ഇരിങ്ങാലക്കുട: വാടാനപ്പിള്ളി ചെട്ടിക്കാട് പ്രദേശത്തെ എ ഐ വൈ എഫ് യൂണിറ്റ് സെക്രട്ടറിയായിരുന്ന വാടാനപ്പിള്ളി വില്ലേജ് തൃത്തല്ലൂര്‍ ചെട്ടിക്കാട് ദേശത്ത് ഏറച്ചംവീട്ടില്‍ ഹംസ മകന്‍ അന്‍സില്‍ 26 കൊലപ്പെടുത്തുകയും പുതുവീട്ടില്‍ മുഹമ്മദാലി മകന്‍ ഹസൈന്‍ 26 എന്നയാളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ മൂന്ന് പ്രതികളെഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.എസ്.രാജീവ് ജീവപര്യന്തം കഠിനതടവിനും 50000 രൂപ പിഴക്കും ശിക്ഷ വിധിച്ചു. ഒന്നാം പ്രതി സ്പൈഡര്‍ അനു എന്ന് വിളിക്കുന്ന അരുണ്‍ (29), രണ്ടാം പ്രതി അത്തു എന്ന് വിളിക്കുന്ന നിഖില്‍ (29), നാലാം പ്രതി പ്രണവ് എന്ന് വിളിക്കുന്ന പെടലി(23) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. 2014 നവംബര്‍ 18ന് വൈകിട്ട് തൃപ്രയാര്‍ ഏകാദശി ഉത്സവം കണ്ടു മടങ്ങുകയായിരുന്നു അന്‍സില്‍നെയും കൂട്ടുകാരന്‍ ഹസൈന്‍നെയും കഞ്ചാവിനും മയക്കുമരുന്നിനും അടിമകളായ ക്രിമിനല്‍ സംഘം തടഞ്ഞുനിര്‍ത്തി വടിവാളും, ഇരുമ്പുവടിയും, ഇരുമ്പ്പൈപ്പ്, കരിമ്പ് ,കൊന്ന പത്തല്‍ എന്നിവകൊണ്ട് മാരകമായി ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ അന്‍സില്‍ ഒളരി മദര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയാണ് ഉണ്ടായത്. കൂടെയുണ്ടായിരുന്ന ഹസൈന്‍ എന്നയാള്‍ക്കും പരിക്കേറ്റിരുന്നു. തീരദേശത്തെ സ്ഥിരം കുറ്റവാളികളും ക്രിമിനലുകളുമാണ് അന്‍സിലിനെ ആക്രമിച്ചത് എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കൊലപാതകത്തിന്നാസ്പദമായ സംഭവത്തിനു മുമ്പായി തൃപ്രയാര്‍ പോളിടെക്നിക് ഹോസ്റ്റലില്‍ നടന്ന അക്രമ സംഭവത്തിന് തുടര്‍ച്ചയായിട്ടാണ് അക്രമം അരങ്ങേറിയത്. ഏകാദശി വേളയിലും ഉണ്ടായ അക്രമവും കൊലപാതകവും ഏറെ കോളിളക്കം സൃഷ്ടിക്കപെട്ടതാണ്.വലപ്പാട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ.ജി ആന്റണി രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊടുങ്ങല്ലൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജെ പീറ്റര്‍, വലപ്പാട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍. രതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 40 സാക്ഷികളെ വിസ്തരിക്കുകയും 58 രേഖകള്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതികളെ കുറ്റക്കാരെന്ന് കണ്ടത്.
അന്‍സില്‍ വധം : പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും 50000 രൂപ പിഴയും വിധിച്ചു
Advertisement