ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട ആളൂർ പഞ്ചായത്തിനെ മുകുന്ദപുരം താലൂക്കിൽ ഉൾപ്പെടുത്തണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ അഭിപ്രായമുയർന്നു. നിലവിൽ ചാലക്കുടി താലൂക്കിൽ ഉൾപ്പെട്ട ആളൂർ പഞ്ചായത്തിലെ ജനങ്ങൾക്ക് കൂടുതൽ കാര്യങ്ങൾക്കായി ആശ്രയിക്കേണ്ടത് മുകുന്ദപുരം താലൂക്ക് ആസ്ഥാനമായ ഇരിങ്ങാലക്കുടയെയാണെന്നും ജനപ്രതിനിധികൾ അഭിപ്രായപ്പെട്ടു. പുതുക്കാട് മേൽപാലം പൂർണമായും തൂണുകളിന്മേൽ നിലനിർത്തി നിർമ്മാണം പൂർത്തിയാക്കണമെന്നും താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. ജലസേചന സൗകര്യങ്ങളുടെ അഭാവം മൂലം കൃഷി ചെയ്യുന്നതിനുണ്ടാകുന്ന തടസ്സം നീക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജലസേചന വകുപ്പിനോടും കെ എസ് ഇ ബി അധികൃതരോടും യോഗം ആവശ്യപ്പെട്ടു. തോമസ് ഉണ്ണിയാടൻ എം എൽ എ അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ, അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രൻ, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ്, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണൻ, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് രതി ബാബു, നെന്മണിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. സുരേഷ്, ജില്ലാ പഞ്ചായത്തംഗം ജോസ് ചിറ്റിലപ്പിള്ളി, മന്ത്രിയുടെ പ്രതിനിധി ഇ.വി.സജീവ്, ചാലക്കുടി എംപി യുടെ പ്രതിനിധി എ. ചന്ദ്രൻ, പുതുക്കാട് എം എൽ എ യുടെ പ്രതിനിധി എ.വി. ചന്ദ്രൻ, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ ആന്റോ പെരുമ്പുള്ളി, കെ.സി. കാർത്തികേയൻ, സി.യു. പ്രിയൻ, വി.എം. മനോജ്, തഹസിൽദാർ എം. ശ്രീനിവാസ് എന്നിവർ പ്രസംഗിച്ചു




