ഇരിങ്ങാലക്കുട: കമ്പനിയിൽ രോഗവ്യാപനത്തിന് കാരണം അതിഥി തൊഴിലാളികൾ അല്ലെന്ന് വിശദീകരിച്ച് കെഎസ്ഇ അധികൃതർ.കെ എസ് ഇ കമ്പനിയില്‍ അതിഥി തൊഴിലാളികളെ ജോലിയ്ക്ക് എത്തിച്ചത് കോവീഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എന്ന് കമ്പിനി മാനേജ്‌മെന്റിന്റെ വിശദീകരണം.കെ എസ്. ഇ ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടര്‍ എ. പി. ജോര്‍ജ് പുറത്തിയ വാര്‍ത്ത കുറിപ്പ് .അമ്പതു വർഷത്തിലധികം പാരമ്പര്യമുള്ളതും, ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെട്ടതും ഇരിങ്ങാലക്കുടക്കാര്‍ ആരംഭിച്ചതുമായ കേരളത്തിലെ ഒരു പ്രമുഖ വ്യവസായ സ്ഥാപനമാണ് കെ. എസ്. ഇ ലിമിറ്റഡ്.ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വളരെയധികം ആരോപണങ്ങൾ കമ്പനിക്കുനേരെ ഉയർന്നുവന്ന സാഹചര്യത്തിൽ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി സമൂഹത്തിൽ ഉണ്ടായ തെറ്റിദ്ധാരണ നീക്കേണ്ടത് അത്യന്തം ആവശ്യമാണ് എന്നതുമൂലമാണ് ഈ സന്ദേശം പങ്കുവെയ്ക്കാന്‍ തയ്യാറായത്.ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ കേരളം മുഴുവന്‍ അടച്ചിടല്‍ പ്രഖ്യാപിച്ചപ്പോള്‍ അവശ്യവിഭാഗത്തിൽ പെടുന്ന കാലിത്തീറ്റ ഉൽപ്പാദനം തുടരുവാൻ കമ്പനിക്ക് സാധിക്കുകയും ക്ഷീര കർഷകർക്ക് ആയത് ഫലപ്രദമായി എത്തിച്ചു കൊടുക്കാൻ കഴിയുകയും ചെയ്തു. എല്ലാവിധ കോവിഡ് നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചായിരുന്നു കമ്പനി ഉൽപാദനം നടത്തിയിരുന്നത്. വേറെ കാലിത്തീറ്റകള്‍ ലഭ്യമല്ലാത്തതിനാല്‍ കെ എസ് കാലിത്തീറ്റയ്ക്ക് വിപണിയിൽ നല്ല ആവശ്യകത ഉണ്ടായിരുന്നതിനാല്‍, ജീവനക്കാരുടെ കുറവ് ഉണ്ടായിരുന്നെങ്കിലും, ലഭ്യമായ ജീവനക്കാരുടെ ആത്മാർത്ഥപരിശ്രമം കൊണ്ട് നല്ല രീതിയിൽ ഉൽപ്പാദനം നടത്തി വിപണനവും സാധിച്ചു.ഇത്തരത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കമ്പനി എല്ലാവിധ സര്‍ക്കാര്‍ ജാഗ്രതാനിര്‍ദ്ദേശങ്ങളും അക്ഷരാര്‍ത്ഥത്തില്‍ പാലിച്ചുവന്നിരുന്നു. സോപ്പും സാനിറ്ററൈസറും ഉപയോഗിച്ചു കൈ വൃത്തിയാക്കല്‍, ഊഷ്മാവ് അളക്കല്‍, കമ്പനിയിലേയ്ക്കു പ്രവേശിക്കുന്ന എല്ലാ ജീവനക്കാരും മറ്റു വിഭാഗക്കാരും മുഖാവരണം ധരിക്കല്‍, കമ്പനി പരിസരം മുഴുവന്‍ അണുനശീകരണം മുറയ്ക്കു നടത്തല്‍, അകത്തേക്കു വരുന്ന വാഹനങ്ങള്‍ അണുനശീകരിക്കല്‍, സ്പര്‍ശം ഉഴിവാക്കാനായി ജീവനക്കാരുടെ പഞ്ചിങ്ങ് നിര്‍ത്തിവയ്ക്കല്‍ തുടങ്ങിയ എല്ലാ മുന്‍കരുതലുകളും കമ്പനി കര്‍ക്കശമായി നടപ്പാക്കിയിരുന്നു.
