പൊതുമ്പുചിറ ജലസംഭരണിയാക്കുവാനുള്ള ആ രണ്ടുകോടി രൂപ എവിടെ …?

440

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ വലിയ ജലാശയങ്ങളിലൊന്നായ പുല്ലൂര്‍ പൊതുമ്പുചിറ ജലസംഭരണിയാക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം കടലാസിലൊതുങ്ങിയ അവസ്ഥയിലാണ്. 2015 ലെ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിലാണ് ഇതിനായി രണ്ടുകോടി രൂപ വകയിരുത്തിയത്. പൊതുമ്പുചിറയുടെ ആഴം കൂട്ടി നാലുവശവും കരിങ്കല്‍ ഭിത്തി കെട്ടി ഉയര്‍ത്തി ജലസംഭരണി നിര്‍മിക്കുക എന്നുള്ളതായിരുന്നു പദ്ധതി. വര്‍ഷകാലത്ത് വിവിധ കൈത്തോടുകള്‍ വഴി എത്തിച്ചേരുന്ന വെള്ളം ചിറയില്‍ സംഭരിക്കുകയും പുഞ്ചകൃഷിക്കായി നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നിലം ഒരുക്കുന്നതിനു മുരിയാട് കായലില്‍നിന്നും ഒഴുക്കിക്കളയുന്ന വെള്ളവും തോടുവഴി പൊതുമ്പുചിറയില്‍ എത്തിക്കുക എന്നുള്ളതായിരുന്നു ഉദ്ദേശ്യം. ഇതുമൂലം വേനല്‍ക്കാലത്ത് പൊതുമ്പുചിറ നിറയെ വെള്ളമുണ്ടാകും. ഇതുവഴി സമീപപ്രദേശങ്ങളിലെ കിണറുകളിലെല്ലാം വെള്ളം വറ്റാതെ നില്‍ക്കും. കൃഷി ആവശ്യത്തിനു ആവശ്യമായ വെള്ളവും ചിറയില്‍നിന്ന് ലഭിക്കുന്നതിനും സാധിക്കും. ശുദ്ധജലത്തിനു കിണറുകളെ മാത്രം ആശ്രയിക്കുന്ന പുല്ലൂര്‍-ഊരകം-അവിട്ടത്തൂര്‍ പ്രദേശങ്ങളിലെ നൂറുകണക്കിനു കുടുംബങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഇതു ഏറെ ആശ്വാസമേകുന്നതായിരുന്നു. വേനല്‍ക്കാലത്ത് ഈ പ്രദേശങ്ങളിലുണ്ടാകുന്ന ശുദ്ധജലക്ഷാമത്തിനു പദ്ധതി പൂര്‍ത്തിയാകുന്നതോടെ പരിഹാരമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഈ പദ്ധതി ഇപ്പോള്‍ ബജറ്റ് പ്രസംഗത്തിലൊതുങ്ങി നില്‍ക്കുകയാണ്. സര്‍ക്കാരിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ചെറുകിട ജലസേചനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ മഴക്കാലത്ത് വന്നതോടെ ചിറയുടെ ആഴം കണക്കാക്കുന്നതിനുപോലും സാധിച്ചിരുന്നില്ല. ഇപ്പോള്‍ തുടര്‍നടപടികള്‍ ഇല്ലാത്തതിനാല്‍ പദ്ധതി കടലാസിലൊതുങ്ങിയ അവസ്ഥയാണ്.

Advertisement