വേണുജിക്ക് നൃത്യ പിതാമഹന്‍ ബഹുമതി

115

കൂടിയാട്ടം കുലപതിയും അഭിനയഗുരുവുമായ വേണുജിക്ക് ബംഗ്ലൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘യുറൈസ് വേദിക് സംഗീത അക്കാദമി’യുടെ നൃത്യ പിതാമഹന്‍ ബഹുമതി നല്‍കി ആദരിക്കുന്നു. നവരസ സാധന എന്ന അഭിനയപരിശീലന പദ്ധതി ആവിഷ്‌ക്കരിച്ച് നൂറിലേറെ ശില്പശാലകളിലൂടെ ആയിരത്തി അഞ്ഞൂറോളം നര്‍ത്തകര്‍ക്കും നടീനടന്‍മാര്‍ക്കും അഭിനയപരിശീലനം നല്‍കുന്നതിന് പുറമെ നാഷ്ണല്‍ സ്‌കൂള്‍ ആഫ് ഡ്രാമ (ഡല്‍ഹി), ഇന്റര്‍ കള്‍ച്ചറല്‍ തീയേറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (സിംങ്കപ്പൂര്‍) എന്നീ സ്ഥാപനങ്ങളില്‍ വിസിറ്റിങ് ഫാക്കല്‍റ്റിയായി ഒന്നര പതിററാണ്ടുകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കാളിദാസ നാടകങ്ങള്‍ ഇദംപ്രദമായി കൂടിയാട്ടത്തില്‍ ആവിഷ്‌ക്കരിച്ചതാണ് വേണുജിയുടെ മറ്റൊരു സംഭാവന. സ്വന്തമായി ആവിഷ്‌ക്കരിച്ച നൊട്ടേഷന്‍പദ്ധതിയിലൂടെ കേരളീയനാട്യ പാരമ്പര്യത്തിലെ 1341 കൈമുദ്രകള്‍ രേഖപ്പെടുത്തിയിട്ടുള്ള മുദ്ര എന്ന ബൃഹത് ഗ്രന്ഥം ഈയിടെയാണ് പ്രസിദ്ധീകരിച്ചത്. പ്രശസ്ത സംഗീതജ്ഞ ഗുരു മാ ചിന്മയിയുടെ നേതൃത്വത്തില്‍ കഴിഞ്ഞകാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്ന വേദിക് സംഗീത് നാടക അക്കാമദി ഒക്ടോബര്‍ 28ന് രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട നടനകൈരളിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഈ ബഹുമതി വേണുജിക്ക് സമര്‍പ്പിക്കുന്നു. കേരളസംഗീതനാടക അക്കാദമി ചെയര്‍മാന്‍ പത്മശ്രീ മടന്നൂര്‍ശങ്കരന്‍കുട്ടിമാരാര്‍ മുഖ്യാത്ഥിതിയായിരിക്കും. ഈ ചടങ്ങിനോടനുബന്ധിച്ച് പ്രശസ്ത കലാകാരി കപിലവേണു പാര്‍വ്വതി വിരഹം അഭിനയം അവതരിപ്പിക്കും.

Advertisement