തുടര്‍ച്ച .മറ്റു വ്യവസായസ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവൃത്തിക്കുന്ന രീതിയില്‍ത്തന്നെ, ഒരു വിഭാഗം അതിഥിത്തൊഴിലാളികള്‍ നമ്മുടെ കമ്പനിയിലും സേവനമനുഷ്ഠിക്കുന്നുണ്ട്. വര്‍ഷങ്ങളായി അവരുടെ സേവനം കമ്പനിയെ നിലനിർത്തി കൊണ്ടുപോകുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. മാര്‍ച്ച് 23നു ആരംഭിച്ച പരിപൂര്‍ണ അടച്ചിടലിനു മുൻപ് അവരവരുടെ നാട്ടില്‍പ്പോയിരുന്ന പകുതിയോളം അതിഥി ത്തൊഴിലാളികൾക്കു തന്മൂലം മടങ്ങി വരുവാന്‍ സാധിച്ചില്ല. അതിനാൽ കയറ്റിറക്കു ജോലിക്കു നാട്ടുകാരായ താല്‍ക്കാലിക ജീവനക്കാരെ ആണ് അധികമായി ഉപയോഗിച്ച് പോന്നത്. ലോക്ക്‍ഡൗൺ അവസാനിച്ചപ്പോള്‍, ഇരുപത്തിഒന്നു അതിഥിത്തൊഴിലാളികൾ കേരള സര്‍ക്കാര്‍ പാസ്സ് എടുത്തു ജൂണ്‍ 22നു ഇരിഞ്ഞാലക്കുടയില്‍ എത്തിച്ചേരുകയും അവരെ പ്രത്യേക പാര്‍പ്പിടങ്ങളില്‍ ആരോഗ്യവകുപ്പിന്‍റെ നിയന്ത്രണത്തില്‍ ക്വാറന്‍റൈനില്‍ താമസിപ്പിക്കുകയും, പതിനഞ്ചാം ദിവസം ജോലിക്കു കയറുവാന്‍ അനുവദിക്കുകയും ചെയ്തു. ജൂൺ 25 നു ആറു അതിഥിത്തൊഴിലാളികൾകൂടി എത്തിയപ്പോൾ അവരെയും ആരോഗ്യ വകുപ്പിന്‍റെ നിയന്ത്രണത്തില്‍ താമസിപ്പിക്കുകയും നിയമപ്രകാരം ഉള്ള സമയം കഴിഞ്ഞു ജൂലൈ 10നു ജോലിചെയ്യുവാന്‍ അനുവദിക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ അതിൽ ഒരാൾക്ക് ജൂലൈ 10 നു കാലത്തുത്തന്നെ കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചപ്പോൾ, ഉടനെ അവരെമുഴുവന്‍ തിരികെ ക്വറന്‍റൈനിലാക്കുകയും ചെയ്തു.
ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശപ്രകാരം ജൂലായ് ഒമ്പതാം തീയതി സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സമ്പർക്കം കൂടുതൽ വരുന്ന വിവിധ വിഭാഗങ്ങളിലെ പതിനെട്ട് ജീവനക്കാരെ ടെസ്റ്റിന് വിധേയമാക്കി. അതിന്‍റെ ഫലം ജൂലായ് പന്ത്രണ്ടാം തീയതി ഞായറാഴ്ച വന്നപ്പോൾ, കുറച്ചു പോസിറ്റീവ് കേസുകള്‍ റിപ്പോർട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ മുനിസിപ്പാലിറ്റി, കമ്പനിക്ക് താല്‍ക്കാലിക അടച്ചിടല്‍ ഉത്തരവ് നൽകുകയും, കമ്പനി ജൂലായ് പന്ത്രണ്ടാം തിയ്യതിതന്നെ അടച്ചിടുകയും, ജീവനക്കാർ മുഴുവൻ ക്വാറന്‍റൈനിൽ പോവുകയും ചെയ്തു.
തുടര്‍ച്ച .ജൂലൈ 9നു സാമ്പിൾ എടുത്തതിന്‍റെ റിസൾട്ട് ആണ്, ഞായറാഴ്ച ജൂലൈ 12നു വന്നത്. അതിഥി തൊഴിലാളികൾ എല്ലാവരും നിർദ്ദിഷ്ട ക്വാറന്‍റൈന്‍ കാലാവധി കഴിഞ്ഞാണ് ജോലിയിൽ പ്രവേശിച്ചിട്ടുള്ളത്. ജൂലായ് 11ന് അതിഥി തൊഴിലാളികൾ ജോലിക്കു പ്രവേശിക്കുന്നതിനു മുമ്പു ജൂലായ് 9 നു തന്നെ മേല്‍പ്പറഞ്ഞ പതിനെട്ടുപ്പേരുടെ സാമ്പിൾ എടുക്കുകയും, അതില്‍ കുറച്ചുപേര്‍ക്ക് പിന്നീട് 12നു രോഗം സ്ഥീരീകരിക്കുകയുമാണ് ഉണ്ടായത്. ഇതില്‍നിന്നു, കമ്പനിക്കുള്ളില്‍ അതിഥിത്തൊഴിലാളികള്‍ രോഗവ്യാപനത്തിന് കാരണക്കാരല്ലെന്നുള്ളതും മറ്റു ജീവനക്കാര്‍ക്ക് രോഗം ബാധിച്ചത് വേറെ ഉറവിടം വ്യക്തമല്ലാത്ത മാര്‍ഗത്തിലൂടെയുമാണെന്ന് തീര്‍ച്ചപ്പെടുത്താം.
കമ്പനി താല്‍ക്കാലികമായി അടച്ചിട്ടതിനുശേഷം എല്ലാ ജീവനക്കാരെയും ടെസ്റ്റിനു വിധേയമാക്കുകയും അതില്‍ രോഗം സ്ഥിരീകരിച്ച ചുരുക്കം ചിലരെ ചികത്സക്കായി അയയ്ക്കുകയും ചെയ്തിട്ടുണ്ട്. നാളിതുവരെ ആരോഗ്യവിഭാഗം നല്‍കിവരുന്ന എല്ലാ നിര്‍ദ്ദേശങ്ങളും കമ്പനി പരിപൂര്‍ണമായി പാലിച്ചുവന്നിട്ടുണ്ട്.
കമ്പനിയിൽ രോഗവ്യാപനത്തിന് കാരണം അതിഥി തൊഴിലാളികൾ അല്ലെന്ന് വിശദീകരിച്ച് കെഎസ്ഇ അധികൃതർ.
Advertisement