ചേലൂര്‍ ചന്ദനമാരിയമ്മന്‍ കോവില്‍ അമ്മന്‍കൊട മഹോത്സവം ഭക്തിനിര്‍ഭരം

841

ഇരിങ്ങാലക്കുട : ചേലൂര്‍ ചന്ദനമാരിയമ്മന്‍ കോവില്‍ അമ്മന്‍കൊട മഹോത്സവം ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.ചൊവ്വാഴ്ച വൈകീട്ട് കോമരങ്ങള്‍ നിറഞ്ഞാടിയ തെരുവുകളില്‍ രക്തവര്‍ണം ചാലിച്ചുകൊണ്ട് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍നിന്ന് സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഭക്തസംഘം സത്യകരകം എഴുന്നുള്ളിച്ചു.ഉടുക്കുപാട്ട്, നാദസ്വരം എന്നിവയുടെ താളത്തില്‍ വൃതശുദ്ധിയോടെ കോമരങ്ങള്‍ തുള്ളിയാടിയപ്പോള്‍ കാഴ്ചയ്ക്ക് കൗതുകവും ഭക്തിയും പകര്‍ന്നു. തുടര്‍ന്ന് പുലര്‍ച്ചെ പൊങ്കല്‍, മാവിളക്ക്, കുരുതി, പടുക്ക തുടങ്ങി പുരാണകഥാ സംബന്ധിയായ ആചാരങ്ങള്‍ നടന്നു.ബുധനാഴ്ച ചന്ദനമാരിയമ്മയുടെ മുന്നില്‍ ദേവിയുടെയും ഉപദേവതകളുടെയും പ്രതിപുരുഷന്മാര്‍ മഞ്ഞളില്‍ നീരാടിയപ്പോള്‍ കാണികളുടെ കണ്ണുകളും മനവും ഒരുപോലെ നിറഞ്ഞു. 41 ദിവസം നീണ്ട കഠിനവ്രതം അനുഷ്ഠിച്ചെത്തിയ പ്രതിപുരുഷന്മാര്‍ മഞ്ഞളോഴിച്ച് തിളച്ചു മറിയുന്ന ജലം ശരീരത്തില്‍ തളിക്കുകയും ഭക്തിയുടെ പാരമ്യത്തില്‍ ചുവടുവയ്ക്കുകയും ചെയ്തു. ആദ്യം നീരാടിയത് ദേവിയുടെ പ്രതിനിധിയായ വെളിച്ചപ്പാടായി തെരഞ്ഞെടുത്തയാളാണ്.പ്രതിപുരുഷന്മാര്‍ നീരാടാന്‍ ഉപയോഗിച്ച ആരിവേപ്പിന്റെ ഒരു തണ്ടെങ്കിലും കിട്ടുന്നതിനായി കൈകള്‍ നീട്ടി ഭക്തജനങ്ങള്‍ കാത്തിരുന്നു. തുടര്‍ന്ന് കുരുതിയര്‍പ്പിച്ച് തിരുനടയയടച്ചതോടെ അമ്മന്‍കൊടയ്ക്ക് സമാപനമായി. ഇനി ഏഴാം ദിവസമാണ് നടതുറപ്പ്. തമിഴ്‌നാടിലെ ക്ഷേത്രങ്ങളിലെ ആചാരത്തിലുള്ള കേരളത്തിലെ ഇത്തരം ചുരുക്കംചില ക്ഷേത്രങ്ങളിലെന്നാണ് ഇരിങ്ങാലക്കുട ചേലൂരിലെ ചന്ദനമാരിയമ്മന്‍ കോവില്‍.

Advertisement