ഇരിങ്ങാലക്കുട: മലയാളത്തിലെ മുഖ്യധാര സിനിമ പലപ്പോഴും സമൂഹത്തിലെ അധികാരഘടനകളെ ആവർത്തിച്ച് ഉറപ്പിക്കാൻ ശ്രമിക്കുന്നവയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭ, തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രോൽസവം, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന മൂന്നാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേളയുടെ ഉദ്ഘാടനം മാസ് മൂവീസിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രാന്തവല്ക്കരിക്കപ്പെടുന്നവരുടെ അനുഭവങ്ങൾ ആവിഷ്ക്കരിക്കാൻ മുൻപ് മലയാളസിനിമ ശ്രദ്ധ ചെലുത്തിയിരുന്നു. എന്നാൽ ഇന്ന് ജീവിതവുമായി പുലബന്ധമില്ലാത്ത പ്രമേയങ്ങൾക്കാണ് സ്വീകാര്യത ലഭിക്കുന്നതെന്നും ഇത് ലജ്ജാകരണമാണെന്നും മന്ത്രി പറഞ്ഞു. സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻമാസ്റ്റർ അധ്യക്ഷനായിരുന്നു. മേളയുടെ ഭാഗമായി പുറത്തിറക്കുന്ന ഫെസ്റ്റിവൽ ഗൈഡ് മന്ത്രി പ്രകാശനം ചെയ്തു. ക്രൈസ്റ്റ് കോളേജിലെ ഫിലിം ക്ലബ് മെമ്പർ ആൻ സിൻഡ്രല്ല എറ്റ് വാങ്ങി.ഉദ്ഘാടന ചിത്രമായ ” ദി പോർട്രേയ്റ്റസ്’ ൻ്റെ സംവിധായകൻ ഡോ. ബിജു ദാമോദരൻ, കേരള ഷോർട്ട് ഫിലിം ലീഗിൻ്റെ അവാർഡ് നേടിയ ” ദി ലോ ” യുടെ നിർമ്മാതാവ് ഷാജു വാലപ്പൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡോ. ബിജു ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. നടി സിജി പ്രദീപ്, മാസ് മൂവീസ് പ്രൊപ്രൈറ്ററും നിർമ്മാതാവുമായ റാഫേൽ പി തോമസ് എന്നിവർ ആശംസകൾ നേർന്നു. സൊസൈറ്റി പ്രസിഡണ്ട് വി ആർ സുകുമാരൻ സ്വാഗതവും വൈസ് – പ്രസിഡണ്ട് മനീഷ് വർഗ്ഗീസ് നന്ദിയും പറഞ്ഞു.
മലയാളത്തിലെ മുഖ്യധാര സിനിമ പലപ്പോഴും സമൂഹത്തിലെ അധികാരഘടനകളെ ആവർത്തിച്ച് ഉറപ്പിക്കാൻ ശ്രമിക്കുന്നവയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു
Advertisement