കരുവന്നൂര്‍ പുത്തന്‍തോടിനെയും താമരവളയം പെരുംതോടിനെയും ബന്ധിപ്പിക്കുന്ന സ്ലൂയിസ് കനാലിന് വീതി കൂട്ടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു

130


കരുവന്നൂര്‍: കരുവന്നൂര്‍ പുത്തന്‍തോടിനെയും താമരവളയം പെരുംതോടിനെയും ബന്ധിപ്പിക്കുന്ന സ്ലൂയിസ് കനാലിന് വീതി കൂട്ടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇത് മുരിയാട് കായല്‍ മേഖലയിലെ നെല്‍കൃഷിക്ക് ഏറെ സഹായകരമാകും. മുരിയാട് കായല്‍ മേഖലയിലെ ജലവിതാനം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് ഈ സ്ലൂയിസാണ്. കോള്‍നിലങ്ങളും മുണ്ടകന്‍ പാടങ്ങളും ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശത്ത് കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വെള്ളം എടുക്കുന്നതിനുവേണ്ടി നിര്‍മിക്കപ്പെട്ടതാണ് ഈ തോട്. ഈ തോട്ടില്‍ നിന്ന് വെള്ളമെടുത്താണ് കരുവന്നൂര്‍ പുഴയുടെ തെക്ക് കിഴക്ക് ഭാഗങ്ങളില്‍ പരന്നു കിടക്കുന്ന 11,000 ഏക്കര്‍ നെല്‍പാടങ്ങളില്‍ കൃഷി ചെയ്ത് ആയിരകണക്കിനു കുടുംബങ്ങളും പതിനായിരകണക്കിന് കര്‍ഷക തൊഴിലാളികളും ഉപജീവനം നടത്തിപോന്നിരുന്നത്. എന്നാല്‍ കെഎല്‍ഡിസി എംഎം കനാലിന്റെ നിര്‍മാണം ഈ പ്രദേശത്തെ കര്‍ഷകരെ ദുരിതത്തിലാഴ്ത്തുകയാണുണ്ടായത്. ഈ കനാല്‍ പണിതതോടുകൂടി ഈ 11,000 ഏക്കറില്‍ സുഗമമായി കൃഷിയിറക്കാന്‍ കഴിയാതായി. ഈ അവസരം മുതലാക്കി ഈ കൃഷിനിലങ്ങള്‍ ഇഷ്ടിക മണല്‍ ലോബികള്‍ വാങ്ങിക്കൂട്ടി. താമരവളയം പെരുംതോട്ടില്‍ ഇവര്‍ നിക്ഷേപിക്കുന്ന പാഴ്വസ്തുക്കള്‍ കുന്നുകൂടുകയും ആയിരകണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ മലമൂത്ര വിസര്‍ജനവും ഈ തോട്ടിലേക്ക് തന്നെ ഒഴുക്കുവാനും തുടങ്ങി. ഇതോടെ താമരവളയം പെരുംതോട് പാഴ്വസ്തുക്കളുമായി നീരൊഴുക്ക് തടസപ്പെട്ടു. കൂടാതെ 36 മീറ്റര്‍ വീതിയില്‍ നിര്‍മിച്ച കെഎല്‍ഡിസി എംഎം കനാലില്‍ നിന്ന് ഇപ്പോള്‍ ഉദ്ദേശം 24 മീറ്റര്‍ വീതിയുള്ള താമരവളയം പെരുംതോട്ടിലേക്ക് നീരൊഴുക്കിന് ഒന്നര മീറ്റര്‍ വീതിയില്‍ ഒരു സ്ലൂയിസ് നിര്‍മിച്ചിരിക്കുകയാണ്. കായല്‍ മേഖലയിലെ അധിക ജലം നെടുംതോട് വഴി കരുവന്നൂര്‍ പുഴയിലേക്ക് ഒഴുക്കിവിടുന്നത് ഈ സ്ലൂയിസ് വഴിയാണ്. ആദ്യകാലങ്ങളില്‍ 10 മീറ്റര്‍ വീതിയുണ്ടായിരുന്നു ഇതിന്. എന്നാല്‍ കെഎല്‍ഡിസി കനാല്‍ നിര്‍മാണത്തിന്റെ ഭാഗമായി ബണ്ടുകെട്ടിയതോടെ സ്ലൂയിസ് ഒന്നരമീറ്ററോളമായി ചുരുങ്ങി. ഇത് ഏഴ് മീറ്ററെങ്കിലുമാക്കി നിലനിര്‍ത്തണമെന്ന് കൃഷിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ തയാറായിട്ടില്ല. ഇതിനെ തുടര്‍ന്ന് മുരിയാട് കായല്‍ മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമാകുകയും കൃഷിമുടക്കം പതിവാകുകയുമാണുണ്ടായത്. മുരിയാട് കായല്‍ മേഖലയിലെ അനധികൃത ഇഷ്ടിക കളങ്ങളില്‍ നിന്നുമുള്ള വാഹനങ്ങളും മണല്‍ ലോറികളും സ്ലൂയിസിന്റെ മുകളിലൂടെയുള്ള ചെറിയ പാലത്തില്‍ കൂടിയാണ് വരുന്നത്.

Advertisement