‘പ്രവാസി സിങ്ങര്‍ യു.എ.ഇ. 2017’ വിജയി ഇരിങ്ങാലക്കുടക്കാരന്‍ രജനീഷ് വാസുദേവന്‍

552
ഇരിങ്ങാലക്കുട: നവംബര്‍ 24ന് ഫുജൈറ  ടെന്നീസ് & കണ്‍ട്രി ക്‌ളബ് സ്റ്റേഡിയത്തില്‍, അല്‍ ഫല ഗ്രൂപ്പും ഇന്ത്യന്‍ സോഷ്യല്‍ കളബ് ഫുജൈറയും റേഡിയോ മാംഗോ യു എ ഇ 96.2വും സംയുക്തമായി മണ്‍മറഞ്ഞുപോയ അനശ്വര സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്ററെ അനുസ്മരിച്ചു നടത്തിയ രവീന്ദ്രനാദം സീസണ്‍ 1 എന്ന സംഗീത മത്സരത്തില്‍ യു.എ.ഇ.യിലെ ഏറ്റവും നല്ല പ്രവാസി ഗായകനായി ഇരിങ്ങാലക്കുടക്കാരന്‍ രജനീഷ് വാസുദേവന്‍ തിരഞ്ഞെടുക്കപ്പെട്ടു. രജനീഷിന്, ഡോ.കെ.ജെ. യേശുദാസ് 25000 രൂപയും സര്‍ട്ടിഫിക്കറ്റും ഫലകവും അടങ്ങുന്ന അവാര്‍ഡ് നല്‍കി ആദരിച്ചു.  600 ഓളം മത്സരാര്‍ത്ഥികളില്‍ നിന്ന് തിരഞ്ഞെടുത്ത 270 പേരുടെ ഓഡിഷന്‍ റൗണ്ടിനു ശേഷം 7 ഫൈനലിസ്റ്റുകളാണ് 24നു വെള്ളിയാഴ്ച രാത്രി ഗാനഗന്ധര്‍വ്വന്‍ യേശുദാസ് അടക്കമുള്ള നിരവധി പിന്നണി ഗായികാഗായകന്മാര്‍ പങ്കെടുത്ത വേദിയില്‍ മത്സരിച്ചത്. നജിം അര്‍ഷാദ്, രാഹുല്‍ രാജ്, അന്‍വര്‍ സാദത്, ഷിബു ചക്രവര്‍ത്തി എന്നിവര്‍ നേതൃത്വം നല്‍കിയ ജഡ്ജിങ് പാനല്‍ ആണ് വിധിനിര്‍ണയം നടത്തിയത്.  ഇരിങ്ങാലക്കുടയിലെ കാട്ടുങ്ങചിറ ക്രൈസ്റ്റ് വിദ്യാനികേതനു സമീപം പ്‌ളാവിട പറമ്പില്‍ വീട്ടില്‍ വാസുദേവന്റെയും സൗമിനിയുടെയും മകനാണ് രജനീഷ്. കേരള യൂണിവേഴ്‌സിറ്റി എം.എ. മ്യൂസിക്കില്‍ രണ്ടാം റാങ്ക് വാങ്ങിയ രജനീഷ് വാസുദേവന്‍ ദുബായിയില്‍ കൈരളി കലാകേന്ദ്ര എന്ന സ്ഥാപനത്തിലെ മ്യൂസിക് ടീച്ചറാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 2005 ഡി-സോണ്‍ കലാപ്രതിഭയായിരുന്ന ഇദ്ദേഹം ക്രൈസ്റ്റ് വിദ്യാനികേതന്‍, ചിന്മയ, ശ്രുതിഭാരതി എന്നിവിടങ്ങളില്‍ സംഗീത അധ്യാപകനായി ജോലി ചെയ്തിരുന്നു.
Advertisement