സ്‌പെയിനിലേക്ക് പോകാന്‍ കഴിയുമോ എന്ന ആശങ്കയില്‍ ശ്രീരാജും കുടുംബവും

20

ഇരിങ്ങാലക്കുട: സ്പെയിനില്‍ ഫുട്ബോള്‍ പരിശീലനത്തിന് സെലക്ഷന്‍ ലഭിച്ചിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകാരണം പോകാന്‍ കഴിയുമോയെന്ന ആശങ്കയോടെ ശ്രീരാജും കുടുംബവും. പൊറത്തിശ്ശേരി നിര്‍മ്മിതി കോളനിയില്‍ താമസിക്കുന്ന ഇളയേടത്ത് വീട്ടില്‍ ഷാജിയുടെ മകന്‍ ശ്രീരാജിനാണ് സ്പെയിനില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ഫുട്ബോള്‍ പരിശീലനത്തിന് അവസരം ലഭിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ശ്രീരാജ് സ്‌കൂള്‍ ഫുട്ബോള്‍ ടീം അംഗമാണ്. പാലക്കാട് നടന്ന സെലക്ഷന്‍ ക്യാമ്പില്‍ നിന്നാണ് ശ്രീരാജിന് സ്പെയിനിലെ മിസ്ലത യു.എഫ്. വലെന്‍സിയ (mislata u.f. valencia) ക്ലബ്ബിലേക്ക് ഒരു മാസത്തെ ഫുട്ബോള്‍ പരിശീലനക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ഒരു മാസത്തെ ക്യാമ്പ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഒരു വര്‍ഷത്തേക്കുള്ള പരിശീലനത്തിന് അവസരം ലഭിക്കും. എന്നാല്‍ സ്പെയിനിലേക്കുള്ള യാത്രയ്ക്കും താമസത്തിനും വിസയ്ക്കും മറ്റുമായി നാലര ലക്ഷം രൂപ വേണം. ഇതില്‍ വിസയ്ക്കും താമസത്തിനുമുള്ള രണ്ടേ മുക്കല്‍ ലക്ഷം രൂപ ഈ മാസം 30ന് മുമ്പായി അടയ്ക്കണം. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഷാജിയുടെ ഏക വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. അമ്മ ശര്‍മ്മിള വീട്ടമ്മയാണ്. സഹോദരങ്ങള്‍ രണ്ടുപേരും പഠിക്കുകയാണ്. ചെറുപ്പം മുതല്‍ തന്നെ ഫുട്ബോള്‍ കളിച്ചുവളര്‍ന്ന ശ്രീരാജ് ഇതിനോടകം മികച്ച കളിക്കാരനുള്ള നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

Advertisement