‘എഴുത്തുകാരി സുന്ദരിയെങ്കില്‍ പുസ്തകം ശ്രദ്ധനേടും” എന്ന മുകുന്ദന്റെ പ്രസതാവനയോട് ഇരിങ്ങാലക്കുടയുടെ കവയത്രി ശ്രീമതി റെജില ഷെറിന്റെ പ്രതികരണം:

563

ഇരിങ്ങാലക്കുട : ആദ്യം മുകുന്ദേട്ടന്റെ വാക്കുകളെ സ്‌നേഹപൂര്‍വ്വം നിരീക്ഷിക്കുകയാണ് ഞാന്‍.
ശേഷം എന്റെ അഭിപ്രായത്തിലേക്ക് കടക്കട്ടെ.മനുഷ്യകുലത്തില്‍ പുരുഷനേക്കാള്‍ ആകര്‍ഷണം തോന്നുന്ന വിധത്തിലാണ് സ്ത്രീയുടെ സൃഷ്ടിപ്പ് നടന്നിരിക്കുന്നത്. എങ്കിലും പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്ക് സമൂഹം നല്‍കുന്ന പ്രത്യേകപരിഗണനകള്‍ സൗന്ദര്യത്തെ മാത്രം ആശ്രയിക്കുന്ന ഒന്നാണെന്ന് തോന്നുന്നില്ല.പുരുഷനെ അപേക്ഷിച്ച് അവള്‍ക്കുള്ള ശാരീരികമായ ചില ബലഹീനതകള്‍,അവളോടുള്ള ആദരവുകള്‍,അവളുടെ സ്‌നേഹം നിറഞ്ഞ പെരുമാറ്റങ്ങള്‍ ,സൗമ്യത,കാരുണ്യം എന്തിന് പുഞ്ചിരി പോലും ഈ സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് സ്ത്രീകളെ ആകര്‍ഷിച്ച് നിര്‍ത്തുന്ന ഒന്നാണ്.യാഥാര്‍ത്ഥ്യങ്ങളില്‍ ഭാവനയുടെ നിറങ്ങള്‍ ചാലിച്ച് സത്യമേത് മിഥ്യയേത് എന്നിങ്ങനെ തിരിച്ചറിയുവാന്‍ പോലും പറ്റാത്തവിധത്തില്‍ സന്ദര്‍ഭങ്ങളെ ഇഴചേര്‍ത്ത് എഴുതുവാന്‍ പെണ്ണെഴുത്തുകള്‍ക്ക് കൂടുതല്‍ സാധിക്കുന്നു എന്ന് എനിക്ക് തോന്നാറുണ്ട് പലപ്പോഴും.എല്ലാ സ്ത്രീകളിലും സൗന്ദര്യമുണ്ട്,ആന്തരികമായും ബാഹ്യമായും.അതില്‍ തന്നെ മനോഹാരിത കൂടിയ എഴുത്തുകാരികളും നാട്ടില്‍ ധാരാളമുണ്ട്.എഴുത്തുകാരോടുള്ള ഇഷ്ടം അവരുടെ എഴുത്തുകളോടും തോന്നുന്നു എന്നുള്ളത് സത്യമാണെങ്കിലും നല്ല സാഹിത്യ സൃഷ്ടികളോടുള്ള ഇഷ്ടങ്ങള്‍ അങ്ങിനെയൊരു ലോകം സൃഷ്ടിച്ച വൃക്തിയോടുള്ള ആരാധനയായി പിന്നീട് മാറുന്നു എന്നതാണ് കൂടുതലായും ഇവിടെ സംഭവിച്ച് കൊണ്ടിരിക്കുന്നത്.എഴുത്തുകാരുടെ ഓരോ
സൃഷ്ടികളും പല കോണുകളിലാണ് വീക്ഷിക്കപ്പെടുന്നത്.എനിക്ക് തോന്നുന്നത് സൗന്ദര്യത്തെ ദര്‍ശിക്കുവാന്‍ സാധ്യമല്ലാത്ത വിധത്തില്‍ എഴുതപ്പെട്ട സൃഷ്ടികള്‍ അത് ആരുടേതായാലും സമൂഹം അംഗീകരിക്കുകയില്ലെന്നാണ്.എഴുത്തുകാരിയുടെ എഴുത്തുകളിലുള്ള സൗന്ദര്യബോധത്തെയാണ് ജനം എപ്പോഴും ശ്രദ്ധിക്കുകയും ചേര്‍ത്ത്‌നിര്‍ത്തുകയും ചെയ്യുക എന്നതാണ് എന്റെ മനസ്സിന്റെ മന്ത്രണം.ആ നിലക്ക് ഈ വാര്‍ത്തയെ എഴുത്തുകാരിയുടെ മനസ്സ് സുന്ദരമെങ്കില്‍ പുസ്തകം കൂടുതല്‍ ശ്രദ്ധ നേടും എന്നിങ്ങനെ വായിക്കുവാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.

റെജില ഷെറിന്‍

Advertisement