ഭര്‍തൃ പീഡനത്താല്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന് തടവും പിഴയും

426

ഇരിഞ്ഞാലക്കുട: നിരന്തരമായി ഭര്‍ത്താവിന്റെ മാനസികവും ശാരീരികവുമായ പീഡനത്താല്‍ ഉള്ള മനോവിഷമത്തില്‍ യുവതി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് ശ്രീധരന്‍ മകന്‍ ശ്രീനിവാസനെ (49) കുറ്റക്കാരനെന്ന് കണ്ടു 5 വര്‍ഷം തടവിനും 50,000 രൂപ പിഴ ഒടുക്കുന്നതിനും ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ജോമോന്‍ ജോര്‍ജ് ശിക്ഷിച്ചു. പ്രതി സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ വന്ന് വഴക്കുണ്ടാക്കാറുണ്ടായിരുന്നു . പ്രതിയുടെ നിരന്തരമായ മാനസികവും ശാരീരികവുമായ പീഡനം കൊണ്ടും പ്രേരണ മൂലവും പ്രതിയുടെ ഭാര്യ സിന്ധു 17. 3 .2013 രാവിലെ ആറ് മണിക്ക് പ്രതിയുടെ വീടിന്റെ മുറ്റത്ത് വച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയും ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 23 .3 .2013 പകല്‍ 11 മണിക്ക് മരണപ്പെടുകയും ചെയ്തു. ചാലക്കുടി ഡിവൈഎസ്പി ആയിരുന്നു ടി കെ തോമസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.മരണപ്പെട്ട സിന്ധുവിന്റെ മകന്റെ മൊഴിയാണു കേസില്‍ നിര്‍ണായക തെളിവായത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി .ജെ ജോബി, അഡ്വക്കേറ്റ് മാരായ ജിഷ ജോബി ,അല്‍ജോ പി ആന്റണി , എബിന്‍ ഗോപുരന്‍,വി എസ് ദിനല്‍ എന്നിവര്‍ ഹാജരായി

 

Advertisement