കൂടല്‍മാണിക്യം നവരാത്രി സംഗീതോത്സവം 29 മുതല്‍

345

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ദേവസ്വം നാദോപാസന ഇരിങ്ങാലക്കുടയും സംയുക്തമായി നടത്തുന്ന പ്രഥമ നവരാത്രി സംഗീതോത്സവം സെപ്തംബര്‍ 29 ഞായര്‍ മുതല്‍ ഒക്ടോബര്‍ 7 തിങ്കളാഴ്ച വരെ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയില്‍ പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തില്‍ സംഘടിപ്പിക്കുന്നു. ഈ വര്‍ഷത്തെ കൂടിയാട്ടത്തിനുള്ള കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവ് അമ്മന്നൂര്‍ കുട്ടന്‍ ചാക്യാര്‍ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. കൂടല്‍മാണിക്യം ചെയര്‍മാന്‍ യു.പ്രദീപ് മേനോന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എ.എം.സുമ, നാദോപായന പ്രസിഡന്റ് എം.കൃഷ്ണന്‍കുട്ടിമാരാര്‍, കെ.എന്‍.പിഷാരടി സ്മാരക കഥകളി ക്ലബ് പ്രസിഡന്റ് എ.അഗ്നിശര്‍മ്മന്‍, വീണ വിദ്ധ്വാന്‍ കലൈമാമണി മുടികൊണ്ടാന്‍ എ.എന്‍ രമേശ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് വേദ വിനയകുമാര്‍, വിശ്വരാജ് വിനയകുമാര്‍ എന്നിവരുടെ സോപാന സംഗീതവും മുടികൊണ്ടാന്‍ എ.എന്‍ രമേശ് അവതരിപ്പിക്കുന്ന വീണ കച്ചേരിയും ഉണ്ടായിരിക്കും. ദിവസവും വൈകീട്ട് 5 മണി മുതല്‍ സംഗീത വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സംഗീതാരാധനയും 6 മണി മുതല്‍ പ്രശസ്തരും യുവ പ്രതിഭകളുമായ സംഗീതജ്ഞര്‍ പങ്കെടുക്കുന്ന സംഗീത കച്ചേരിയും ഉണ്ടായിരിക്കും. 29 ന് കലൈമാമണി മുടികൊണ്ടാന്‍ എ.എന്‍ രമേശ് 30 ന് രഞ്ജിനി കോടംപള്ളി, ഒക്ടോബര്‍ 1 ന് ആനന്ദ് കെ.രാജ്, 2 ന് വെച്ചൂര്‍ ശങ്കര്‍ എന്നിവര്‍ സംഗീത കച്ചേരികള്‍ അവതരിപ്പിക്കും. ഒക്ടോബര്‍ 3ന് തൃശ്ശൂര്‍ നാദതരംഗം അവതരിപ്പിക്കുന്ന വാദ്യ സമന്വയവും 4 ന് ചാലക്കുടി രഘുനാഥ് അവതരിപ്പിക്കുന്ന പുല്ലാകുഴല്‍ കച്ചേരിയും ഉണ്ടായിരിക്കും. ഒക്ടോബര്‍ 5,6,7 തിയതികളില്‍ യഥാക്രമം വെള്ളിനേഴി ഭരദ്വാജ് സുബ്രഹ്മണ്യം, പ്രൊഫ.മാവേലിക്കര പി.സുബ്രഹ്മണ്യം, മാതംഗി സത്യമൂര്‍ത്തി എന്നിവര്‍ സംഗീത കച്ചേരികള്‍ അവതരിപ്പിക്കും. നാദോപാസനയുടെ 28 വര്‍ഷത്തിന്റെ ഭാഗം കൂടിയാണ് ഈ സംഗീതോത്സവമെന്ന് കൂടല്‍മാണിക്യം ചെയര്‍മാന്‍ യു.പ്രദീപ് മേനോന്‍, അഡ്മിനിസ്‌ട്രേറ്റര്‍ എ.എം.സുമ, നാദോപസന സെക്രട്ടറി പി.നന്ദകുമാര്‍, എ.എസ്.സതീശന്‍, കെ.ആര്‍.മുരളീധരന്‍, സി.നന്ദകുമാര്‍, കെ.കെ.ഭരതന്‍, കെ.ജി.സുരേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Advertisement