ഇരിങ്ങാലക്കുട: ഐ.എസ്.ആര്‍.ഒ. പ്ലാനിറ്റോറിയം സജ്ജമാക്കാന്‍ നിര്‍മ്മിച്ച കെട്ടിടം ഇരിങ്ങാലക്കുട നഗരസഭ ലൈബ്രറിയാക്കി മാറ്റാനൊരുങ്ങുന്നു .പുതിയ തലമുറയ്ക്ക് ബഹിരാകാശ മേഖലയില്‍ ആഭിമുഖ്യം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ മുന്‍ നഗരസഭ ഭരണസമിതിയുടെ കാലത്താണ് നഗരസഭയുടെ കീഴിലുള്ള കുട്ടികളുടെ നെഹ്‌റു പാര്‍ക്കില്‍ വടക്കുഭാഗത്തായി പതിനഞ്ച് ലക്ഷം രൂപ ചിലവഴിച്ച് ആയിരം ചതുരശ്ര അടിയില്‍ കെട്ടിടം നിര്‍മ്മിച്ചത്. യുവതലമുറയ്ക്ക് ബഹിരാകാശ പ്രവര്‍ത്തനങ്ങളെ കുറിച്ച് ബോധവാന്മാരാക്കാനും ഈ രംഗത്ത് അവര്‍ക്ക് താല്‍പര്യം വര്‍ദ്ധിപ്പിക്കുന്നതിനായിട്ടാണ് ഐ.എസ്.ആര്‍.ഒ.യുടെ മേല്‍നോട്ടത്തില്‍ സബ് സെന്റര്‍ ഒരുക്കാന്‍ നടപടി ആരംഭിച്ചത്. കെട്ടിടം നല്‍കിയാല്‍ അതിലേക്കാവശ്യമായ റോക്കറ്റിന്റേയും മറ്റും മാതൃകകളും അനുബന്ധസാധന സാമഗ്രികളും ഐ.എസ്.ആര്‍.ഒ. സജ്ജമാക്കുമെന്നായിരുന്നു ധാരണ. ഇതിനായി ആദ്യം ഗവ. മോഡല്‍ ബോയ്‌സ് ഹൈസ്‌കൂളിന്റെ മുന്‍വശത്തെ പഴയ കെട്ടിടം ഐ.എസ്.ആര്‍.ഒ.യ്ക്ക് കൈമാറാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മുനിസിപ്പല്‍ പാര്‍ക്കിനോട് ചേര്‍ന്ന് കെട്ടിടം നിര്‍മ്മിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഐ.എസ്.ആര്‍.ഒ. പദ്ധതി നിറുത്തലാക്കിയതോടെ അതിനായി നിര്‍മ്മിച്ച കെട്ടിടം കാടുകയറി. ഈ കെട്ടിടമാണ് നവീകരിച്ച് ലൈബ്രറിയ്ക്കായി ഉപയോഗപ്പെടുത്താന്‍ നഗരസഭ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഈ വര്‍ഷം തന്നെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും നഗരസഭ വ്യക്തമാക്കി. വൈകീട്ട് നാലുമുതലാണ് ലൈബ്രറി തുറക്കുക. ആളുകള്‍ക്ക് വന്നിരുന്ന് ആനുകാലികങ്ങളും പുസ്തകങ്ങളും വായിക്കാന്‍ കഴിയുന്നതരത്തില്‍ ലൈബ്രറി- റീഡിങ്ങ് റൂം സജ്ജീകരണങ്ങളോടെയാണ് പ്രവര്‍ത്തനം ആരംഭിക്കുക
