നാലമ്പലം ദർശനത്തിനുള്ള ഒരുക്കങ്ങൾ തയ്യാറായി

36

ഇരിങ്ങാലക്കുട : നാലമ്പലം ദർശനത്തിനുള്ള ഒരുക്കങ്ങൾ തയ്യാറായി. കേരളത്തിൻറെ നാനാ ഭാഗത്ത് നിന്നും വരുന്ന ഭക്തജനങ്ങൾക്ക് മഴയും വെയിലും ഏല്ക്കാതെ ദർശനം നടത്തുന്നതിന് ക്ഷേത്രത്തിൻറെ എല്ലാ ഭാഗങ്ങളിലും പന്തൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് കൊട്ടിലാക്കൽ പറമ്പിലും, മണിമാളിക കെട്ടിടം പൊളിച്ചു മാറ്റിയ സ്ഥലത്തും, അതുപോലെ ദേവസ്വം വക കച്ചേരി പറമ്പിലും പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭക്തജനങ്ങൾക്ക് പടിഞ്ഞാറെ ഖാദി പറമ്പിലും , കിഴക്ക് ഭാഗത്ത് കൊട്ടിലാക്കൽ പറന്പിലും ടോയിലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം സെല്ലിൻറെ ഭാഗമായി 16 ഷെഡ്യുളുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.ദൂരെ നിന്നും കെ.എസ്.ആർ.ടി.സിയിൽ വരുന്ന ഭക്തജനങ്ങൾക്ക് ദേവസ്വം കീഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുകയും ഭക്തർക്ക് രാത്രിയിൽ തങ്ങി പിറ്റേന്ന് പ്രഭാതകൃത്യങ്ങൾ നടത്തി ക്ഷേത്ര ദർശനം നടത്തുവാനുള്ള സൗകര്യവും ഇത്തവണ ഒരുക്കിയിട്ടുണ്ട്. ആയതിൻറെ ഔപചാരിക ഉദ്ഘാടനം ഈ വരുന്ന ശനിയാഴ്ച (16.07.2022) വൈകീട്ട് 5 മണിക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു കൂടൽമാണിക്യം ക്ഷേത്ര പരിസരത്ത് നിർവ്വഹിക്കുന്നു.ഭക്തജനങ്ങൾക്ക് ചുക്കുകാപ്പി, കുടിവെള്ളം, കഞ്ഞി എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സംഗമേശ്വര ആയൂർവേദ ഗ്രാമത്തിൻറെ നേത്യത്വത്തിൽ പാസ്സ് മുഖേന ഔഷധ കഞ്ഞിയും നൽകുന്നുണ്ട്. ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിൻറെ നേത്യത്വത്തിൽ 2 തവണ നാലമ്പലം കോർഡിനേഷൻ കമ്മിറ്റി നടന്നു.യോഗത്തിൽ തിരുവിതാംക്കൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട്, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ, ബോർഡ് മെമ്പർമാർ, ദേവസ്വം ജീവനക്കാർ കൂടാതെ വിവിധ ഉദ്യോഗസ്ഥ മേധാവികൾ പങ്കെടുത്തു. നാലമ്പലം ദർശനം സുഗമമാക്കാൻ ഇരിങ്ങാലക്കുട ആർ.ഡി.ഒ. എം.എച്ച്. ഹാരിഷിൻറെ നേത്യത്വത്തിൽ മോണിറ്ററിംഗ് കമ്മിറ്റി ആരംഭിക്കുകയും മുൻസിപ്പാലിറ്റി, ഫയർ ഫോഴ്സ്, പോലീസ്, കെ.എസ്.ഇ.ബി. വാട്ടർ അതോറിറ്റി, ആരോഗ്യവിഭാഗം ഗവൺമെൻറ് ഹോസ്പിറ്റൽ മുതലായ ഗവൺമെൻറ് ഡിപ്പാർട്ട്മെൻറു മേധാവികളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. 17.07.2022 മുതൽ രാവിലെ 4 മണി മുതൽ 7.30 വരേയും അതിന് ശേഷം 8.15 മുതൽ10.30 വരേയും പിന്നീട് 11.15 മുതൽ 12 മണി വരേയും (ശനി ഞായർ മുതലായ അവധി ദിവസങ്ങളിൽ അധിക സമയവും ) വൈകുന്നേരം 5 മുതൽ ദർശന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Advertisement