ഇരിങ്ങാലക്കുട: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് കാവലായി പിങ്ക് പോലീസ് ഇരിങ്ങാലക്കുടയില്‍ പട്രോള്‍ തുടങ്ങിയിട്ട് നൂറു ദിനങ്ങള്‍ പിന്നിടുന്നു. ഇതിനിടെ നാടറിഞ്ഞതും അറിയാത്തതുമായ ഒരുപാട് സേവനങ്ങള്‍, നിയമസഹായം, ഉപദേശങ്ങള്‍, എന്തിന് ബസ് സ്റ്റാന്‍ഡില്‍ തിരക്കേറിയ സമയങ്ങളില്‍ വിദ്യാര്‍ഥിനികളെ ബസില്‍ കയറ്റി വിടാനും വരെ ഇവര്‍ മുന്‍കൈ എടുത്തിരുന്നു. ഈ വര്‍ഷം ജൂണ്‍ ഒന്നിനാണ് ജില്ലാ പോലീസ് മേധാവി കെ.പി. വിജയകുമാര്‍ ഇരിങ്ങാലക്കുടില്‍ പിങ്ക് പോലീസിന്റെ പ്രവര്‍ത്തനം ആരംഭം കുറിച്ചത്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള വാഹനത്തില്‍ വനിതകള്‍ മാത്രമടങ്ങുന്ന പോലീസിന്റെ പിങ്ക് പട്രോള്‍ സംവിധാനം ഏറെ ഗുണം ചെയ്തതായാണ് പൊതുജനങ്ങള്‍ പോലും വിലയിരുത്തുന്നത്. സഹായം തേടി വിളിച്ചവരുടയും പരാതി പറയാന്‍ വിളിച്ചവരുടെയും എണ്ണം നിരവധിയാണ്. പരാതികളില്‍ പരിഹാരം കാണുന്നതിനും സഹായങ്ങള്‍ നല്‍കുവാനും ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. പൂവാല ശല്യത്തെക്കുറിച്ച് പരാതി പറയാനാണ് ഭൂരിഭാഗം ഫോണ്‍ കോളുകളും. ഡ്രൈവര്‍ ഉള്‍പെടെ പൂര്‍ണമായും വനിതാ പോലീസുകാര്‍ കൈകാര്യം ചെയ്യുന്ന പട്രോളിംഗ് വാഹനം സ്‌കൂള്‍, കോളജ്, ഓഫീസുകള്‍, ലേഡീസ് ഹോസ്റ്റലുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ പട്രോളിംഗ് നടത്തുന്നത് സത്രീകളില്‍ സുരക്ഷിതത്വ ബോധം പകരാനും സുരക്ഷ വര്‍ധിപ്പിക്കാനും ഏറെ സഹായകമാണെന്നും അനുഭവങ്ങള്‍ സൂചിപ്പിക്കുന്നു. സ്ത്രീകളെ പിന്‍തുടര്‍ന്ന് ശല്യപ്പെടുത്തല്‍, സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്നിന്റെ വില്പന തുടങ്ങിയവ തടയുന്നതിനും പിങ്ക് പട്രോള്‍ സാന്നിധ്യം ഏറെ സഹായിക്കുന്നുണ്ട്.കുട്ടികളെയും സ്ത്രീകളെയും സംബന്ധിച്ച പ്രശ്നങ്ങളില്‍ സേവനം ആവശ്യമെങ്കില്‍ മറക്കാതെ വിളിക്കാം 1515 ല്‍. രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറുവരെ ഏതു സമയത്തും ഈ വിളിപ്പാട് ദൂരത്ത് പിങ്ക് പോലീസ് സേവനം ഉറപ്പ്. ഈ നമ്പറില്‍ കോള്‍ കിട്ടിയില്ലെങ്കില്‍ 0480-28230050 എന്ന നമ്പറില്‍ വിളിച്ചാലും പിങ്ക് പട്രോള്‍ സേവനം ലഭ്യമാകും.