ഇരിങ്ങാലക്കുട: കെ.എസ്.ആര്‍.ടി.സി. ഇരിങ്ങാലക്കുട ഓപ്പറേറ്റിങ്ങ് സെന്ററില്‍ നിന്നും വിജയകരമായി സര്‍വ്വീസ് നടത്തിയിരുന്ന നെല്ലിയാമ്പതി, മലക്കപ്പാറ, മൂന്നാര്‍ ജംഗിള്‍ സഫാരികള്‍ പുനരാരംഭിക്കുന്നു. നാലമ്പല തീര്‍ത്ഥാടനത്തിനായി നിറുത്തിവെച്ചിരുന്ന ഈ അവധി ദിവസങ്ങളിലെ ഉല്ലാസ യാത്രയാണ് കെ.എസ്.ആര്‍.ടി.സി. പുനരാരംഭിക്കുന്നത്. ഇതിന്റെ ബുക്കിങ്ങ് തിങ്കളാഴ്ച ആരംഭിക്കും. ആദ്യയാത്ര 21ന് ആരംഭിക്കും.സംസ്ഥാനത്ത് ഇരിങ്ങാലക്കുടയില്‍ നിന്നും പാലക്കാടുനിന്നുമാണ് കെ.എസ്.ആര്‍.ടി.സി. നെല്ലിയാമ്പതിയിലേക്ക് സര്‍വ്വീസുകള്‍ നടത്തുന്നത്. ഹില്‍ടോപ്പിലേക്ക് പോകുന്നതിന് വലിയ വണ്ടി പറ്റാത്തതിനാല്‍ 39 സീറ്റിന്റെ ചെറിയ ബസ്സാണ് സര്‍വ്വീസ് നടത്തുന്നത്. പ്രഭാത ഭക്ഷണവും, ഉച്ചഭക്ഷണവും, വൈകീട്ടത്തെ ചായയും സ്‌നാക്‌സും ഉള്‍പ്പടെ ഒരാള്‍ക്ക് 690 രൂപയാണ് ചാര്‍ജ്ജ്. രാവിലെ ആറരയ്ക്ക് ഇരിങ്ങാലക്കുടയില്‍ നിന്നും ആരംഭിക്കുന്ന യാത്ര പാലക്കാട് വടക്കഞ്ചേരിയിലൂടെ നെന്മാറ പോത്തുണ്ടി വഴിയാണ് നെല്ലിയാമ്പതിക്ക് പോകുന്നത്. വരയാടുമല സൈറ്റ് സീയിംഗ്, സീതാര്‍കുണ്ട് വ്യൂപോയിന്റ്, ഗവണ്‍മെന്റ് ഓറഞ്ച് ഫാം, കേശവന്‍പാറ പോയിന്റ്, പോത്തുണ്ടി ഡാം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് രാത്രി 8.30 ഓടെ തിരിച്ചെത്തും.ഇരിങ്ങാലക്കുടയില്‍ നിന്നും രാവിലെ 6.30ന് പുറപ്പെട്ട് രാത്രി പത്തുമണിക്ക് തിരിച്ചെത്തുന്ന തരത്തിലാണ് മൂന്നാര്‍ യാത്ര ഒരുക്കിയിരിക്കുന്നത്. ചാലക്കുടി വഴി കോതമംഗലം, ഭൂതത്താന്‍കെട്ട്, തൂക്കുപാലം, തട്ടേക്കാട്, കുട്ടംപുഴ, പൂയംകുട്ടി, മാമലകണ്ടം, പിയപ്പാറ, വാളറ, പീച്ച് വെള്ളച്ചാട്ടങ്ങള്‍, ലക്ഷ്മി എസ്റ്റേറ്റ്, മാങ്കുളം, പെരുമ്പന്‍കൂത്ത് വെള്ളച്ചാട്ടം, അണ്ണാകുളം, കല്ലാര്‍ എന്നി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചുവരുന്ന രീതിയിലാണ് യാത്ര. ഭക്ഷണമടക്കം 900 രൂപയാണ് ടിക്കറ്റ് നിരക്ക്.വെറ്റിലപ്പാറ, അതിരപ്പിള്ളി, വാഴച്ചാല്‍, ചാര്‍പ്പ വെള്ളച്ചാട്ടം, ഷോളയാര്‍ ഡാം, മലക്കപ്പാറ വരെ ജംഗിള്‍ സഫാരി എന്നിവയാണ് മലക്കപ്പാറ യാത്രയില്‍ ഒരുക്കിയിരിക്കുന്നത്. 430 രൂപയാണ് യാത്രാ ചിലവ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 9142626278, 0480 2823990.
നെല്ലിയാമ്പതി, മലക്കപ്പാറ, മൂന്നാര്‍ ജംഗിള്‍ സഫാരികള്‍ പുനരാരംഭിക്കുന്നു
Advertisement