ഇരിങ്ങാലക്കുട: ഠാണാവില്‍ പ്രവര്‍ത്തിക്കുന്ന ഇരിങ്ങാലക്കുട സബ്ബ് റജിസ്ട്രാര്‍ ഓഫീസ് ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനിലേക്ക് മാറ്റാനുള്ള നടപടികള്‍ വൈകുന്നു. ശോച്യാവസ്ഥയില്‍ നില്‍ക്കുന്ന കെട്ടിടത്തില്‍ നിന്നും സിവില്‍ സ്റ്റേഷനില്‍ പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിലേക്ക് മാറ്റാനുള്ള നടപടികളാണ് വൈകുന്നത്. കാലങ്ങളായി ശോച്യാവസ്ഥയിലാണ് ഠാണാവിലെ സബ്ബ് റജിസ്ട്രാര്‍ ഓഫീസ് കെട്ടിടം. എ.കെ.പി. ബില്‍ഡിങ്ങിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ മഴ പെയ്താല്‍ ചുമരുകള്‍ കുതിരും. കെട്ടിടത്തില്‍ പലയിടത്തും വീഴാതിരിക്കാന്‍ മുളകൊണ്ട് കുത്തുകൊടുത്തിരിക്കുകയാണ്. ഇതുമൂലം സബ്ബ് റജിസ്ട്രാര്‍ ഓഫീസില്‍ ജോലി ചെയ്യുന്നവരും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരുമെല്ലാം ഒരുപോലെ അപകട ഭീതിയിലാണ്. കെട്ടിടത്തിന്റെ ദുരവസ്ഥ കണ്ട് ഒരു വര്‍ഷം മുമ്പ് സിവില്‍ സ്റ്റേഷനിലെ പുതിയ കെട്ടിടത്തില്‍ സര്‍ക്കാര്‍ സബ്ബ് റജിസ്ട്രാര്‍ ഓഫീസിന് സ്ഥലവും സാധന സാമഗ്രികളും അനുവദിച്ചിരുന്നു. എന്നാല്‍ ഈ കെട്ടിടത്തില്‍ ആര്‍.ഡി.ഒ. ഓഫീസ് പ്രവര്‍ത്തനക്ഷമമായിട്ടും സബ്ബ് റജിസ്ട്രാര്‍ ഓഫീസ് ഇനിയും തുടങ്ങാന്‍ സാധിച്ചീട്ടില്ല. ഒരു വര്‍ഷം പിന്നീട്ടിട്ടും ഓഫീസ് മാറ്റം അനന്തമായി നീളുകയാണെന്നാണ് ആക്ഷേപം. അതിനാല്‍ പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും എപ്പോള്‍ വേണമെങ്കിലും അപകടം സംഭവിക്കാവുന്ന ഇപ്പോഴത്തെ കെട്ടിടത്തില്‍ നിന്നും പുതിയ കെട്ടിടത്തിലേക്ക് സ്ഥാപനം മാറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം. എന്നാല്‍ സബ്ബ് റജിസ്റ്റര്‍ ഓഫീസിനോട് ചേര്‍ന്ന് റെക്കോഡ് റൂം പ്രത്യേകമായി വേണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. അത് ലഭിക്കാന്‍ വൈകിയതാണ് ഓഫീസ് മാറ്റം നീണ്ടുപോയതെന്ന് റജിസ്ട്രാര്‍ പറഞ്ഞു. ഇപ്പോള്‍ അതിനായി സര്‍ക്കാര്‍ ഒരു മുറി കൂടി അനുവദിച്ചിട്ടുണ്ട്. മാത്രമല്ല, വെള്ളം, വെളിച്ചം എന്നിവയെല്ലാം ആര്‍.ഡി.ഒ. ഓഫീസ് പ്രവര്‍ത്തനസജ്ജമായതോടെയാണ് കെട്ടിടത്തില്‍ ലഭ്യമായത്. അതിനാല്‍ വൈകാതെ തന്നെ സിവില്‍ സ്റ്റേഷനിലേയ്ക്ക് ഓഫീസ് മാറ്റുമെന്നും സബ്ബ് റജിസ്ട്രാര്‍ കൂട്ടിച്ചേര്‍ത്തു.