സഭയുടെ ദൗത്യം അപരന്റെ വേദനകളില്‍ പങ്കു ചേരുന്നതിന് : കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

387

ഇരിങ്ങാലക്കുട : കത്തോലിക്കാ സഭയുടെ ദൗത്യം അപരന്റെ വേദനകളില്‍ പങ്കുചേരുന്നതിനാണെന്ന് സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇരിങ്ങാലക്കുട രൂപത നേതൃത്വം നല്‍കുന്ന ‘ബ്ലസ് എ ഹോം’ പദ്ധതിയുടെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍. ഇതര രൂപതകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും പ്രചോദനമാകുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് ‘ബ്ലസ് എ ഹോം’ പദ്ധതിയിലൂടെ ഇരിങ്ങാലക്കുട രൂപത നാനാജാതി മതസ്ഥരായ ആയിരക്കണക്കിന് മനുഷ്യര്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊടുക്കുമ്പോഴാണ് നാം കൂടുതല്‍ വളരുകയെന്നും പാവപ്പെട്ടവരോടുള്ള നമ്മുടെ കടമ നിര്‍വഹിക്കുമ്പോള്‍ നാം സമൂഹത്തില്‍ ക്രിസ്തുവിന് യഥാര്‍ഥത്തില്‍ സാക്ഷ്യം വഹിക്കുന്നവരായി മാറുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. കുടുംബങ്ങളെ സംരക്ഷിക്കാന്‍ ഇരിങ്ങാലക്കുട രൂപത നല്‍കുന്ന മുന്‍ഗണനയും അതിനോടനുബന്ധിച്ചുള്ള ദര്‍ശനങ്ങളും അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും മാനുഷിക മൂല്യങ്ങളെ മുറുകെ പിടിച്ച് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഒരു സമൂഹം രൂപപ്പെടുത്താനാണ് നാം പരിശ്രമിക്കേണ്ടതെന്നും കര്‍ദ്ദിനാള്‍ പ്രൗഢോജ്വലമായ സദസിനെ ഓര്‍മപ്പെടുത്തി.
ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. കത്തോലിക്കാ സഭയുടെ മഹനീയത അടങ്ങിയിരിക്കുന്നത് ശ്രേഷ്ഠമായ കാര്യങ്ങളിലല്ല മറിച്ച് കാരുണ്യത്തിലാണെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. പത്താം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ബ്ലസ് എ ഹോം പദ്ധതിയിലൂടെ ഏകദേശം പത്തുകോടി രൂപ വിവിധ തരത്തില്‍ രൂപതയ്ക്ക് അകത്തും പുറത്തുമുള്ള മൂവായിരത്തില്‍പരം കുടുംബങ്ങള്‍ക്ക് നല്‍കുന്നതിന് അക്ഷീണം പരിശ്രമിച്ച വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്‍മായ സഹോദരങ്ങള്‍ക്കും ബിഷപ് കൃതജ്ഞത രേഖപ്പെടുത്തി.
അപ്പസ്തോലിക്ക് നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് പാനികുളം അനുഗ്രഹ പ്രഭാഷണവും പ്രളയ ദുരന്തത്തില്‍ അകപ്പെട്ട ആയിരത്തില്‍പരം കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായത്തിന്റെ മൂന്നാം ഘട്ട വിതരണവും സൗജന്യ ഇന്‍ഷുറന്‍സ് പോളിസിയുടെ വിതരണോദ്ഘാടനവും നടത്തി. ചടങ്ങില്‍ പങ്കെടുത്ത പ്രളയ ബാധിത കുടുംബങ്ങള്‍ക്ക് സമ്മാനമായി പ്രഷര്‍ കുക്കര്‍ മാര്‍ ജോര്‍ജ് പാനികുളം വിതരണം ചെയ്തു. നിറവിന്റെ തികവില്‍ നിന്നാണ് പങ്കുവയ്ക്കല്‍ സംഭവിക്കേണ്ടതെന്നും പരസ്പരം സഹായിക്കാനുള്ള മനസ് ക്രൈസ്തവികതയുടെ മുഖമുദ്രയാണെന്നും മാര്‍ പാനികുളം പറഞ്ഞു.
ആയിരക്കണക്കിന് പ്രളയബാധിത കുടുംബങ്ങളെ ദത്തെടുത്ത ഇരിങ്ങാലക്കുട രൂപതയിലെ വിവിധ ഇടവകകള്‍ക്കുള്ള ഉപഹാരം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിതരണം ചെയ്തു. മോണ്‍. ആന്റോ തച്ചില്‍, ചാലക്കുടി ഫൊറോന വികാരി ഫാ. ജോസ് പാലാട്ടി, ഫിനാന്‍സ് ഓഫീസര്‍ ഫാ. വര്‍ഗ്ഗീസ് അരിക്കാട്ട്, പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ വിമല സിഎംസി, ജോര്‍ജ് ഡി. ദാസ്, ജിജി മാമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.
കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍, മാള ഫൊറോന വികാരി ഫാ. വര്‍ഗീസ് ചാലിശ്ശേരി, എടത്തിരുത്തി ഫൊറോന വികാരി റവ. ഡോ. വര്‍ഗീസ് അരിക്കാട്ട്, സിസ്റ്റര്‍ ആന്‍ മേഴ്സി സിപിഎസ് തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ഫാ. സീജോ ഇരിമ്പന്‍, ഫാ. അനൂപ് കോലങ്കണ്ണി, സിസ്റ്റര്‍ ലിന്‍സി ഒപി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Advertisement