കെട്ടിട നിര്‍മാണത്തിനുള്ള ബില്‍ഡിങ്ങ് പെര്‍മിറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിൽ ബി.ജെ.പി. അംഗങ്ങളുടെ പ്രതിഷേധം

49

ഇരിങ്ങാലക്കുട: നഗരസഭയിലെ ഇരുപത്തിയാറാം വാര്‍ഡിലെ വാണിജ്യ സമുച്ചയ നിര്‍മാണത്തിനുള്ള ബില്‍ഡിങ്ങ് പെര്‍മിറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്ട്ട് ബി. ജെ. പി. അംഗങ്ങളുടെ പ്രതിഷേധം. ചൊവ്വാഴ് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിന്റെ ആരംഭത്തിലാണ് ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ ഹൈക്കോടതി വിധിയുടെ മറവില്‍ നല്‍കിയ പെര്‍മിറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടത്. അപേക്ഷ നല്‍കിയ 2014 ഏപ്രിലില്‍ നല്‍കിയ അപേക്ഷ നിരസിച്ച നഗരസഭ പിന്നീട് കോടതി വിധിയുടെ മറവില്‍ പെര്‍മിറ്റ് നല്‍കുകയായിരുന്നുവെന്ന് സന്തോഷ് ബോബന്‍ കുറ്റപ്പെടുത്തി. പെര്‍മിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും സന്തോഷ് ബോബന്‍ ആരോപിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ നഗരസഭയിലെ തന്നെ ഏറ്റവും താഴ്ന്ന പ്രദേശമായ ഇവിടെ വെള്ളക്കെട്ട് രൂക്ഷമാകും. തണ്ണീര്‍ത്തട നിയമത്തിന്റെ നഗ്നമായ ലംഘനമാണ് കെട്ടിട നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടിയ സന്തോഷ് ബോബന്‍ പെര്‍മിറ്റ് റദ്ദാക്കണെന്നും ആവശ്യപ്പെട്ടു. വാര്‍ഡു കൗണ്‍സിലര്‍ കൂടിയായ ബി. ജെ. പി. അംഗം അമ്പിളി ജയനും കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട പ്ലക്കാര്‍ഡുമായാണ് കൗണ്‍സില്‍ യോഗത്തിനെത്തിയത്. എന്നാല്‍ നഗരത്തിലെ ബൈപ്പാസ്സ് റോഡിലെ അനതിക്യത കെട്ടിട നിര്‍മാണത്തിന് അനുകൂല നിലപാടെടുത്ത ബി. ജെ. പി. അംഗം ഈ വിഷയത്തില്‍ മുതല കണ്ണീരൊഴുക്കുകയാണന്ന് എല്‍. ഡി. എഫ്. അംഗം എം. സി. രമണന്‍ പറഞ്ഞു. സമീപ പ്രദേശങ്ങളില്‍ മറ്റ് കെട്ടിടങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബൈപ്പാസ്സ് റോഡിലെ അനധികൃത കെട്ടിട നിര്‍മാണത്തിന് അനുകൂല നിലപാടെടുത്തവരാണ് ഇപ്പോള്‍ കെട്ടിട നിര്‍മാണത്തിന് എതിരു നില്‍ക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ എല്‍. ഡി. എഫ് അംഗം പി. വി. ശിവകുമാര്‍ നിയമം നിയമത്തിന്റെ വഴിക്കു പോകണമെന്നും തെറ്റുകളുണ്ടെങ്കില്‍ തിരുത്തണമെന്നും ആവശ്യപ്പെട്ടു. പരാതികള്‍ ഉയര്‍ന്ന സ്ഥിതിക്ക് സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്താമെന്ന് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ് പറഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ നഗരസഭ സെക്രട്ടറിയും മുനിസിപ്പല്‍ എഞ്ചിനിയറും സംയുക്തമായി സ്ഥലം സന്ദര്‍ശിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് സെക്രട്ടറി വിശദീകരിച്ചു.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടവും, ആരോഗ്യ വകുപ്പും നഗരസഭയോട് കൂടിയാലോചന നടത്തുന്നില്ലെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം. ഭരണകക്ഷിയംഗം എം. ആര്‍. ഷാജുവാണ് വിഷയം ഉന്നയിച്ചത്. വാര്‍ഡുതല കമ്മറ്റികളുടെ അധ്യക്ഷന്മാര്‍ വാര്‍ഡു കൗണ്‍സിലര്‍മാരായിട്ടും യാതൊരു അറിയിപ്പും ലഭിക്കുന്നില്ല. നമഗരസഭയിലെ പൊറത്തിശ്ശേരി മേഖലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും എം. ആര്‍. ഷാജു പറഞ്ഞു. പൊറത്തിശ്ശേരി മേഖലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത് താനൊ സെക്രട്ടറിയോ അറിഞ്ഞില്ലെന്നും മാധ്യമങ്ങളിലൂടെ തന്നെയാണ് താനും അറിഞ്ഞതെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നഗരസഭയുമായി സഹകരക്കുന്നില്ലെന്നും ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു കുറ്റപ്പെടുത്തി. നഗരസഭയുടെ കോവിഡ് കെയര്‍ സെന്ററായ കാട്ടൂങ്ങച്ചിറയിലെ ഔവര്‍ ഹോസ്പിറ്റല്‍ കോവിഡ് ആശുപത്രിയാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ്, വാര്‍ഡു കൗണ്‍സിലര്‍ ബേബി ജോസ് കാട്ട്‌ള എന്നിവര്‍ ആവശ്യപ്പെട്ടു. മാപ്രാണം ലാല്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള രോഗികളെ അങ്ങോട്ട് മാറ്റി ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ കോവിഡ് വാര്‍ഡുകള്‍ ആരംഭിക്കാമെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു പറഞ്ഞു.
മാടായികോണത്ത് ആരോഗ്യ പ്രവര്‍ത്തകക്ക് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം പ്രചരിപ്പിച്ച ആശാ പ്രവര്‍ത്തകക്കെതിരെ നടപടി വേണമെന്ന് കൗണ്‍സില്‍ യോഗത്തില്‍ ആവശ്യം. ആരോഗ്യ പ്രവര്‍ത്തകക്ക് പിന്‍തുണ നല്‍കേണ്ട സഹ പ്രവര്‍ത്തകര്‍ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും നടപടി വേണമെന്നും കൗണ്‍സില്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു.

Advertisement