്മെന്റ് പ്രസിഡന്റ് എന്‍.ബി ബിജോയ്, കെ.വി പ്രദ്യൂമ്നന്‍, വനിത സംഘം യൂണിയന്‍ ചെയര്‍പേഴ്സന്‍ മാലിനി പ്രേംകുമാര്‍, സുലഭ മനോജ്, ജീവന്‍, നന്ദന്‍, രമ പ്രദീപ, ബോബി സരോജം,  തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭരണസമിതി അംഗം എം.കെ ബാലനെ വെള്ളാപ്പിള്ളി ചടങ്ങില്‍ ആദരിച്ചു.
Advertisement