കുടുംബത്തിന്റെ അടിസ്ഥാനം പരസ്പര സ്‌നേഹവും വിശ്വാസവും; മോണ്‍. ജോര്‍ജ് കോമ്പാറ

436
ഇരിങ്ങാലക്കുട: കുടുംബബന്ധങ്ങളില്‍ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ പരസ്പരമുള്ള സ്‌നേഹവും വിശ്വാസവുമാണ് കുടുംബത്തിന്റെ അടിസ്ഥാനമെന്ന് തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് കോമ്പാറ പറഞ്ഞു. ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ഒരു വര്‍ഷം നീണ്ടു നിന്ന ശതോത്തര സുവര്‍ണ ജൂബിലിയുടെ സമാപനഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതോടനുബന്ധിച്ച് കുടുംബ സമ്മേളനങ്ങളുടെ രജത ജൂബിലിയാഘോഷവും മതബോധന – ഭക്തസംഘടനകളുടെ വാര്‍ഷികാഘോഷവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. രൂപത ഫാമിലി അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ ഡോ.ജോജി കല്ലിങ്ങല്‍ അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ മുഖ്യാതിഥിയായിരുന്നു. രൂപത മതബോധന കേന്ദ്രം ഡയറക്ടര്‍ ഫാ.ടോം മാളിയേക്കല്‍, രൂപത ഏകോപന സമിതി സെക്രട്ടറി ഡോ.ആന്റോ കരിപ്പായി, വികാരി ഡോ. ബെഞ്ചമിന്‍ ചിറയത്ത്, മുരിയാട് പഞ്ചായത്തംഗം ടെസി ജോഷി, കുടുംബ സമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോണ്‍ ജോസഫ് ചിറ്റിലപിള്ളി, ജനറല്‍ കണ്‍വീനര്‍ തോമസ് തത്തംപിള്ളി, ഡി ഡി പി കോണ്‍വെന്റ് സുപ്പീരിയര്‍ മദര്‍ വിമല്‍ മരിയ, കൈക്കാരന്മാരായ കെ പി പിയൂസ്, പി.എല്‍.ജോസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികളും ഊരകം സാന്‍ജോ കമ്യൂണിറ്റിയുടെ  പത്താം മണിക്കൂര്‍ നാടകവും നടന്നു.
Advertisement