ക്ഷേത്രഭൂമികളുടെ കയ്യേറ്റം പലരുടേയും അറിവോടുകൂടി:മന്ത്രി കടകം പിള്ളി സുരേന്ദ്രന്‍

320

ഇരിങ്ങാലക്കുട: ക്ഷേത്രഭൂമികളുടെ കയ്യേറ്റങ്ങള്‍ അറിയാതെ സംഭവിച്ചതാണെന്ന് പറയുന്നത് തെറ്റാണെന്നും പലരുടേയും അറിവോടു കൂടി തന്നെയാണ് അത് സംഭവിക്കുന്നതെന്നും ദേവസ്വം വകുപ്പുമന്ത്രി കടകംപിള്ളി സുരേന്ദ്ന്‍ പറഞ്ഞു.ഇരിങ്ങാലക്കുട ശ്രീകൂടല്‍മാണിക്യം ദേവസ്വം നിര്‍മ്മിക്കുന്ന ആധുനിക രീതിയിലുള്ള ഷോപ്പിങ്ങ് കോംപ്ലക്‌സിന്റെ ശിലാസ്ഥാപന കര്‍മ്മം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .നല്ല നിശ്ചദാര്‍ഢ്യവും തികഞ്ഞ ലക്ഷ്യബോധവും അര്‍പ്പണ മനോഭാവവും ചെയ്യുന്ന പ്രവര്‍ത്തിയോടുള്ള നൂറുശതമാനം സത്യസന്ധതയും ഉണ്ടെങ്കില്‍ മാത്രമേ കയ്യേറിയ ഭൂമിയുടെ ഒരു ഭാഗമെങ്കിലും തിരിച്ചു പിടിക്കാനാവൂ എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.അധികാരത്തിലെത്തി ഒരു വര്‍ഷം തികയുന്ന ഇന്ന് പുതുതായി തെരഞ്ഞെടുത്ത കൂടല്‍മാണിക്യം ദേവസ്വം ഭരണസമിതിക്ക് ഒരു പൊന്‍ തൂവലായി മാറി മന്ത്രിയുടെ വാക്കുകള്‍ .
.ഠാണാ ജംഗ്ഷനു സമീപം ജനറല്‍ ഹോസ്പിറ്റലിന് എതിര്‍ വശത്ത് 5 നില കെട്ടിടത്തിന്റെ ആദ്യഘട്ടം 3 നില ഷോപ്പിങ്ങ് കോംപ്ലക്‌സിന്റെ ശിലാസ്ഥാപനമാണ് നടന്നത്. എം.എല്‍.എ പ്രൊഫ.കെ.യു.അരുണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ദേവസ്വം എഞ്ചിനിയര്‍ കണ്‍സള്‍ട്ടന്റ് പ്രൊഫ.വി.കെ.ലക്ഷ്മണന്‍ നായര്‍ പദ്ധതി വിശദീകരണം നടത്തി.മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ആശംസകള്‍ അര്‍പ്പിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ സംഗീത ഫ്രാന്‍സിസ്,കൗണ്‍സിലര്‍ പി.വി.ശിവകുമാര്‍ ,എന്‍.പി പരമേശ്വരന്‍ നമ്പൂതിരിപ്പാട്,ഭരതന്‍ കണ്ടേങ്കാട്ടില്‍,അഡ്വ.രാജേഷ് തമ്പാന്‍,കെ.ജി.സുരേഷ് ,കെ.എ പ്രേമരാജന്‍,എ.വി.ഷൈന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.ദേവസ്വം ചെയര്‍മാന്‍ യു.പ്രദീപ് മേനോന്‍ സ്വാഗതവും അഡ്മിനിസ്‌ട്രേറ്റര്‍ എ.എം.സുമ നന്ദിയും പറഞ്ഞു.

Advertisement