ഈ ദിനം വായനാശീലമുള്ളവരെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു

27

ലോകപ്രശസ്തഗ്രന്ഥകാരന്‍ വില്യംഷേക്‌സ്പിയറിനോടുള്ള ആദരസൂചകമായി, അദ്ദേഹത്തിന്റെ ചരമദിനമായ 1616 ഏപ്രില്‍ 23നാണ് ലോകപുസ്തകദിനം സമാരംഭിച്ചത്. ‘ഒരിക്കലും വേര്‍പിരിയാത്തകൂട്ടുകാരാണ്, പുസ്തകങ്ങളെന്ന്’ ഈ ദിനം വായനാശീലമുള്ളവരെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യരെ പരസ്പരം അകന്നു നില്‍ക്കാന്‍ നിര്‍ബന്ധിതരാക്കുന്ന കോവിഡ് കാലഘട്ടം ഓരോരുത്തരുടേയും മാനസികശാരീരിക പ്രവര്‍ത്തനങ്ങളില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത പലവ്യതിയാനങ്ങളും വരുത്തിത്തീര്‍ക്കുന്നു. പ്രകൃതിയില്‍നിന്ന് അനുനിമിഷം അകന്നുകൊണ്ടീരിക്കുന്ന മനുഷ്യവംശത്തിന്, പ്രകൃതിഅറിഞ്ഞു നല്‍കിയ ശിക്ഷതന്നെയാണ്, പരസ്പരം അകന്നുനില്‍ക്കണമെന്ന ‘കൊറോണിയന്‍’ ആശയമെന്ന് തോന്നുന്നു.കഴിഞ്ഞ പുസ്തകദിനത്തിലും നമ്മള്‍ ഈ ഭീകരനായ വൈറസ്സിന്റെ പിടിയില്‍ത്തന്നെയായിരുന്നു. പുറത്തിറങ്ങി മനുഷ്യരോടിഴപഴകാന്‍ പറ്റാത്ത അവസ്ഥയില്‍ നമുക്ക് സഹായമായെത്തുന്നത് മഹത്തായ ഗ്രസ്ഥങ്ങള്‍ മാത്രമാണ്. മഹാഭാരതം, രാമായണം, യുദ്ധവുംസമാധാനവും, കരാമസോവ് സഹോദരങ്ങള്‍, പാവങ്ങള്‍, വിശ്വചരിത്രാവലോകനം, ഖസാക്കിന്റെ ഇതിഹാസം, തുടങ്ങിയ അനുപമഗ്രന്ഥങ്ങളിലൂടെ കടന്നുപോകുമ്പോള്‍, വാല്മീകി, വ്യാസന്‍, ടോള്‍സ്‌റ്റോയ്, വിക്ടര്‍യൂഗോ, ജവഹര്‍ലാല്‍നെഹുറു, ഒ.വി.വിജയന്‍ വരെയുള്ള പ്രതിഭാശാലികളുടെ ആത്മാവിലേയ്ക്കിറങ്ങിച്ചെന്ന പ്രതീതിയാണനുഭവപ്പെടുക. മാത്രമല്ല, അതുവരെ നമ്മെ വലയം ചെയ്തിരുന്ന മാനസിക പിരിമുറുക്കങ്ങള്‍ക്കും അസ്വാസ്ഥ്യങ്ങള്‍ക്കും അയവുവന്ന പുതിയ ഉണര്‍വ്വ് ആവേശിച്ച അവസ്ഥയിലായിത്തീരും തീര്‍ച്ച. ഉയര്‍ന്ന ചിന്തയും, എളിയജീവിതവും കൈവന്നത് ഉത്തമഗ്രന്ഥങ്ങളുടെ സമ്പര്‍ക്കം വഴിയാണ്, ബാല്യത്തില്‍ത്തന്നെ,ശാരീരികവളര്‍ച്ചയോടൊപ്പം മാനസിക വളര്‍ച്ചക്കും, പുതിയകാലം പരമപ്രധാന്യം നല്‍കുന്നു. ഈ പ്രക്രിയക്ക് ആധാരശിലയായി വര്‍ത്തിയ്ക്കുന്നത് സദ്ഗ്രന്ഥങ്ങളിലെ അടിസ്ഥാന ആശയങ്ങള്‍ തന്നെയാണ്. ആധുനിക സാങ്കേതികവിദ്യയുടെ അരങ്ങേറ്റത്തോടെ എഴുത്തിലും, വായനയിലും ആസ്വാദനത്തിലും പുതിയൊരുമാനവും, മാറ്റവും കൈവന്നിരിക്കുന്നു. പുസ്തകങ്ങളില്‍ നിന്ന് ലഭിക്കുന്ന സംതൃപ്തിയും, സായൂജ്യവും സാങ്കേതികമികവില്‍ നിന്ന് ലഭിക്കുന്നില്ല എന്നത് പുസ്തകങ്ങളുടെ അനിവാര്യതയെ തുറന്നു കാണിക്കുന്നു.

Advertisement