അരികിടിഞ്ഞ പുത്തന്‍തോട് കെ.എല്‍.ഡി.സി. കനാല്‍ബണ്ട് റോഡ് പുനര്‍നിര്‍മ്മിക്കണമെന്നാവശ്യം

351

കരുവന്നൂര്‍: പ്രളയത്തില്‍ തകര്‍ന്ന കെ.എല്‍.ഡി.ഡി. കനാലിനോട് ചേര്‍ന്നുള്ള ബണ്ട് റോഡിന്റെ അരിക് ഇടിഞ്ഞത് പുനര്‍നിര്‍മ്മിക്കണമെന്നാവശ്യം. കരുവന്നൂര്‍ പുത്തന്‍ തോടിനോട് ചേര്‍ന്നുള്ള ബണ്ട് റോഡാണ് അരികിടിഞ്ഞ് അപകട ഭീഷണി ഉയര്‍ത്തുന്നത്. കഴിഞ്ഞ പ്രളയകാലത്താണ് ബണ്ട് റോഡിന്റെ അരിക് തോട്ടിലേക്ക് ഇടിഞ്ഞ് താഴ്ന്നത്. പലയിടത്തും മരങ്ങളടക്കമുള്ളവ തോട്ടിലേക്ക് മറിഞ്ഞുകിടക്കുകയാണ്. എന്നാല്‍ പ്രളയം കഴിഞ്ഞ് എട്ടുമാസമായിട്ടും ബണ്ട് ബലപ്പെടുത്തുവാന്‍ യാതൊരു നടപടികളും കെ.എല്‍.ഡി.സി. അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ആരും ഇതുവരെ അന്വേഷിക്കാനെത്തിയിട്ടില്ല. പലയിടത്തും ഇപ്പോഴും ഇടിയാറായി നില്‍ക്കുകയാണ്. ഇതിനുമുകളിലൂടെയാണ് വാഹനഗതാഗതം. അതിനാല്‍ അടിയന്തിരമായി ബണ്ട് പുനര്‍നിര്‍മ്മിച്ച് യാത്രക്കാരുടേയും സമീപവാസികളുടേയും ആശങ്കകള്‍ അകറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ഷിയാസ് പാളയംകോട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ബണ്ട് റോഡിന്റെ സ്ഥിതി നേരിട്ട് വിലയിരുത്തുന്നതിന് സ്ഥലം സന്ദര്‍ശിക്കണമെന്നും ഷിയാസ് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രളയത്തില്‍ കെ.എല്‍.ഡി.സി. കനാല്‍ ബണ്ടുകള്‍ക്കുണ്ടായ കേടുപാടുകളെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചീട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ എന്തുചെയ്യണമെന്ന് നിര്‍ദ്ദേശമൊന്നും ഇതുവരെ ലഭിച്ചീട്ടില്ല. ഫണ്ടും ലഭ്യമായിട്ടില്ല. ഉണ്ടായിരുന്ന ഫണ്ടുപയോഗിച്ച് കെ.എല്‍.ഡി.സി. അത്യാവശ്യം ചില സ്ഥലങ്ങളില്‍ അറ്റകുറ്റപണികള്‍ നടത്തിയിട്ടുണ്ട്. ഇനി മുകളില്‍ നിന്നും അനുമതിയും ഫണ്ടും ലഭിച്ചെങ്കില്‍ മാത്രമെ ബണ്ട് ബലപ്പെടുത്തുന്നതടക്കമുള്ള പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ സാധിക്കുകയൊള്ളൂവെന്നും അവര്‍ വ്യക്തമാക്കി.

 

Advertisement