മരണസംസ്‌കാരത്തിന് പകരം ജീവ സംസ്‌കാരം സൃഷ്ടിച്ച് പരിപോഷിപ്പിക്കണം: മാര്‍ പോളി കണ്ണൂക്കാടന്‍

87

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതാ പ്രോലൈഫ് ദിനാചരണവും പ്രോലൈഫ് ട്രസ്റ്റിന്റെ പ്രവര്‍ത്തനോദ്ഘാടനവും ഓഫീസ് വെഞ്ചരിപ്പും ഇരിങ്ങാലക്കുട രൂപതാ ഭവനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സദസ്സില്‍ വച്ച് നടന്നു. മരണസംസ്‌കാരത്തെ ഇല്ലായ്മ ചെയ്ത് ജീവ സംസ്‌കാരം സൃഷ്ടിക്കുവാനും ആ ജീവ സംസ്‌കാരം പരിപോഷിപ്പിക്കുവാനും നമുക്ക് അടിസ്ഥാനപരമായ ഉത്തരവാദിത്വവും കടമയുമുണ്ടെന്നും അത് നിര്‍വഹിക്കുവാന്‍ എല്ലാവരും മുമ്പോട്ട് വരണമെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. പിതാവിന്റെ ഷഷ്ഠി പൂര്‍ത്തി സ്മാരകമായി രൂപതയിലെ കുടുംബങ്ങളെ ആത്മീയമായും സാമ്പത്തികമായും മാനസികമായും സഹായിക്കുവാന്‍ വേണ്ടിയുള്ള ഈ ട്രസ്റ്റ് മാര്‍ പോളികണ്ണൂക്കാടന്‍ പിതാവിന്റെ സ്വപ്ന പദ്ധതിയാണ്. പ്രതിമാസം 2000 രൂപ നിരക്കില്‍ അര്‍ഹരായ നിര്‍ധന കുടുംബങ്ങള്‍ക്ക് 5 വര്‍ഷത്തേക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിക്ക് ഇതിനോടൊപ്പം തുടക്കം കുറിച്ചു. കൂടാതെ കുട്ടികളുടെ പഠന ചിലവിലേക്കായി സ്‌കോളര്‍ഷിപ്പുകള്‍, മറ്റ് സഹായ പദ്ധതികള്‍ മുതലായവ ഈ ട്രസ്റ്റിലൂടെ നടപ്പിലാക്കുവാനാണ് തീരുമാനം. രൂപതാ വികാരി ജനറാളും ട്രസ്റ്റ് പ്രസിഡന്റുമായ മോണ്‍.ജോസ് മഞ്ഞളി സ്വാഗതം ആശംസിക്കുകയും പ്രോലൈഫ് രംഗത്തെ പ്രവാചക ശബ്ദമായ ഡോ. ഫിന്റോ ഫ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ജനറാള്‍മാരായ മോണ്‍ ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയി പാല്യേക്കര എന്നിവരും CMI ദേവമാത പ്രൊവിന്‍ഷ്യല്‍ റവ.ഫാ. ഡേവീസ് പനക്കലും അനുഗ്രഹ പ്രഭാഷണം നടത്തി. KCBC ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍സന്‍സിമേതി , KCBC പ്രോലൈഫ് സംസ്ഥാന സമിതി പ്രസിഡണ്ടും, സീറോ മലബാര്‍ സഭയുടെ പ്രൊലൈഫ് അപ്പോസ്തലേറ്റിന്റെ സെക്രട്ടറിയായ സാബു ജോസ്, CMC ഉദയ പ്രൊവിന്‍ഷ്യല്‍ സി.ഡോ.വിമല,, KCBC പ്രോലൈഫ് സമിതി വൈസ് പ്രസിഡന്റ ജെയിംസ് ആഴ്ചങ്ങാടന്‍, ട്രസ്റ്റ് സെക്രട്ടറി ജോളി ജോസഫ് , ബിന്‍ഷ ജോബി എന്നിവര്‍ പ്രസംഗിച്ചു. ട്രസ്റ്റ് ഡയറക്ടര്‍ ഫാ.ജോജി പാലമറ്റത്ത്, ട്രസ്‌ററ് ജോയിന്റ് ഡയറക്ടറും രൂപതാ ചാന്‍സറുമായ റവ ഫാ. നെവിന്‍ ആട്ടോക്കാരന്‍ , അസി.ഡയറക്ടര്‍ റവ.ഫാ സിബു കള്ളാപറമ്പില്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേത്യത്വം നല്‍കി. രൂപതാ കൂരിയയില്‍ തന്നെ ആരംഭിച്ച ഓഫീസ് ഉദ്ഘാടനം നടത്തുകയും വെഞ്ചരിക്കുകയും ചെയ്തു. ട്രസ്റ്റിന്റെ ലോഗോ ട്രസ്റ്റ് സെക്രട്ടറി ജോളി ജോസഫിന് കൈമാറി കൊണ്ട് രൂപതാ മെത്രാന്‍ പ്രകാശനം നടത്തി. സന്യാസിനി സഭകളുടെ പ്രൊവിന്‍ഷ്യാള്‍മാര്‍ , ഫൊറോന വികാരിമാര്‍ , രൂപതയിലെ ആശുപത്രി ഡയറക്ടന്മാര്‍, രൂപതാ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും ഭാരവാഹികള്‍, കാത്തലിക് കപ്പിള്‍സ് മൂവ്‌മെന്റ് , രൂപതാ പ്രോലൈഫ് സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള സഭയില്‍ ഇത്തരത്തില്‍ ആദ്യമായി ഇരിങ്ങാലക്കുട രൂപത ആരംഭിച്ച ട്രസ്റ്റിനെ അഭിനന്ദിച്ചുകൊണ്ടുള്ള കെസിബിസി പ്രൊലൈഫ് സംസ്ഥാന സമിതിയുടെ അനുമോദനപത്രം ഡയറക്ടര്‍ ഫാ. പോള്‍സണ്‍ സിമേതിയും പ്രസിഡന്റ് സാബു ജോസും ചേര്‍ന്ന് ചടങ്ങില്‍ വച്ച് ട്രസ്റ്റ് ഭാരവാഹികള്‍ക്ക് കൈമാറി.

Advertisement