ഇരിങ്ങാലക്കുട : മകളുടെ വിവാഹാഘോഷത്തിന് വേണ്ടി നീക്കിവെച്ചിരുന്ന പണം
ഒരു നിര്‍ധന കുടുംബത്തിന് വീട് വെച്ച് നല്‍കി കടുപ്പശ്ശേരി
ചിറ്റിലപ്പിളളി കോക്കാട്ട് ജോയി സമൂഹത്തിന് തന്നെ മാതൃകയാകുന്നു.
സ്വന്തമായി ഒരു സ്ഥാപനം നടത്തുകയും കഠിനാദ്ധ്വാനത്തിലൂടെ അത്
വളര്‍ത്തിയെടുക്കുകയും കുറച്ച് പേര്‍ക്ക് സ്വന്തം ഗ്രാമത്തില്‍ തന്നെ
ജോലി കൊടുക്കുകയും ചെയ്ത ജോയി കോവിഡ് മൂലം സമൂഹ ഒത്തുചേരലിന്
നിയന്ത്രണങ്ങള്‍ ഉളളതിനാല്‍ മകള്‍ ഫെബയുടെ വിവാഹാഘോഷങ്ങള്‍ക്കായി നീക്കി
വെച്ചിരുന്ന പണമാണ് ഒരു നിര്‍ധന കുടുംബത്തിന് എല്ലാ ചിലവുകളും വഹിച്ച്
കൊണ്ട് ഒരു ഭവനം നിര്‍മ്മിച്ച് നല്‍കിയത്്. മകളുടെ വിവാഹത്തോടനുബന്ധിച്ച്
നിര്‍മ്മിച്ച് നല്‍കിയ ഈ സ്വപ്‌നഭവനം മകള്‍ക്ക് കൊടുക്കുന്ന ഏറ്റവും നല്ല
നന്മയുടെ സമ്മാനമായിട്ടാണ് അദ്ദേഹം കാണുന്നത്. കടുപ്പശ്ശേരി സ്വദേശി
പള്ളിത്തറ ദേവസികുട്ടിയുടെ കുടുംബത്തിനാണ് ഭവനം നിര്‍മ്മിച്ച്
നല്‍കിയത്.ഭവനത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഇരിങ്ങാലക്കുട ബിഷപ്പ്
മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചിരുന്നു.ഭവനത്തിന്റെ വെഞ്ചരിപ്പ്
കര്‍മ്മം ഫാ. വില്‍സണ്‍ കോക്കാട്ട് സി.എം.ഐ നിര്‍വഹിച്ചു. ഭവനത്തിന്റെ
താക്കോല്‍ദാന കര്‍മ്മം ചിറ്റിലപ്പിളളി കോക്കാട്ട് ജോയിയുടെ പിതാവ് പൗലോസ്
കോക്കാട്ട് നിര്‍വഹിച്ചു.വെളളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ടെസ്സി
ജോയ്, വേളൂക്കര പഞ്ചായത്തംഗം ഷീബ നാരായണന്‍, വേളൂക്കര മുന്‍ പഞ്ചായത്ത്
വൈസ് പ്രസിഡന്റ് കെ.ടി പീറ്റര്‍, പ്രഫ കെ.എം വര്‍ഗ്ഗീസ്, ഡേവിസ്
ഇടപ്പിളളി എന്നിവര്‍ സംസാരിച്ചു. ജോയ് കോക്കട്ട് സ്വാഗതവും,ദേവസികുട്ടി
നന്ദിയും പറഞ്ഞു.
മകളുടെ വിവാഹ ചെലവിനായി മാറ്റിവെച്ച പണം കൊണ്ട് നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കി
Advertisement