കാരുണ്യ’ കോവിഡ് റിലീഫ് കിറ്റ് വിതരണം ചെയ്തു

104

വരന്തരപ്പള്ളി : കോവിഡ് കാലത്ത് വരുമാനം നിലച്ച തൃശ്ശൂര്‍ ജില്ലയിലെ
ദരിദ്ര കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി എന്‍.എച്ച്.ആര്‍.എഫ് (നാഷണല്‍
ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം) സംഘടിപ്പിച്ച ‘കാരുണ്യ’ കോവിഡ് റിലീഫ്
കിറ്റിന്റെ വിതരണോത്ഘാടനം വരന്തരപ്പള്ളി പോലീസ് എസ്.എച്ച്.ഒ
ജയകൃഷ്ണന്‍.എസ്,നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് ഫോറം ദേശീയ ജനറല്‍ സെക്രട്ടറി
വി.ആര്‍ സജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഒരു മാസക്കാലത്തേയ്ക്കുള്ള പലവ്യഞ്ജനങ്ങള്‍, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രോട്ടീന്‍ പൗഡര്‍, സാനിറ്റൈസര്‍ എന്നിവയടങ്ങുന്ന ഒരു കിറ്റാണ് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തത്.കാരുണ്യ കോവിഡ് റിലീഫ് പദ്ധതി തൃശ്ശൂര്‍ ജില്ലയില്‍ പലയിടങ്ങളിലും മറ്റ്
ജില്ലകളിലും ജനമൈത്രി പോലീസുമായി സഹകരിച്ച് നടപ്പിലാക്കുന്നതിനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്. കോവിഡ് ആരംഭകാലത്ത് ഉണ്ടായിരുന്ന ദുരിത നിവാരണ
പദ്ധതികള്‍ പലതും നിലയ്ക്കുകയോ പാതി വഴിയില്‍ മുടക്കം വരുകയോ ചെയ്ത
പശ്ചാത്തലത്തിലാണ് എന്‍.എച്ച്.ആര്‍.എഫിന്റെ ഈ സംരംഭമെന്നത് പ്രസക്തമാണ്
എന്ന് എസ്.എച്ച്.ഒ എസ്.ജയകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.ദി ഇന്റര്‍നാഷണല്‍
സ്‌കൂള്‍ ഓഫ് തൃശ്ശൂര്‍ അടക്കം ചില സന്നദ്ധത സംഘടനകളും പ്രാദേശികമായി ഈ
സംരംഭത്തില്‍ കൂട്ടായി സഹകരിക്കുന്നുണ്ട്. റിലീഫ് കിറ്റ് വിതരണത്തിന്
എന്‍.എച്ച്.ആര്‍.എഫ് ജില്ലാ കമ്മിറ്റി അംഗം സലീഷ് സി.എസ്, ട്രഷറര്‍ പോളി
ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.സമാന ആശയഗതിക്കാരായ സംഘടനകളും
വ്യക്തികളുമായി ചേര്‍ന്ന് ജനമൈത്രി പോലീസ് മുഖാന്തിരം ഈ പദ്ധതി
തുടരുമെന്ന്് എന്‍.എച്ച്.ആര്‍.എഫ് ചെയര്‍മാന്‍ അഡ്വ. ശ്രീജിത്ത് മേനോന്‍
, വൈസ് ചെയര്‍മാന്‍ കെ.വിനോദ് എന്നിവര്‍ അറിയിച്ചു.

Advertisement